ചൂല് ചില്ലറക്കാരനല്ല; സിംഹമാണ്… സിംഹം !!
ചൂലിന് ആരും വില കല്പിക്കാറില്ല. എന്നും വീടിന്റെ മൂലയ്ക്ക് കിടക്കാനാണ് അതിന്റെ യോഗം. ടൈൽസിട്ട നിലം അടിച്ചുവാരി വൃത്തിയായാൽ പിന്നെ സ്ഥാനം മൂലയ്ക്കു തന്നെ. എന്നാൽ ചൂല് ചില്ലറക്കാരനല്ല എന്ന് കാട്ടിത്തരുകയാണ് ഡാവിഞ്ചി സുരേഷ്.
ചിത്രകാരനും ശില്പിയുമായ സുരേഷ് കൊടുങ്ങല്ലൂർ തിരുവള്ളൂരിലെ വീട്ടിൽ ചൂലുകൾ കൊണ്ട് സിംഹത്തെ ഉണ്ടാക്കിയിരിക്കുകയാണ്. ഇതിന്റെ വീഡിയോ യു ട്യൂബിൽ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. മുപ്പതോളം ഈർക്കിൽ ചൂലും പത്ത് പുൽചൂലും ഇതിനായി ഉപയോഗിച്ചു.മൂന്ന് വളയങ്ങളോടുകൂടിയ ചെറിയ സ്റ്റാൻഡിലാണ് സിംഹത്തിന്റെ തല ഈർക്കിൽ കൊണ്ട് ഡിസൈൻ ചെയ്തിരിക്കുന്നത്.
ഈർക്കിൽ ചൂല് ആവശ്യമുള്ള നീളത്തിൽ മുറിച്ചെടുത്ത് വളയത്തിനകത്ത് കുത്തി കയറ്റിയ ശേഷം പുൽച്ചൂലിൽ നിന്ന് മുറിച്ചെടുത്ത പൂല്ല് ചുറ്റിലും പിടിപ്പിച്ചാണ് സിംഹത്തിന്റെ കഴുത്തിലെ രോമങ്ങൾ ഉണ്ടാക്കിയിരിക്കുന്നത്. റെക്സിൻ ഒട്ടിക്കുന്ന ഫെവിക്കോൾ എസ്.ആർ ഉപയോഗിച്ചാണ് ഒട്ടിച്ചത്. വളയത്തിൽ അടുക്കി വെച്ച് ചുറ്റും റബ്ബർ കയർ ചുറ്റി ചൂലിന്റെ കടഭാഗം കത്തിയും പെൻസിലും കൊണ്ട് കുത്തി താഴ്ത്തിയാണ് മുഖം രൂപകല്പന ചെയ്തത്.
പിന്നീട് രണ്ട് ചെറിയ ബോളുകളിൽ കണ്ണ് വരച്ച് പിടിപ്പിച്ചു.ചെവികളും ഈർക്കിലിൽ ഉണ്ടാക്കി. അത്യാവശ്യത്തിന് ചില ഭാഗങ്ങളിൽ പെയിന്റ് ഉപയോഗിച്ച് വരച്ച് മുഖത്തിന് ഗാംഭീര്യം കൂട്ടിയപ്പോൾ സട കുടഞ്ഞ് എഴുന്നേറ്റ് നിൽക്കുന്ന സിംഹമായി. വീട്ടിലെ വർക്ക്ഷോപ്പിൽ വെൽഡ് ചെയ്യാനും മറ്റുമുള്ള സൗകര്യങ്ങളുണ്ട്. സുരേഷിന്റെ വീട് തന്നെ ചിത്ര- ശില്പ പണിശാലയാണ്. ഇവിടെ എന്നും പുതിയ മീഡിയം ഉപയോഗിച്ച് സുരേഷ് പരീക്ഷണങ്ങൾ നടത്തും.
ഈയിടെ വിറക് കാർപോർച്ചിൽ നിരത്തി വെച്ച് നടൻ പൃഥ്വിരാജിന്റെ മുഖം ഉണ്ടാക്കിയിരുന്നത് സമൂഹമാധ്യമങ്ങളിലും പത്രങ്ങളിലും ചർച്ച ചെയ്യപ്പെട്ടിരുന്നു. ഹാർഡ് ബോഡിൽ 8500 ആണിയടിച്ച് നടൻ ഫഹദ് ഫാസിലിന്റെ രൂപവും ഉണ്ടാക്കിയിരുന്നു. കടലാസിൽ തേനും ശർക്കരയും പുരട്ടി വെച്ച് ഉറുമ്പുകളെക്കൊണ്ട് സ്വന്തം ചിത്രം വരപ്പിക്കുകയും ചെയ്തിരുന്നു.