മൂകാംബികയിലെ രഥം: ശില്പി ലക്ഷ്മി നാരായാണാചാർക്ക് കർമ്മ സായൂജ്യം
ഡോ. വി. ജയരാജൻ
ലക്ഷ്മീ നാരായണാചാരുടെ കൈവിരുതിലൂടെ പൂർത്തിയായത് ചെറുതും വലുതുമായ അമ്പതോളം ദേവ രഥങ്ങൾ. എൺപത്തിരണ്ടുകാരനായ രാജശില്പി ഇപ്പോൾ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലേക്കുള്ള രഥവും പൂർത്തിയാക്കിയിരിക്കുന്നു. ഇത് ഈയിടെ ക്ഷേത്രത്തിൽ സമർപ്പിച്ചു. രണ്ട് വർഷക്കാലത്തെ വ്രതവും കഠിന പ്രയത്നവും സാഫല്യമായി. രഥം ഇനി മുതൽ കൊല്ലൂർ മൂകാംബിക ഭക്തർക്ക് ദർശന സായൂജ്യം നൽകും. മാർച്ച് 15-ന് ക്ഷേത്ര രഥോത്സവത്തിൽ മൂകാംബികാദേവി ഈ രഥത്തിലാണ് എഴുന്നള്ളുക.
അരനൂറ്റാണ്ടിലേറെയായി രഥ നിർമ്മാണം മാത്രമാണ് ഈ ദേവ ശിൽപ്പി ചെയ്യുന്നത്. കർണ്ണാടകത്തിലെ കുന്താപുരത്തിനടുത്ത കോട്ടേശ്വർ എന്ന സ്ഥലത്താണ് ലക്ഷ്മീ നാരായണാചാർ താമസിക്കുന്നത്. ദാരുരഥങ്ങളാൽ സമ്പന്നമായ ക്ഷേത്രങ്ങൾ ഏറെയുള്ള പ്രദേശങ്ങളാണ് ദക്ഷിണ കർണ്ണാടക, ഉഡുപ്പി, ഉത്തര കർണ്ണാടക തുടങ്ങിയവ . അതു കൊണ്ടു തന്നെ ക്ഷേത്രാവശ്യങ്ങൾക്ക് വേണ്ടി രഥങ്ങൾ നിർമ്മിക്കുന്നതിൽ ചെറിയ പ്രായത്തിൽ തന്നെ പ്രാവിണ്യം നേടി ഉഡുപ്പിക്കടുത്ത കോട്ടേശ്വർ സ്വദേശിയായ ലക്ഷ്മി നാരായണാചാർ.
തലമുറകളായി ദാരുശില്പ കലയിൽ പ്രാവിണ്യം നേടിയവരായിരുന്നു മുൻതലമുറ. അദ്ദേഹത്തിൻ്റെ അച്ഛൻ രാമാചാരി, മുത്തച്ഛൻ ചിക്കാചാരി. രണ്ടു പേരും അവരുടെ സഹോദരങ്ങളും മക്കളുമെല്ലാം ദാരു ശില്പ നിർമ്മാണത്തിൽ പേരു കേട്ടവർ. കർണ്ണാടകത്തിലെ
ഉഡുപ്പി, കുന്താപുരം, ഹൊസനഗര, ധർമ്മസ്ഥല, തീർത്ഥ ഹള്ളി തുടങ്ങിയവയൊക്കെ ദാരുശില്പങ്ങൾക്ക് ഏറെ പേര് കേട്ട പ്രദേശങ്ങളാണ്. ദാരുശില്പികളുടെ കരവിരുത് ഇവിടുത്തെ ഭവനങ്ങളിലും ക്ഷേത്രങ്ങളിലും ആലേഖനം ചെയ്യപ്പെട്ടിട്ടണ്ട്.
രഥം പല തരത്തിലുണ്ട്. പണ്ട് കാലത്ത് പൊതുവെ ചെറിയ രഥമായിരുന്നു വിഗ്രഹം എഴുന്നള്ളിക്കാൻ ഉപയോഗിച്ചിരുന്നത്. ഇപ്പോൾ ചെറിയ ക്ഷേത്രങ്ങൾ വരെ വലിയ രഥം ക്ഷേത്രാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നു. മംഗലാപുരത്തിന്നടുത്ത കുക്കെ സുബ്രഹ്മണ്യത്തെ രഥം വലിയ രഥങ്ങളിലൊന്നാണ്. തേക്കാണ് രഥ നിർമ്മാണത്തിന് ഏറ്റവും കൂടുതൽ
ഉപയോഗിക്കുന്ന മരം. ചിതലിൻ്റേയും മറ്റ് കീടങ്ങളുടേയും ഉപദ്രവമില്ലാ
തിരിക്കാൻ തേക്കാണ് ഏറ്റവും ഉചിതം. കൊത്തു പണികൾക്കും, ശില്പ നിർമ്മാണത്തിനും പറ്റിയ മരം പ്ലാവാണ്. വിഗ്രഹം വെക്കുന്ന പീഠവും അലങ്കാരങ്ങളുമൊക്കെ പ്ലാവിൽ തീർക്കുന്നു. രഥചക്രം ഉരുപ്പ് മരം കൊണ്ടാണ് നിർമ്മിക്കുന്നത്.
നൂറ് വർഷത്തിന് മുകളിൽ പ്രായമുള്ള മരങ്ങൾ മാത്രമെ രഥ നിർമ്മാണത്തിന് തെരഞ്ഞെടുക്കൂ. അതും കേടുപാടുകളില്ലാത്തതും വെള്ളയില്ലാത്തതുമായ ഭാഗം മാത്രം. ഇനിയുമുണ്ട് ഏറെ പ്രത്യേകതകൾ. ഏത് ദേവിക്കാണോ ദേവനാണോ സമർപ്പിക്കുന്നത്. ആ ദേവൻ്റെയോ ദേവിയുടേയോ നക്ഷത്ര ത്തിലാണ് ദേവരഥം പണി തുടങ്ങുന്നത്. മുഹൂർത്തം ജ്യോതിഷർ ഗണിക്കുന്നതനുസരിച്ചായിരിക്കും.
പ്രധാനമായി എട്ട് തരത്തിലുള്ള രഥങ്ങളുണ്ടെന്ന് ആചാർ പറയുന്നു. നാട്ടു ഭാഷയിൽ വിജയരഥം, കാന്തരഥം, വിശാലരഥം, ശ്രീവിശാല രഥം, ബുധരഥം, ശ്രീകരരഥം, മാനസ രഥം, നിബന്ധരഥം എന്നിവയാണത്.
ആറ് രൂപയായിരുന്നു ആദ്യം പണിയുമ്പോൾ ദിവസം പ്രതി കിട്ടിയിരുന്നത്. ഇന്നത് ആയിരം രൂപയിൽ എത്തി നിൽക്കുകയാണ്. ഏതാണ്ട് മുപ്പതോളം പേരാണ് ഇദ്ദേഹത്തിൻ്റെ കീഴിൽ രഥ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്നത്. പണ്ട് എല്ലാം കൈക്കൊണ്ട് ചെയ്തിരുന്ന സ്ഥാനത്ത് സി.എൻ.സി ഉൾപ്പെടെ നിരവധി യന്ത്രങ്ങൾ ശിൽപികൾക്ക് സഹായമായുണ്ട്.
ഇന്ത്യയിൽ കരകൗശല വിദഗ്ദ്ധര്‍ക്കു ലഭിക്കുന്ന ദേശീയ അവാർഡ് ലക്ഷ്മി നാരായണാചാറെ തേടി വന്നിട്ടുണ്ട്. കർണ്ണാടക സർക്കാരിൻ്റെ രാജ്യോത്സവ അവാർഡ് ഉൾപ്പെടെ നിരവധി മറ്റവാർഡുകളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ലക്ഷ്മീ നാരായണാചാരുടെ വരും തലമുറയിലേക്കും നീളുന്നു ദാരുശില്പ വൈദഗ്ദ്ധ്യം. രാജശില്പിയുടെ മകൻ കോട്ടേശ്വര രാജഗോപാൽ ആചാരും അച്ഛൻ്റെ വഴിയിൽ രഥനിർമ്മാണത്തിൽ തന്നെ യാണ്, പാരമ്പര്യത്തനിമ കൈമോശം വരാതെ.