ഗുരുവായൂരിൽ ഭക്തർക്ക് കൗതുക കാഴ്ച്ചയൊരുക്കി കുത്തിയോട്ടം
ഗുരുവായൂർ ക്ഷേത്ര ഉത്സവാഘോഷത്തിനിടയിൽ നടന്ന കുത്തിയോട്ടം ഭക്തർക്ക് പുതിയ അനുഭവമായി.വർഷങ്ങളുടെ ഇടവേളക്ക് ശേഷം ഗുരുവായൂർ ഉത്സവ വേദിയിലെത്തിയ കുത്തിയോട്ടമെന്ന അനുഷ്ഠാന കലയെ ആസ്വാദകർ ഹൃദയത്തിലേറ്റി. ചെട്ടികുളങ്ങര
ശിവജ കുത്തിയോട്ട സമിതിയാണ് ഇത് അവതരിപ്പിച്ചത്. വൈഷ്ണവം വേദിക്ക് സമീപമുള്ള തറയോട് പാകിയ നിലത്തായിരുന്നു കുത്തിയോട്ട സംഘം ചുവട് വെച്ചത്.
ദേവീസ്തുതിയോടെയായിരുന്നു തുടക്കം. കുട്ടികൾ ഉൾപ്പെടെ 20 കലാകാരന്മാർ ചുവട് വെച്ചു. നിശ്ചിത ക്രമത്തിലുള്ള വായ്ത്താരി(താനവട്ടം) അകമ്പടിയായി. ഗുരുവായൂരപ്പനെ പ്രകീർത്തിക്കുന്ന ഗാനങ്ങളും അവതരിപ്പിച്ചു. താന വട്ടവും പാട്ടും ചുവടും സമന്വയിച്ച കലാരൂപം ആസ്വാദകർക്ക് ദൃശ്യ-ശ്രാവ്യ വിരുന്നായി. ശശികുമാർ കൈപ്പള്ളിൽ ആശാൻ്റെ നേതൃത്വത്തിലാണ് ശിവജ കുത്തിയോട്ട സമിതി പരിപാടി അവതരിപ്പിച്ചത്.
മാവേലിക്കര ചെട്ടികുളങ്ങര ദേവീ ക്ഷേത്രവുമായി ബന്ധപ്പെട്ട അനുഷ്ഠാന കലയാണ് കുത്തിയോട്ടം .അസുര നിഗ്രഹം കഴിഞ്ഞ് പരമശിവനാൽ ശാന്തയാക്കപ്പെട്ട ഭദ്രകാളി ദേവിയെ ആനന്ദിപ്പിക്കുന്നതിനു വേണ്ടി കുട്ടികൾ നടത്തുന്ന നൃത്തമാണ് കുത്തിയോട്ട ചുവടുകൾ. കുത്തിയോട്ടം അവതരിപ്പിച്ച ശിവജ സമിതിക്ക് ദേവസ്വം ചെയർമാൻ ഡോ. വി.കെ.വിജയൻ, ഭരണ സമിതി അംഗം സി.മനോജ് എന്നിവർ ഉപഹാരം നൽകി
ഒരു ചെറിയ വിഡിയോ ഉൾപ്പെടുത്താമായിരുന്നു.