കുടുംബശ്രീ സംസ്ഥാന കലോത്സവം’അരങ്ങ് 2025′ തുടങ്ങി

ലഹരി പോലുള്ള അധമ സംസ്‌കാരത്തിനെതിരേ പോരാടാൻ  സ്ത്രീകളേപ്പോലെ മറ്റാർക്കും കഴിയില്ലെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ആറാമത്  സംസ്ഥാന കലോത്സവം ‘അരങ്ങ്- 2025 കോട്ടയം സെൻ്റ് മേരീസ് പാരിഷ് ഹാളിൽ  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്ത്രീകളുടെ സാമൂഹികവും സാമ്പത്തികവും സാംസ്‌കാരികവുമായ ഉന്നമനം ലക്ഷ്യമിട്ട് തുടങ്ങിയ കുടുംബശ്രീ ഇന്ന് രാജ്യത്തെ ഏറ്റവും വലിയ വനിതാ കൂട്ടായ്മയായി മാറി. പങ്കാളിത്തം കൊണ്ടും സംഘാടക മികവുകൊണ്ടും സംസ്ഥാനം ശ്രദ്ധിക്കുന്ന ഒന്നായി കുടുംബശ്രീ കലോത്സവം മാറിയെന്നും അദ്ദേഹം പറഞ്ഞു.

സർക്കാർ ചീഫ് വിപ്പ് ഡോ.എൻ. ജയരാജ്  അധ്യക്ഷത വഹിച്ചു.  എം.എൽ.എമാരായ  അഡ്വ.മോൻസ് ജോസഫ്, സി.കെ ആശ,  അഡ്വ.ജോബ് മൈക്കിൾ,  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ, ജില്ലാ കളക്ടർ ജോൺ വി. സാമുവൽ തുടങ്ങിയവർ പങ്കെടുത്തു.

പതിനാല് വേദികളിലായി  49 ഇനങ്ങളിൽ നടക്കുന്ന മത്സരത്തിൽ  ജൂനിയർ സീനിയർ വിഭാഗങ്ങളിലായി 3500 ലേറെ മത്സരാർത്ഥികൾ പങ്കെടുക്കും. അതിരമ്പുഴ സെന്റ് മേരീസ് പാരിഷ് ഹാളാണ് പ്രധാന വേദി. സെന്റ് അലോഷ്യസ് എച്ച്.എസ് ഓപ്പൺ സ്റ്റേജ്, എ.സി പാരിഷ് ഹാൾ, വിശ്വമാതാ ഓഡിറ്റോറിയം, സെന്റ് അലോഷ്യസ് എൽ.പി സ്‌കൂൾ, സെന്റ് മേരീസ് ഗേൾസ് യു.പി സ്‌കൂൾ എന്നിവയാണ് സ്റ്റേജ് ഇനങ്ങളുടെ വേദികൾ.