കുടുംബശ്രീ കലോത്സവത്തിന് കാസർകോട്ട് അരങ്ങുണർന്നു
കുടുംബശ്രീ അയല്‍ക്കൂട്ട, ഓക്‌സിലറി അംഗങ്ങളുടെ സംസ്ഥാന കലോത്സവത്തിന് സപ്തഭാഷാ സംഗമ ഭൂമിയായ കാസർകോട്ട് വർണ്ണാഭമായ തുടക്കം. പ്രധാന വേദിയായ കാലിക്കടവ് മൈതാനിയിൽ നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
എം.എല്‍.എയും കലോത്സവ സംഘാടക സമിതി ചെയര്‍മാനുമായ എം.രാജഗോപാലന്‍ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക്, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ എന്നിവർ സംസാരിച്ചു. ഉദ്ഘാടനത്തിന് മുന്നോടിയായി നടന്ന ഘോഷയാത്രയിൽ ആയിരക്കണക്കിന് വനിതകൾ അണിനിരന്നു.
ആദ്യ ദിനത്തില്‍ നിലവിലെ ചാമ്പ്യന്മാരായ കാസർകോട് 105 പോയിൻ്റോടെ ഒന്നാം സ്ഥാനത്താണ്. 86 പോയിൻ്റുമായി കണ്ണൂർ രണ്ടാം സ്ഥാനത്തും 51 പോയിൻ്റോടെ പാലക്കാട് മൂന്നാം സ്ഥാനത്തുമാണ്.
മൂന്ന് ദിവസെത്തെ കലോത്സവത്തിൽ 14 വേദികളിലായി 95 മത്സരങ്ങള്‍ നടക്കും. 3500 കലാ പ്രതിഭകൾ മാറ്റുരയ്ക്കും. കുടുംബശ്രീ എ.ഡി.എസ്, സി.ഡി.എസ്, താലൂക്ക്, ജില്ലാതല മത്സരങ്ങളില്‍ വിജയിച്ച മത്സരാര്‍ത്ഥികളാണ് സംസ്ഥാനതല മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. രാവിലെ 10 മുതലാണ് മത്സരങ്ങൾ. കുടുംബശ്രീ യൂട്യൂബിലും ഫേസ്ബുക്കിലും മത്സരങ്ങൾ തത്സമയം കാണാം.