കേരള സ്ക്കൂൾ കലോത്സവ കിരീടം കോഴിക്കോടിന്
കേരള സ്ക്കൂൾ കലോത്സവ കിരീടം കോഴിക്കോടിന്. വാശിയേറിയ മത്സരത്തില്‍ 945 പോയിന്റു നേടിയാണ് കോഴിക്കോട് കലാ കിരീടം ചൂടിയത്. 925 പോയൻ്റുമായി കണ്ണൂരും പാലക്കാടും രണ്ടാം സ്ഥാനം പങ്കിട്ടു. 915 പോയൻ്റുമായി തൃശ്ശൂർ മൂന്നാം സ്ഥാനത്തെത്തി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 446 പോയിന്റുമായി കോഴിക്കോട് ഒന്നാമതെത്തി. 443 പോയിൻ്റു നേടി പാലക്കാട് രണ്ടാമതെത്തി. 436 പോയിന്റുമായി തൃശ്ശൂര്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കി.
ഹയർ സെക്കന്‍ഡറി വിഭാഗത്തില്‍ 500 പോയിന്റുമായി കണ്ണൂർ ഒന്നാം സ്ഥാനവും 499 പോയിന്റുമായി കോഴിക്കോട് രണ്ടാംസ്ഥാനവും നേടി. 482 പോയിന്റുമായി പാലക്കാട് മൂന്നാമതെത്തി. കേരള സ്കൂൾ കലോത്സവം കോഴിക്കോടിന്റെ മഹോത്സവമായി മാറിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. സ്ക്കൂൾ കലോത്സവത്തിന്റെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോഴിക്കോടിന്റെ പെരുമയും തനിമയും ഒരുമയും എല്ലാം വിളിച്ചോതിയ കലോത്സവമാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു. പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. കേരള സ്കൂൾ കലോത്സവ മത്സരങ്ങൾ പരാതികൾ ഇല്ലാതെ മികച്ചരീതിയിൽ സമയബന്ധിതമായി നടപ്പാക്കാൻ സാധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസ മന്ത്രി വി.ശിവൻ കുട്ടി സമ്മാനദാനം നിർവഹിച്ചു. കലോത്സവ നാളുകളിൽ ഇത്രയും വിദ്യാർത്ഥികൾ അടങ്ങുന്ന സമൂഹത്തെ ഊട്ടുന്നത് ചരിത്രമാകുമെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത തവണ വേൾഡ് റെക്കോർഡ് അധികൃതരെ അറിയിച്ച് കലോത്സവം നടത്താനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സംഘാടക മികവുകൊണ്ടും ജനപങ്കാളിത്തം കൊണ്ടും പിന്തുണ കൊണ്ടും ഉജ്ജ്വല വിജയം നേടിയ കലോത്സവമാണിതെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. കലോത്സവ സുവനീർ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ക്യാപ്റ്റൻ വിക്രമിന്റെ മാതാപിതാക്കളെ ചടങ്ങിൽ മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, വി.ശിവൻ കുട്ടി എന്നിവർ ചേർന്ന് ആദരിച്ചു. തുറമുഖം – പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ, വനം മന്ത്രി എ.കെ. ശശീന്ദ്രൻ എന്നിവർ ചേർന്ന് വിവിധ സബ്കമ്മിറ്റികളുടെ കൺവീനർമാർ, വിദ്യാർത്ഥികൾ എന്നിവർക്ക് ഉപഹാരം നൽകി. ഗായിക കെ.എസ്. ചിത്ര പ്രത്യേക ക്ഷണിതാവായിരുന്നു.