നിറഞ്ഞു കവിഞ്ഞ് സ്ക്കൂൾ കലോത്സവ വേദികൾ

കൗമാര കലാ മാമാങ്കത്തിന് തിരിതെളിഞ്ഞതോടെ മത്സരം കാണാൻ ഒഴുകിയെത്തിയത് പതിനായിരങ്ങൾ. അറുപത്തിയൊന്നാമത് കേരള സ്കൂൾ കലോത്സവത്തിലെ മത്സരങ്ങൾ നടക്കുന്ന 24 വേദികളിലേക്കും രാവിലെ മുതൽ കലാസ്വാദകരുടെ ഒഴുക്കായിരുന്നു. വേദിക്കും പുറത്തും ജനം തടിച്ചുകൂടിയതോടെ ആകെ ഉത്സവച്ഛായയാണ് എങ്ങും.

മത്സരാർത്ഥികൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവർക്ക് പുറമേ കോഴിക്കോടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരും മറ്റു ജില്ലകളിലുളളവരും കലോത്സവം ആഘോഷമാക്കി മാറ്റുകയാണ്. രാവിലെ മുതൽ വേദികൾ ജനനിബിഡമായിരുന്നു. പ്രവൃത്തി ദിവസമായിട്ടു പോലും കുട്ടികളും സ്ത്രീകളുമടക്കം നിരവധി പേരാണ് കലോത്സവ നഗരിയിലെത്തിയത്.

ഹയർസെക്കന്ററി വിഭാഗം നാടോടി നൃത്തത്തോടെയാണ് പ്രധാന വേദിയായ വിക്രം മൈതാനിയിൽ മത്സരങ്ങൾ ആരംഭിച്ചത്. മലബാറിന്റെ മാപ്പിള കലാരൂപമായ ഒപ്പനയും വേദിയിൽ അരങ്ങേറി. ഹൈസ്കൂൾ വിഭാഗം ഒപ്പന മത്സരം ആരംഭിച്ചതോടെ വിക്രം മൈതാനിയി ജനസാഗരമായി. സീറ്റുകൾ നിറഞ്ഞതോടെ വേദിയുടെ വശങ്ങളിൽ കലാസ്വാദകർ സ്ഥാനം പിടിച്ചു. ദഫ് മുട്ട്, കോൽക്കളി ഉൾപ്പെടെയുള്ളവ നടന്ന വേദികളിലും സ്ഥിതി സമാനമായിരുന്നു.

വേദി രണ്ടിൽ നടന്ന ഹയർസെക്കന്ററി വിഭാഗം നാടക മത്സരം കാണാനും നിരവധി പേരെത്തിയിരുന്നു. കലോത്സവ വേദികളിൽ സുരക്ഷയൊരുക്കാൻ പോലിസും ഇന്ത്യൻ റിസർവ് ബറ്റാലിയനും രംഗത്തുണ്ട്. ഇനി വരുന്ന രണ്ടുനാളുകള്‍ കൂടി കോഴിക്കോട്ടെ കലോത്സവ നഗരിയിലേക്ക് ജനം ഒഴുകിയെത്തും.

Leave a Reply

Your email address will not be published. Required fields are marked *