മലയോരത്തിന് ആവേശമായി പട്ടം പറത്തൽ
തെയ്യത്തിൻ്റെ വർണ്ണ വേഷവും വർണ്ണകിളികളും പട്ടമായി ആകാശത്ത് പറന്നുയർന്നപ്പോൾ കാണികൾ ഹർഷാരവം മുഴക്കി. വൺ ഇന്ത്യ കൈറ്റ് ടീമിന്റെ നേതൃത്വത്തിൽ നടന്ന പട്ടം പറത്തൽ ആളുകൾക്ക് പുതിയ അനുഭവമായിരുന്നു.
കോടഞ്ചേരി പുലിക്കയത്ത് ആഗസ്റ്റ് നാലിന് ആരംഭിക്കുന്ന മലബാർ റിവർ ഫെസ്റ്റിവലിന് മുന്നോടിയായാണ് പൂവാറംതോട് പട്ടം പറത്തൽ നടന്നത്. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് പട്ടം പറത്തി ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ ജെറീന റോയ് അധ്യക്ഷത വഹിച്ചു. മലയോര മേഖലയുടെ ടൂറിസം സാധ്യതകൾ കൂടുതൽ വികസിപ്പിക്കാൻ ഉദ്ദേശിച്ചാണ് പട്ടം പറത്തൽ ഉത്സവം സംഘടിപ്പിച്ചത്.
പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻ വി.എസ്. രവി, വാർഡ് മെമ്പർമാരായ എത്സമ്മ ജോർജ്ജ്, ബിന്ദു ജയൻ, വൺ ഇന്ത്യ കൈറ്റ് ടീം ലീഡർ അബ്ദുള്ള മാളിയേക്കൽ, മലബാർ റിവർ ഫെസ്റ്റിവൽ സംഘാടക സമിതി അംഗം അജു എമ്മാനുവൽ, പൂവാറംതോട് റിസോർട്ട് അസോസിയേഷൻ പ്രസിഡന്റ് കെ.എം. മോഹനൻ, തോമസ് മാത്യു തുടങ്ങിയവർ സംസാരിച്ചു.