കിരാതം കഥകളി കണ്ട് മനസ്സ് നിറഞ്ഞ് യക്ഷഗാന വേദി
സാരഞ്ജിനി ജയരാജ്
യക്ഷഗാന ആസ്വാദകർക്കു മുന്നിൽ കിരാതം കഥകളി അരങ്ങേറിയപ്പോൾ അത് നാട്യത്തിൻ്റെയും മുദ്രയുടെയും ആസ്വാദന വേദി കൂടിയായി. ഉത്തര കർണ്ണാടകത്തിലെ രാഷ്ട്രീയ നാട്യോത്സ വത്തിലാണ് കഥകളി അവതരിപ്പിച്ചത്. ഇഡുഗുഞ്ചി മഹാഗണപതി യക്ഷഗാന മണ്ടലിയുടെ ആഭിമുഖ്യത്തിൽ കെരമന ശംബു ഹെഗ്ഡെ രാഷ്ട്രീയ നാട്യോൽസവത്തിലാണ് പയ്യന്നൂർ ഫോക് ലാൻ്റ് കിരാതം കഥകളി അവതരിപ്പിച്ചത്.
യക്ഷഗാന പ്രതിഭയായ ശംബു ഹെഗ്ഡെയുടെ മരണാനന്തരം അദ്ദേഹത്തിൻ്റെ മകനും യക്ഷഗാന ഗുരുവുമായ കെരമന ശിവാനന്ദ ഹെഗ് ഡെയുടെ നേതൃത്വത്തിലാണ് രാഷട്രീയ നാട്യ ഉത്സവങ്ങൾ അരങ്ങേറുന്നത്. കോവിഡ് മൂലം രണ്ട് വർഷം നടത്താതിരുന്ന ദേശീയ നൃത്ത ഉത്സവത്തിൻ്റെ ഈ വർഷത്തെ ഉദ്ഘാടന ദിനത്തിലാണ് കഥകളി അരങ്ങേറിയത്. അടിസ്ഥാന പരമായി ഫോക് കലാരൂപമായ യക്ഷഗാന വേദിക്ക് ഏറ്റവും അനുയോജ്യമായ കഥയാണ് ഫോക് ലാൻറ് തിരഞ്ഞെടുത്തത്.
പാണ്ഡവന്മാർ ചൂതിൽ തോറ്റ് വനവാസം ചെയ്യുന്ന കാലം. അർജ്ജുനൻ ശത്രുസംഹാരത്തിനായി പാശുപതം എന്ന ദിവ്യാസ്ത്രം പരമശിവനിൽ നിന്നും ലഭിക്കാൻ ശിവനെ തപസ്സ് ചെയ്യാനായി പുറപ്പെടുന്നു. ശിവ പ്രീതിക്കായി അർജുനൻ തെരഞ്ഞെടുത്തത് കൈലാസപർവ്വതത്തിൻ്റെ താഴ് വരയാണ്. അവിടെച്ചെന്ന് അർജുനൻ ഘോരമായ തപസ്സനുഷ്ഠിക്കുന്നു. അർജ്ജുനൻ്റെ തപസ്സിൽ സന്തുഷ്ടരായ ശിവപാർവ്വതിമാർ കാട്ടാളനും കാട്ടാളത്തിയുമായി വേഷം മാറി മക്കളോടും ഭൂതഗണങ്ങളോടും കൂടി അർജ്ജുനൻ്റെ തപസ്സനുഷ്ഠിക്കുന്ന സ്ഥലത്തേക്ക് പുറപ്പെടുന്നു.
ഈ സമയം ദുര്യോധനൻ്റെ നിർദ്ദേശമനുസരിച്ച് അർജ്ജുനനെ വധിയ്ക്കാനായി മൂകാസുരൻ പന്നിയുടെ വേഷത്തിൽ അർജ്ജുനൻ്റെ നേർക്ക് അടുക്കുന്നു. കാട്ടാളൻ മൂകാസുരനുനേരെ അമ്പെയ്ത് വധിക്കുന്നു. അതേസമയം അർജ്ജുനനും മൂകാസുരനു നേരെ അമ്പെയ്യുന്നു. ഇത് ഒരു ശണ്ഠയ്ക്ക് വട്ടം കൂട്ടുന്നു. തുടർന്ന് അവർ തമ്മിൽ യുദ്ധമുണ്ടാകുന്നു. കാട്ടാളവേഷധാരിയായ ശിവന് കോപം വർദ്ധിയ്ക്കുന്നത് കണ്ട് കാട്ടാളത്തി മയപ്പെടുത്താൻ ശ്രമിച്ചിട്ടും നടക്കാതെ വന്നപ്പോൾ അർജ്ജുനനോട് കാട്ടാളൻ ശിവനാണെന്ന് പറഞ്ഞ് യുദ്ധം ഒഴിവാക്കാൻ ശ്രമിയ്ക്കുന്നു.
കാട്ടാള സ്ത്രീയുടെ വാക്കുകളെ പുച്ഛിച്ചു തള്ളിയ അർജ്ജുനൻ വീണ്ടും കാട്ടാളനെ നേരിടുന്നു. കാട്ടാളത്തി അർജ്ജുനൻ്റെ അമ്പുകളെല്ലാം പുഷ്പങ്ങളായി പോകട്ടേയെന്ന് ശപിയ്ക്കുന്നു. ശരപുഷ്പങ്ങളാൽ കാട്ടാളനെ മൂടിയ അർജ്ജുനൻ്റെ ആവനാഴിയിൽ അസ്ത്രമില്ലാതെ പോകട്ടെയെന്ന് കാട്ടാള സ്ത്രീ ശപിക്കുന്നു. അർജ്ജുനനാകട്ടെ, ഗാണ്ഡീവ ചാപം കൊണ്ട് കാട്ടാളൻ്റെ തലയ്ക്കടിയ്ക്കുന്നു. ശിവൻ്റെ തലയ്ക്കുള്ളിൽ അടിയേറ്റ് അവശയായ ഗംഗാദേവി അർജ്ജുനൻ്റെ വില്ല് പിടിച്ച് വാങ്ങുന്നു.
തുടർന്നുണ്ടായ മുഷ്ടിയുദ്ധത്തിൽ കാട്ടാളൻ അർജ്ജുനനെ തൂക്കിയെറിയുന്നു. വീണസ്ഥലത്തുനിന്നും എഴുന്നേറ്റ് അർജ്ജുനൻ മണ്ണുകൊണ്ട് ശിവലിംഗമുണ്ടാക്കി പൂവിട്ട് ആരാധിക്കുന്നു. താനിട്ട പൂവുകൾ എല്ലാം കാട്ടാളന്റെ തലയിൽ കണ്ട് അർജ്ജുനൻ അത്ഭുതപരതന്ത്രനാകുന്നു. കാട്ടാളനും കാട്ടാളത്തിയും രൂപം മാറി സ്വരൂപത്തിൽ-ശിവപാർവ്വതിമാരായി-പ്രത്യക്ഷപ്പെടുന്നു.
അർജ്ജുനനെ അനുഗ്രഹിച്ച് പാശുപതാസ്ത്രം നൽകി മറയുന്നു.
ഇരട്ടക്കുളങ്ങര രാമ വാര്യരാണ് കിരാതം ആട്ടക്കഥ രചിച്ചത്. ഈ ഒരൊറ്റ ആട്ടക്കഥാ രചനയിലൂടെ കഥകളി ആസ്വാദകരുടെ ഹൃദയത്തിൽ ഇടം പിടിച്ച പ്രതിഭയാണ് ആലപ്പുഴ ഇരട്ടക്കുളങ്ങര ദേശക്കാരനായ രാമവാര്യർ. അദ്ദേഹം നല്ലൊരു ചിത്രകാരൻ കൂടിയായിരുന്നു.
കഥകളിയിലെ സാമ്പ്രദായിക വേഷങ്ങൾക്ക് വലിയ പ്രാധാന്യമില്ലാത്ത താണ് കിരാതം കഥ. ഇതിൽപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത് കലാമണ്ഡലം മനോജ് (കാട്ടാളൻ) കലാമണ്ഡലം ശ്രീറാം (അർജുനൻ) കോട്ടക്കൽ പ്രദീപ് (കാട്ടാള സ്ത്രീ) സുരേഷ് ഫോക് ലാൻറ് (ശിവൻ) എന്നിവരാണ്. മറ്റു കഥാപാത്രങ്ങളായി യക്ഷഗാന കലാകാരന്മാരായ ചേതന, ചന്ദന (കുട്ടിക്കാട്ടാളന്മാർ) ഗണപതി കുണപി ( മൂകാസുരൻ ) എന്നിവരും വേഷമിട്ടു .
അഭിജിത് വാര്യരും കലാമണ്ഡലം കാർത്തിക്കുമായിരുന്നു പാട്ടുകാർ. ചെണ്ട കലാമണ്ഡലം ഹരീഷ് മാരാരും മദ്ദളം കലാമണ്ഡലം അനീഷുമായിരുന്നു. ചുട്ടി കലാമണ്ഡലം സുകുമാരൻ. മനേഷ്, രമേഷ് എന്നിവരാണ് അണിയറയിൽ പ്രവർത്തിച്ചത്. രണ്ട് മണിക്കൂർ നീണ്ടു നിന്ന കഥകളി സദസ്സിനെ പിടിച്ചിരുത്തി. കാണികളുടെ ഇടയിൽ നിന്നും ഇറങ്ങി വന്ന കാട്ടാളന്മാർ ആസ്വാദകർക്ക് കൗതുകമായിരുന്നു.