കൗതുകം പകർന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ കുട്ടികളുടെ ആനവര
ഗുരുവായൂർ ദേവസ്വം മാതൃഭൂമിയുമായി സഹകരിച്ച് കുട്ടികൾക്കായി നടത്തിയ ‘കേശവീയം ആനവര’ – ചിത്രരചനാ മത്സരം ശ്രദ്ധേയമായി.
ഗജരാജൻ ഗുരുവായൂർ കേശവനെ നടയിരുത്തിയതിൻ്റെ ശതാബ്ദി ആഘോഷമായ ‘കേശവീയം 2023 ‘ ൻ്റെ ഭാഗമായാണ് മത്സരം നടത്തിയത്. ഗജരാജൻ ഗുരുവായൂർ കേശവനെ വരച്ച് ചിത്രകാരൻ മദനൻ ഉദ്ഘാടനം ചെയ്തു.
മുന്നൂറിലേറെ കുട്ടികൾ പങ്കെടുത്ത ചിത്രരചനാ മൽസരത്തിൽ ആനകൾ നിരന്നു. ഉത്സവ എഴുന്നള്ളിപ്പിൽ പങ്കെടുക്കുന്ന ആന, പൂരത്തിലെ ആന ,എന്നു വേണ്ട കാട്ടിൽ വിലസുന്ന ആനകൾ വരെ കുട്ടി വരകളിൽ വിരിഞ്ഞു. കുഞ്ഞു കലാകാരൻമാരെ ആശീർവദിക്കാൻ ദേവസ്വം കൊമ്പൻ ഗോപി കണ്ണൻ ഇതിനിടയിൽ തെക്കേ നടയിലെത്തി. തുമ്പികൈയുയർത്തി ഗോപി കണ്ണൻ കുട്ടികൾക്ക് ആശംസയേകി.
ലോക ഗജ ദിനത്തിൽ ഗുരുവായൂർ ക്ഷേത്രം തെക്കേ നടയിലെ ശ്രീ ഗുരുവായൂരപ്പൻ ഓഡിറ്റോറിയമാണ് ആന വരയ്ക്ക് വേദിയായത്. യുപി, ഹൈസ്ക്കൂൾ വിഭാഗങ്ങളിലായിരുന്നു മത്സരം. രാവിലെ 9:30 ന് ഗജരാജൻ ഗുരുവായൂർ കേശവൻ്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയോടെയാണ് ചടങ്ങ് തുടങ്ങിയത് .
ഗുരുവായൂർ ക്ഷേത്രം തന്ത്രി പി.സി.ദിനേശൻ നമ്പൂതിരിപ്പാട് ദീപം തെളിയിച്ചു. മാതൃഭുമി ചെയർമാൻ ആൻ്റ് മാനേജിങ്ങ് എഡിറ്റർ പി.വി.ചന്ദ്രൻ അധ്യക്ഷനായി. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ഉദ്ഘാടനം നിർവ്വഹിച്ചു. ദേവസ്വം ഭരണസമിതി അംഗം മുൻ എം.പി. ചെങ്ങറ സുരേന്ദ്രൻ ഗജ ദിന സന്ദേശം നൽകി.
ദേവസ്വം ചുമർചിത്ര പഠനകേന്ദ്രം പ്രിൻസിപ്പൽ കെ.യു. കൃഷ്ണകുമാർ ആമുഖഭാഷണം നടത്തി.ദേവസ്വം ഭരണസമിതി അംഗം സി.മനോജ്, വാർഡ്കൗൺസിലർ ശോഭാ ഹരി നാരായണർ എന്നിവർ പ്രസംഗിച്ചു. അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.