കേരള സ്കൂൾ കലോത്സവം: സംഘാടക സമിതി ഓഫീസ് തുറന്നു
കേരള സ്കൂൾ കലോത്സവത്തിന്റെ സംഘാടക സമിതി ഓഫീസ് കോഴിക്കോട്ട് പ്രവർത്തനമാരംഭിച്ചു. ജനുവരി മൂന്നു മുതൽ ഏഴുവരെയാണ് കലോത്സവം. നഗരത്തിലെ മാനാഞ്ചിറയിൽ സംഘാടക സമിതി ഓഫീസിന്റെ ഉദ്ഘാടനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവ്വഹിച്ചു.
ഏഴു വർഷത്തിനു ശേഷം കോഴിക്കോട് ആതിഥേയത്വം വഹിക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവം പൊതുജന പങ്കാളിത്തത്തോടെ ജനകീയോത്സവമാക്കി മാറ്റണമെന്ന് മന്ത്രി പറഞ്ഞു. ആരോഗ്യകരമായ മത്സരങ്ങളുടെ വേദിയാകണം കലോത്സവം. കലോത്സവത്തിനായി നഗരത്തിലെത്തുന്നവർക്ക് തൃപ്തികരമാകുന്ന തരത്തിൽ ഏറ്റവും
മികച്ച രീതിയിൽ സംഘടിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ വിവിധ സബ്ബ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്നു വരുന്നു. കോഴിക്കോടിന്റെ കൂട്ടായ്മയും സ്നേഹവും മതനിരപേക്ഷ നിലപാടും വിളിച്ചോതുന്ന കലാമേളയായി കലോത്സവം മാറുമെന്നും മന്ത്രി പറഞ്ഞു.
കലോത്സവങ്ങളെ മികച്ച രീതിയിൽ സംഘടിപ്പിക്കുന്ന പാരമ്പര്യമുള്ള കോഴിക്കോട് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവം വൻ ആഘോഷമായി മാറുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. ചടങ്ങിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
മന്ത്രി എ.കെ ശശീന്ദ്രൻ മുഖ്യാതിഥിയായിരുന്നു. കൂട്ടായ്മയുടെ പുതു സന്ദേശം വിളിച്ചോതുന്ന തരത്തിലാകണം സംസ്ഥാന സ്കൂൾ കലോത്സവം സംഘടിപ്പിക്കേണ്ടതെന്ന് മന്ത്രി പറഞ്ഞു.
എം.എൽ.എ. മാരായ തോട്ടത്തിൽ രവീന്ദ്രൻ, കാനത്തിൽ ജമീല, കെ.എം സച്ചിൻ ദേവ്, ലിന്റോ ജോസഫ്, ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ്, ജില്ലാ കളക്ടർ ഡോ.എൻ തേജ് ലോഹിത് റെഡ്ഢി, ജില്ലാ വികസന കമ്മീഷണർ എം. എസ്. മാധവിക്കുട്ടി, പൊതു വിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ സി.എ. സന്തോഷ്, വിദ്യാഭ്യാസ ഉപഡയറക്ടർ സി. മനോജ് കുമാർ എന്നിവർ പങ്കെടുത്തു.