സ്ക്കൂൾ കലോത്സവത്തിന്‌ കോഴിക്കോട്ട് വർണ്ണാഭമായ തുടക്കം

കൗമാര കലകളുടെ ഉത്സവത്തിന് കോഴിക്കോട്ട് വർണ്ണാഭമായ തുടക്കം. ക്യാപ്റ്റൻ വിക്രം മൈതാനിയിലെ പ്രധാന വേദിയിൽ ദീപം തെളിയിച്ച് കേരള സ്ക്കൂൾ കലോത്സവം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സ്പീക്കർ എ.എൻ.ഷംസീർ, മന്ത്രിമാരായ വി.ശിവൻകുട്ടി, പി.എ.മുഹമ്മദ് റിയാസ്, എ.കെ.ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, മേയർ ബീനാ ഫിലിപ്പ് എന്നിവരും ദീപം തെളിയിച്ചു.

സ്ക്കൂൾ കലോത്സവത്തിന് ഐക്യകേരളത്തിൻ്റെ ചരിത്രത്തോളം തന്നെ പഴക്കമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.1957 ലാണ് ആദ്യമായി കലോത്സവം അരങ്ങേറിയത്. ആദ്യഘട്ടങ്ങളിൽ ഇല്ലാത്ത പല കലാരൂപങ്ങളും ഇപ്പോൾ കലോത്സവത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പല കലകളുടെയും അവതരണം കാലാനുസൃതമായി നവീകരിക്കപ്പെട്ടിട്ടുണ്ട്. മാറുന്ന കാലത്തിലേക്ക് പിടിച്ച കണ്ണാടിയാവുകയാണ് കലോത്സവം- മുഖ്യമന്ത്രി പറഞ്ഞു.

എല്ലാവർക്കും കലോത്സവത്തിൽ വിജയിക്കാനാവില്ല. ഈ മഹോത്സവത്തിൽ പങ്കെടുക്കാൻ കഴിയുന്നതു തന്നെ വലിയ അംഗീകാരമായി കരുതുന്ന സംസ്ക്കാരം കുട്ടികൾ വളർത്തിയെടുക്കണം. രക്ഷിതാക്കളും ആ സംസ്ക്കാരം പൂർണ്ണമായും ഉൾക്കൊള്ളണം -മുഖ്യമന്ത്രി പറഞ്ഞു.

വിദ്യാഭ്യാസ മന്ത്രി  വി.ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. ഗോത്രകലകൾ അടക്കമുള്ളവയെ  കലോത്സവത്തിൽ ചേർക്കുന്നത് സംബന്ധിച്ച്  വിശദമായ പരിശോധന നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രിമാരായ പി.എ മുഹമ്മദ് റിയാസ്,   എ.കെ ശശീന്ദ്രൻ, അഹമ്മദ് ദേവർ കോവിൽ തുടങ്ങിയവർ മുഖ്യാതിഥികളായിരുന്നു.
 
രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം നടക്കുന്ന കലോത്സവം ജനകീയമായി മാറുമെന്നും നവീനമായ ഇടപെടലുകൾകൊണ്ട് കലോത്സവം ശ്രദ്ധേയമാവുമെന്നും മന്ത്രി പി. എ മുഹമ്മദ് റിയാസ് പറഞ്ഞു. കനകകിരീടത്തിൽ മുത്തമിടാൻ എത്തുന്ന കലാ പ്രതിഭകളെ കോഴിക്കോട് എതിരേൽക്കുകയാണെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. സംഘാടനത്തിലെ മികവ്, പ്രാതിനിധ്യ സ്വഭാവം എന്നിവ കൊണ്ട് ഏറെ പുതുമ തീർക്കുകയാണ് ഇത്തവണത്തെ സ്കൂൾ കലോത്സവമെന്ന്  മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. 
 
നിയമസഭാ സ്പീക്കർ  എ.എൻ ഷംസീർ മുഖ്യപ്രഭാഷണം നടത്തി. സാഹിത്യത്തെയും  കലയെയും പ്രോത്സാഹിപ്പിക്കുന്ന നാടാണ് കോഴിക്കോട്. ജാതിക്കും മതത്തിനും വർഗ്ഗത്തിനും വർണ്ണത്തിനും അതീതമായി എല്ലാവിഭാഗം ആളുകളെയും അണി നിരത്താൻ കലോത്സവത്തിലൂടെ സാധിക്കും. ഒരു ഉത്സവത്തിൽ പങ്കെടുക്കുന്ന പ്രതീതിയോടെ എല്ലാവരും ഈ കലാമേളയിൽ പങ്കെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. 
 
എം.കെ രാഘവൻ  എം.പി, എം.എൽ.എമാരായ കെ.പി. കുഞ്ഞമ്മദ് കുട്ടി,  പി.ടി.എ. റഹീം, ലിന്റോ ജോസഫ്,  കെ.കെ. രമ,  കെ.എം.സച്ചിൻ ദേവ്, ഇ.കെ വിജയൻ, തോട്ടത്തിൽ രവീന്ദ്രൻ, കാനത്തിൽ ജമീല, മേയർ ബീന ഫിലിപ്പ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, ജില്ലാ കലക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഡി തുടങ്ങിയവർ പങ്കെടുത്തു. സിനിമാ താരം ആശ ശരത്ത് പ്രത്യേക ക്ഷണിതാവായിരുന്നു. പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ. പി. എം. മുഹമ്മദ് ഹനീഷ് സ്വാഗതവും പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ജീവൻ ബാബു.കെ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *