സ്ക്കൂൾ കലോത്സവത്തിന് തൃശ്ശൂരിൽ വർണ്ണാഭമായ തുടക്കം

ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലോത്സവത്തിന് വർണ്ണാഭമായ തുടക്കം. തൃശ്ശൂർ തേക്കിൻകാട് മൈതാനിയിൽ സ്ക്കൂൾ കലോത്സവം മുഖ്യമന്ത്രി പിണറായി വിജയൻ  ഉദ്ഘാടനം ചെയ്തു. കലാകാരൻമാരെ മതത്തിൻ്റെ കണ്ണിലൂടെ കാണരുതെന്നും കലയാണ് അവരുടെ മതമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആനന്ദാനുഭവം സൃഷ്ടിക്കൽ മാത്രമല്ല കലയുടെ ഉദ്ദേശ്യം, വർഗീയതയ്ക്കും വിഭജനത്തിനുമെതിരെയുള്ള ശക്തമായ പോരാട്ടവീര്യം നൽകുകയുമാണ്. രാജ്യത്ത് ക്രിസ്മസ് ആഘോഷങ്ങൾക്കു നേരെ പോലും ആക്രമണം നടക്കുന്ന സാഹചര്യത്തിൽ കലകളെയും കലാകാരന്മാരെയും മതത്തിന്റെ കണ്ണിലൂടെ കാണുന്നവർക്കെതിരെ ജാഗ്രത പാലിക്കണം.

വിദ്വേഷം പ്രചരിപ്പിക്കുന്നവർക്കെതിരെ സമാധാനവും സന്തോഷവും ഉയർത്തിപ്പിടിക്കാനുള്ള ആയുധമായി കലയെ ഉപയോഗിക്കാൻ പുതിയ തലമുറയ്ക്ക് കഴിയണം -മുഖ്യമന്ത്രി  പറഞ്ഞു. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൗമാര കലാമാമാങ്കമായി കലോത്സവം വളർന്നു എന്നത് നമ്മുടെ പൊതുവിദ്യാഭ്യാസത്തിന്റെ കരുത്തു തെളിയിക്കുന്നവെന്ന്  അധ്യക്ഷത വഹിച്ച പൊതു വിദ്യാഭ്യാസ, തൊഴിൽ  മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.

വിവര സാങ്കേതിക വിദ്യയുടെ തേരിലേറി അതിലാഘോഷം കണ്ടെത്തുന്ന ഒരു തലമുറയ്ക്ക്  പകരമായി മണ്ണിനെയും മനുഷ്യനെയും സ്നേഹിക്കാൻ കഴിയുന്ന, സഹജീവികളോടും ഉത്തരവാദിത്വത്തോടെ പെരുമാറാൻ കഴിയുന്ന തലമുറയെ വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ കലോത്സവം നടത്തുന്നതെന്നും സ്വാഗത പ്രസംഗത്തിൽ റവന്യൂ ഭവന നിർമാണ  മന്ത്രി കെ.രാജൻ പറഞ്ഞു.