കേരള സ്കൂൾ കലോത്സവത്തിന് ചൊവ്വാഴ്ച തിരശ്ശീല ഉയരും

കലാ പ്രതിഭകളെ സ്വീകരിക്കാൻ കോഴിക്കോട് ഒരുങ്ങി – മന്ത്രി പി.എ. മുഹമ്മദ് റിയാസ്

കോഴിക്കോട് നഗരം ആവേശത്തിമിർപ്പിലാണ്. ഇനിയങ്ങോട്ട് അഞ്ചു
ദിനങ്ങളിലായി നഗരത്തിൽ പ്രതിഭകൾ കലയുടെ വിരുന്നൊരുക്കും. ജനുവരി മൂന്നു മുതൽ ഏഴു വരെ നടക്കുന്ന അറുപത്തിയൊന്നാമത് കേരള സ്കൂൾ കലോത്സവത്തിനെത്തുന്ന കലാ പ്രതിഭകളെ സ്വീകരിക്കാൻ കോഴിക്കോട് ഒരുങ്ങിയെന്ന് പൊതുമരാമത്ത്- ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. സ്റ്റേജ് കമ്മിറ്റിയിൽ നിന്ന് വേദികളുടെ താക്കോൽ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 239 ഇനങ്ങളിലായി 14000 ഓളം പ്രതിഭകൾ മാറ്റുരയ്ക്കും. 24 മത്സരവേദികളുണ്ട്. കലോത്സവ വേദികളിലേക്ക് സുഗമമായി എത്തുന്നതിന് ഗൂഗിൾ മാപ്പും ഒരുക്കിയിട്ടുണ്ട്. വിക്രം മൈതാനത്തിൽ നടന്ന ചടങ്ങിൽ പ്രോ​ഗ്രാം കമ്മിറ്റി ചെയർമാൻ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു.

കൊടിമരം സ്ഥാപിച്ചു

പ്രധാന വേദിയായ വിക്രം മെെതാനിയിൽ കൊടിമരം ഉയർന്നു. ഇ.കെ വിജയൻ എം.എൽ.എ യിൽ നിന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്  കൊടിമരം ഏറ്റുവാങ്ങി. ആർട്ടിസ്റ്റ് പരാ​ഗാണ് ​ഗിറ്റാറിന്റെ ആകൃതിയിലുള്ള കൊടിമരം തയ്യാറാക്കിയിരിക്കുന്നത്.

സ്വർണ്ണ കപ്പുമായി ഘോഷയാത്ര

കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടുന്ന ജില്ലയ്ക്കുള്ള സ്വർണ്ണക്കപ്പ് ജനുവരി രണ്ടിന് കോഴിക്കോട്ട് എത്തും. പാലക്കാട് നിന്ന് ഘോഷയാത്രയായി കൊണ്ടുവരുന്ന സ്വര്‍ണ്ണക്കപ്പ് ജില്ലാ അതിർത്തിയായ രാമനാട്ടുകരയിൽ വെച്ച് ഏറ്റുവാങ്ങും. ഉച്ചയ്ക്ക് ഒരു മണിയോടെ സംഘാടകസമിതി ചെയർമാൻ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, ട്രോഫി കമ്മിറ്റി ചെയർമാൻ കുഞ്ഞഹമ്മദ്കുട്ടി എം.എൽ.എ, കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടർ മനോജ്കുമാർ തുടങ്ങിയവരാണ് ഏറ്റുവാങ്ങുക.

ഘോഷയാത്ര പത്തോളം കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ച് മൂന്നുമണിയോടെ മുതലക്കുളം മൈതാനിയിലെത്തും. അവിടെ വെച്ച് മന്ത്രിമാരായ വി. ശിവൻകുട്ടിയും പി.എ. മുഹമ്മദ് റിയാസും കപ്പ് ഏറ്റുവാങ്ങും. തുടർന്ന് ഘോഷയാത്രയായി തുറന്ന ജീപ്പിൽ മാനാഞ്ചിറ ചുറ്റും. നാലുമണിയോടെ മാനാഞ്ചിറ സ്ക്വയറിൽ സ്ഥാപിക്കുന്ന കപ്പ് ആറുമണിവരെ ഇവിടെ പ്രദർശിപ്പിക്കും. ഘോഷയാത്രയിൽ പരമാവധി പേർ പങ്കെടുക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി അഭ്യർത്ഥിച്ചു.

വേദികൾ മിന്നിത്തിളങ്ങും

കേരള സ്കൂൾ കലോത്സവ വേദികളിലെ ലെെറ്റ് ആന്റ് സൗണ്ടിന്റെ സ്വിച്ച് ഓൺ മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവ്വഹിച്ചു. ആധുനിക രീതിയിലുള്ള ശബ്ദ സംവിധാനമാണ് വേദികളിൽ ഒരുക്കിയിട്ടുള്ളതെന്ന് ലെെറ്റ് ആന്റ് സൗണ്ട് കമ്മിറ്റി കൺവീനർ ഹരീഷ് കടവത്തൂർ പറഞ്ഞു. പ്രധാന വേദിയായ വിക്രം മെെതാനിയിലും രണ്ട്, മൂന്ന് വേദികളിലും ഭക്ഷണശാല എന്നിവിടങ്ങളിലും എൽ.ഇ.ഡി ലെെറ്റ് ഒരുക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *