കലാമണ്ഡലത്തെ കൾച്ചറൽ യൂണിവേഴ്സിറ്റിയാക്കണം- മന്ത്രി
സാംസ്കാരിക അപചയത്തിനെതിരെ ഒരു വർഷം നീണ്ടുനിൽക്കുന്ന കർമ്മ പരിപാടി – മന്ത്രി വി എൻ വാസവൻ
കലാമണ്ഡലത്തെ കൾച്ചറൽ യൂണിവേഴ്സിറ്റിയാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കണമെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു. കേരള കലാമണ്ഡലം കൂത്തമ്പലത്തിൽ നടന്ന 92-ാം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കലാമണ്ഡലം ഇന്ന് ഉന്നതിയുടെ പാതയിലാണ്. അതിന്റെ സാംസ്കാരിക സംഭാവനകൾ സ്മരിക്കപ്പെടണം. എല്ലാ കലകളെയും പ്രോത്സാഹിപ്പിക്കുന്ന കേന്ദ്രമായി കലാമണ്ഡലത്തെ മാറ്റുക എന്ന ലക്ഷ്യമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിലെ എല്ലാ സാംസ്കാരിക സ്ഥാപനങ്ങളുടെയും സഹകരണത്തോടെ സാംസ്കാരിക അപചയത്തിന് എതിരെ ഒരു വർഷം നീണ്ടുനിൽക്കുന്ന കർമ്മ പരിപാടി ആവിഷ്ക്കരിച്ചതായി മന്ത്രി വി.എൻ. വാസവൻ ചടങ്ങിൽ അറിയിച്ചു. നിശബ്ദ വിപ്ലവത്തിന്റെ വലിയ ആശയം അവതരിപ്പിച്ച മഹാകവിക്ക് അഭിവാദ്യം അർപ്പിച്ചാണ് മന്ത്രി പ്രസംഗം ആരംഭിച്ചത്. മതത്തിന്റെ വേലിക്കെട്ടില് നിന്ന് കലയെ പുറത്തിറക്കിയ നിശബ്ദ വിപ്ലവമായിരുന്നു കലാമണ്ഡലമെന്നും മന്ത്രി പറഞ്ഞു. നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും കലാമണ്ഡലം ഫെല്ലോഷിപ്പ് സമർപ്പണവും മന്ത്രി നിർവ്വഹിച്ചു.
വൈസ് ചാൻസലർ പ്രൊഫ.ഡോ.എം.വി. നാരായണൻ അധ്യക്ഷത വഹിച്ചു. മുൻ വൈസ് ചാൻസലർ ഡോ.ടി കെ നാരായണൻ വിശിഷ്ടാതിഥിയായ ചടങ്ങിൽ മുതിർന്ന വിദ്യാഭ്യാസ വിചക്ഷണനായ ചിത്രൻ നമ്പൂതിരിപ്പാട് പ്രത്യേക ക്ഷണിതാവായി. കലാമണ്ഡലം ഗോപി, പെരുവനം കുട്ടൻ മാരാർ, കെ.രവീന്ദ്രനാഥ് രജിസ്ട്രാർ ഡോ.രാജേഷ് കുമാർ, ടി. കെ.വാസു എന്നിവർ പങ്കെടുത്തു. ആഘോഷ പരിപാടികളുടെ ഉദ്ഘാടനത്തിന് ശേഷം നാഗസ്വര കച്ചേരിയോടെ രംഗാവിഷ്ക്കാരങ്ങൾക്ക് തുടക്കമായി.