കലോത്സവങ്ങളുടെ കഥയും ചരിത്രവുമായി അനൂപ്

ആദ്യ സ്ക്കൂൾ കലോത്സവം 1957 ൽ എറണാകുളത്ത് നടന്നപ്പോൾ അടുക്കള ഉണ്ടായിരുന്നില്ല. ഭക്ഷണ ടിക്കറ്റ് നൽകി കുട്ടികളെ അടുത്ത ഹോട്ടലിലേക്ക് വിടുകയായിരുന്നു. കലോത്സവത്തിന് യാത്രാപ്പടിയും ഉണ്ടായിരുന്നു. ബസ്സ് ചാർജൊ മൂന്നാം ക്ലാസ് തീവണ്ടിക്കൂലിയോ അന്ന് നൽകിയിരുന്നു. ബാലകലാമേളയിൽ നിന്ന് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കലോത്സവമായി മാറിയ സ്ക്കൂൾ കലോത്സവത്തിൻ്റെ കഥ കൗതുകം പകരുന്നതാണ്.

കോഴിക്കോട് സ്വദേശിയായ ജി.അനൂപ് എഴുതിയ ‘കലോത്സവങ്ങളിലൂട’ എന്ന പുസ്തകം ഇതുവരെയുള്ള 60 കലോത്സവങ്ങളുടെ ചരിത്രം കാട്ടിത്തരുന്നു. കലാപ്രതിഭകൾ, തിലകങ്ങൾ വിവിധ മത്സങ്ങളിൽ

ഒന്നാം സ്ഥാനക്കാർ ഓരോ കലോത്സവത്തിൻ്റെയും നടത്തിപ്പുകാർ അന്നത്തെ ഒരുക്കങ്ങൾ തുടങ്ങിയവയെല്ലാം പുസ്തകത്തിലുണ്ട്. പുതുതായി ഓരോ കലാരൂപങ്ങളും ചേർത്തതിൻ്റെ വിവരങ്ങൾ കലോത്സവത്തിലെ പരിഷ്ക്കാരങ്ങൾ എന്നിവയും ഇതിൽ വായിക്കാം.കലോത്സവങ്ങളുടെ കഥ പറയുന്ന അയ്യായിരത്തിലേറെ ചിത്രങ്ങളുള്ള പുസ്തകത്തിന് ആയിരത്തിലധികം പേജുകളുണ്ട്. ഗാന

ഗന്ധർവ്വൻ യേശുദാസ്, പി.ജയചന്ദ്രൻ തുടങ്ങിയ കലോത്സവ വിജയികളുടെ പാതയിലൂടെ പിന്നീട് മത്സരിച്ച് ജയിച്ച് സിനിമ, സംഗീത ലോകത്തെത്തിയവരുടെ ചിത്രങ്ങളും വിവരങ്ങളും കൗതുകം തന്നെ. 2019 ൽ കലോത്സവ ചരിത്രം സമാഹരിക്കണമെന്ന ആഗ്രഹവുമായി അന്നത്തെ പൊതുവിദ്യാഭ്യാസ ഡയരക്ടറായിരുന്ന എ.പി.എം.മുഹമ്മദ് ഹനീഷിനെ കണ്ടപ്പോൾ അദ്ദേഹം എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു.

ജില്ലകൾ തോറും സഞ്ചരിച്ച് യുവജനോത്സവ സോവനീറുകളും മറ്റു വിവരങ്ങളും ശേഖരിച്ചു. കലോത്സവ സുവർണ്ണ ജൂബിലിക്ക് പുസ്തകമിറക്കി. പിന്നീട് പത്രങ്ങളിൽ നിന്നും മറ്റുമുള്ള വിവരങ്ങൾ സമാഹരിച്ച് ഉൾപ്പെടുത്തിയാണ് സമഗ്രമായ ഗ്രന്ഥം പുറത്തിറക്കിയത്.

അനൂപിൻ്റെ രണ്ടു വർഷത്തെ പ്രയത്നം പുസ്തകത്തിനു പിന്നിലുണ്ട്. ഓർമ്മ ബുക്ക്സ് എന്ന സ്വന്തം സ്ഥാപനമാണ് ഇത് പ്രസിദ്ധീകരിച്ചത്.1200 രൂപയാണ് പുസ്തകത്തിൻ്റെ വില. എം.ബി.എ കഴിഞ്ഞ അനൂപ് ഇപ്പോൾ പുസ്തക പ്രസാധകരംഗത്താണ് പ്രവർത്തിക്കുന്നത്. അഭിഭാഷകയായ ഭാര്യ രേഖ സഹായത്തിനുണ്ട്. കോഴിക്കോട് കുതിരവട്ടം ‘ധന്യ’യിൽ ടി.കെ.ഗംഗാധരൻ്റെയും വി.വി.പദ്മിനിയുടെയും മകനാണ്.

Leave a Reply

Your email address will not be published. Required fields are marked *