സിയാലിൽ തന്റെ നവരസ ഭാവങ്ങൾക്ക് മുന്നിൽ ഗോപി ആശാൻ
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ (സിയാൽ) ബിസിനസ് ജെറ്റ് ടെർമിനലിൽ പ്രദർശിപ്പിച്ചിട്ടുള്ള തന്റെ നവരസ ഭാവങ്ങൾ കാണാൻ കലാമണ്ഡലം ഗോപിയെത്തി.
പച്ചവേഷപ്പകർപ്പിൽ ഗോപിയാശാന്റെ നവ രസഭാവങ്ങളുടെ
സൂക്ഷ്മാംശങ്ങൾ തനിമ ചോരാതെ പെയിന്റിങ്ങിൽ ആവിഷ്‌ക്കരിച്ചാണ് സിയാലിൽ സൂക്ഷിച്ചിട്ടുള്ളത്. അൽപ്പം വയ്യായ്മയുണ്ടെങ്കിലും ഒരുദിവസം മുഴുവനും ആശാൻ കഥകളി വേഷം ധരിച്ച് സിയാലിനായി ഭാവപ്രകടനം നടത്തി. അത് ഫോട്ടോ ഗ്രാഫുകളിലാക്കി ചിത്രകാരൻ മോപസാങ് വാലത്ത് പെയിന്റിങ്ങിൽ ആവിഷ്‌ക്കരിക്കുകയും ചെയ്തു.
ഒരു യാത്രാ സംവിധാനം എന്നതിലപ്പുറം വിമാനത്താവളത്തിൽ കലാ-സാംസ്‌ക്കാരിക വേദിയൊരുക്കുകയാണ് സിയാലെന്ന് മാനേജിങ് ഡയറക്ടർ എസ്.സുഹാസ് പറഞ്ഞു. കേരളത്തിന്റെ മഹാകലാകാരൻമാർക്കും അവരുടെ കലാസപര്യയ്ക്കും കൊച്ചി വിമാനത്താവളത്തിൽ ഇടം സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്.
അതിന്റെ ഭാഗമായാണ് ഇപ്പോൾ കലാമണ്ഡലം ഗോപിയുടെ നവരസ പെയിന്റിങ് ബിസിനസ് ജെറ്റ് ടെർമിനലിൽ ഒരുക്കിയിട്ടുള്ളത് – സുഹാസ് പറഞ്ഞു. സിയാൽ പോലുള്ള അഭിമാന സ്ഥാപനങ്ങൾ ഇത്തരം കലാ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിൽ സന്തോഷമുണ്ടെന്ന് കലാമണ്ഡലം ഗോപി പറഞ്ഞു.
പ്രോത്സാഹനമുണ്ടെങ്കിൽ ക്ലാസിക്കൽ കലാരൂപങ്ങൾ നിലനിൽക്കും. ഓരോ കലാപ്രദർശനങ്ങൾക്ക് പിന്നിലും നീണ്ടകാലത്തെ പ്രയത്‌നം ആവശ്യമാണ്. വിമാനത്താവളങ്ങൾ പോലെ രാജ്യാന്തര യാത്രക്കാർ എത്തുന്ന ഒരു സ്ഥലത്ത് ഇത്തരം പ്രദർശനങ്ങളിലൂടെ കലാകാരൻമാർക്ക് നൽകുന്ന പിന്തുണ വലുതാണ്-ഗോപി കൂട്ടിച്ചേർത്തു.
പ്രോജക്ട് കോ ഓർഡിനേറ്ററും കഥകളി പണ്ഡിതനുമായ ഡോ.രാജശേഖർ പി.വൈക്കം, ചിത്രകാരൻ മോപ്പസാങ് വാലത്ത്, കഥകളി ഗായകൻ കോട്ടക്കൽ മധു,വിമാനത്താവള ഡയറക്ടർ മനു ജി, എക്‌സിക്യൂട്ടീവ് ഡയറക്ടർമാരായ സജി.കെ.ജോർജ്, ജയരാജൻ വി. തുടങ്ങിയവർ സന്നിഹിതരായിരുന്നു.
It is an appropriate tribute our great Gopi sir…He has taken this form of art to international levels and standards…We are fortunate to have been alive during his lifetime…