പാട്ടയും കുപ്പിയും കളയണ്ട; ചെടിവെച്ച് വീട് ഭംഗിയാക്കാം

ഒഴിഞ്ഞ കുപ്പി , മിനറൽ വാട്ടർ ബോട്ടിൽ , പൗഡർ ടിൻ, അലക്കു സൊലൂഷൻ കുപ്പി എന്നിവയൊന്നും കളയണ്ട. ഇതെല്ലാം ശേഖരിച്ചു വെച്ച് ഇന്റീരിയർ ചെടികൾ പിടിപ്പിച്ച് വീട്ടിന്റെ അകം ഭംഗിയാക്കാം.

മാലിന്യ വസ്തുക്കളായി കണ്ട്  പണം നൽകി ഇവ വീട്ടിൽ നിന്ന് ഒഴിവാക്കുന്ന തലവേദനയും വേണ്ട. ഇവയിലെല്ലാം ചെടി വളർന്ന് വീട്ടിനകം ഭംഗിയാകുമ്പോൾ കാണാനും കാതുകമായിരിക്കും. വെള്ളം അധികം ആവശ്യമില്ലാത്ത മണി പ്ലാന്റും മറ്റ് ചെറിയ ഇന്റീരിയർ ചെടികളും ഇതിനായി ഉപയോഗിക്കാം. പൊട്ടുവീണ കപ്പും സോസറും ഗ്ലാസും വീട്ടിൽ വേണ്ടാതെ വെച്ചിരിക്കുന്ന ചെറിയ കിണ്ടി അടക്കമുള്ള ഓടിന്റെ പാത്രങ്ങളും ചെടി നട്ട് അലമാരയിലും ബുക്ക് ഷെൽഫുകളിലും വെക്കാം.

കട്ടിയില്ലാത്ത പ്ലാസ്റ്റിക്ക് ടിന്നുകൾ വീട്ടിൽ മീൻ വെട്ടാനുപയോഗിക്കുന്ന ചെറിയ കത്രിക കൊണ്ട് ഭംഗിയായി വേണ്ട രീതയിൽ വെട്ടിയെടുക്കാം. വലിയ പാത്രങ്ങളാണെങ്കിൽ  മണ്ണ് നിറച്ച് നടാം. മണ്ണും ചാണകപ്പൊടിയും മണലും കൂട്ടി കുഴച്ചു വേണം പാത്രത്തിൽ നിറയ്ക്കാൻ. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ നനച്ചു കൊടുക്കണം. ചെറിയ പാത്രത്തിലാണ് ചെടി വെക്കുന്നതെങ്കിൽ ഐസ് ക്രീം , തൈര് എന്നിവ വരുന്ന പ്ലാസ്റ്റിക് പാത്രത്തിൽ വെള്ളം നിറച്ച് അതിൽ ചെടിവെച്ച് ഭംഗിയുള്ള സോസറിലേക്കും മറ്റും ഇറക്കി വെക്കാം.

മൂന്നു നാലു ദിവസത്തിലൊരിക്കൽ പാത്രത്തിൽ വെള്ളം നിറയ്ക്കണം. പഴയ കളർ സോക്സ്, തുണിയുടെ കസവ്, സാരിയുടെ മുന്താണി എന്നിവ വെട്ടിയെടുത്ത് ചെടി വെക്കുന്നകുപ്പിയുടെ ചെറിയ ഭാഗം പൊതിഞ്ഞ് ഭംഗിയാക്കാം. വെട്ടി രണ്ടാക്കിയ സോക്സിസിലേക്ക് കുപ്പി ഇറക്കിവെക്കാനും പറ്റും. തൈരും മറ്റും കൊണ്ടുവരുന്ന പ്ലാസ്റ്റിക്ക് പാത്രങ്ങൾ അക്രലിക് പെയിന്റ് ഉപയോഗിച്ച് ചിത്രം വരച്ചും ഭംഗിയാക്കാം.

കുപ്പിയും മറ്റും പെയ്ന്റടിച്ചും വർണ്ണ നൂലുകൾ ചുറ്റിയും വർണ്ണ ബട്ടൻ പിടിപ്പിച്ചും കൗതുകം കൂട്ടാം. ഈ പാത്രങ്ങളിലെല്ലാം വെക്കാൻ വിവിധ തരം മണി പ്ലാന്റുകൾ കിട്ടും. മണി പ്ലാന്റ് വീട്ടിൽ വെച്ചാൽ ഭാഗ്യവും സമ്പത്തു ഉണ്ടാകുമെന്നാണ് ചൈനക്കാരുടെ വിശ്വാസം. പല രൂപത്തിലും വർണ്ണങ്ങളിലുമുള്ള മണി പ്ലാന്റുകൾ ഉണ്ട്. വീട്ടിനകത്ത് ഇവ വളർന്നു നിൽക്കുന്നതു കാണുമ്പോൾ നമുക്ക് ഉണർവ്വും സന്തോഷവുമൊക്കെ ഉണ്ടാകും. മണി പ്ലാന്റ് എളുപ്പം വേരുപിടിക്കും. മാത്രമല്ല അധികം വെള്ളവും വേണ്ട. വെള്ളം അധികം കിട്ടാതായാൽ ഇവയുടെ ഇല ചെറുതായി തന്നെ നിൽക്കും വളർന്ന് വലുതാവില്ല.

മോൺസ്റ്റെറയും മണി പ്ലാന്റും

ഇംഗ്ലീഷിൽ പോത്തോസ് എന്നറിയപ്പെടുന്ന ഇതിനെ ഇന്ത്യ , നേപ്പാൾ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ മണി പ്ലാന്റ് എന്നാണ് വിളിക്കുന്നത്.ഈ ചെടിയുടെ വില്‍പ്പ ഇന്ന് ആഗോളതലത്തിൽ തന്നെ വൻ ബിസിനസ്സാണ്. ഗോൾഡൻ മണി പ്ലാന്റാണ് നാം സാധാരണ കാണുന്ന ഇനം. ഇത് ചെറിയ ഇലകളോടെയും നന്നായി വളവും വെള്ളവും കിട്ടിയാൽ വലിയ ഇലകളായും വളരും. മതിലിലും തെങ്ങിലും മരത്തിലുമെല്ലാം  പടർന്നു കയറും. മണിപ്പാന്റിന്റെ കളർ അനുസരിച്ച് ജേഡ്, സിൽവർ, നിയോൺ എന്നിങ്ങനെ പല ഇനങ്ങളുമുണ്ട്. കണ്ടാൽ മണി പ്ലാന്റു പോലെ തോന്നുന്ന മറ്റാരു ചെടിയാണ് മോൺസ്റ്റെറ.

ഇലകൾക്ക് വട്ടത്തിലുള്ള ദ്വാരം വീണ രീതിയിലുള്ള മോൺസ്റ്റെറ ഒബ്ലിക്വ, കീറിയ ഇലകളോടുകൂടിയ മോൺ സ്റ്റെറ വേരിഗേറ്റ ,മോൺ സ്റ്റെറ ഡെലിക്യോസ തുടങ്ങി പലയിനങ്ങളുമുണ്ട്. ഇന്റീരിയർ ചെടികൾ വായുവിലെ കാർബൺ ഡയോക്സൈഡ് വലിച്ചെടത്ത് ഓക്സിജൻ പുറത്തുവിടും. മാത്രമല്ല വായുവിലെ അമോണിയ, ബെൻസീൻ , ഫോർമാൽഡിഹൈഡ്, സൈലിൻ എന്നിവ വലിച്ചെടുത്ത് വായു ശുദ്ധമാക്കും.

മണി പ്ലാന്റിന്റേയും മോൺ സ്റ്റെറയുടെയും ഇലകളിൽ ചെറിയ വിഷാംശമുള്ളതിനാൽ ഇവ ചെറിയ കുട്ടികളുടെ കൈയെത്താത്ത സ്ഥലത്ത് വെക്കണം. ഇലകൾ ഛർദ്ദിയും വയറുവേദനയും ഉണ്ടാക്കും. പെയിൻറു ചെയ്ത് ഭംഗിയാക്കിയ കുപ്പികളിൽ മണി പ്ലാന്റ് വളർത്തി നൽകുന്ന ബിസിനസ്സും ഇന്ന് വ്യാപകമാണ്

Leave a Reply

Your email address will not be published. Required fields are marked *