ഗുരുവായൂർ കേശവൻ്റെ കഥകളുമായി ‘കേശവീയം’

ഗജരാജൻ ഗുരുവായൂർ കേശവൻ്റെ ജീവിതകഥയെ ആസ്പദമാക്കിയുള്ള ചുമർചിത്ര മതിൽ “കേശവീയം ” മിഴി തുറന്നു. കേശവൻ്റെ ജീവിതകഥ ഇനി ഗുരുവായൂരിൽ ചുമർചിത്രങ്ങളായി ഭക്തർക്ക് കാണാം. ശ്രീവത്സം അതിഥി മന്ദിരത്തിലെ കേശവൻ്റെ പ്രതിമയ്ക്ക് മുന്നിലെ മതിലാണ് ചിത്രചുമരായത്.

ഗുരുവായൂർ ചുമർചിത്ര പഠന കേന്ദ്രത്തിലെ വിദ്യാർത്ഥികളാണ് ചിത്രരചന നടത്തിയത്. കേശവൻ സ്മൃതിദിനത്തിൽ ദേവസ്വം ചെയർമാൻ ഡോ. വി.കെ.വിജയൻ, ക്ഷേത്രം തന്ത്രി 

 പി.സി.ദിനേശൻ നമ്പൂതിരിപ്പാട് എന്നിവർ ചേർന്ന്  ചുമർചിത്ര മതിലിൻ്റെ സമർപ്പണം നിർവ്വഹിച്ചു. ഗജരാജൻ കേശവൻ്റെയും ഗുരുവായൂരപ്പൻ്റെയും ചിത്രങ്ങളുടെ നേത്രോന്മീലനവും അവർ നിർവ്വഹിച്ചു.

ഭരണ സമിതി അംഗങ്ങളായ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി.മനോജ്, ചെങ്ങറ സുരേന്ദ്രൻ, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായി. പരമ്പരാഗത കേരളീയ ചുമർചിത്ര ശൈലിയിലാണ് കേശവീയം ചുമർചിത്ര മതിൽ ഒരുക്കിയത്. 50 അടി നീളവും നാലടി ഉയരവുമുള്ള ചുമരിലാണ് ചിത്രീകരണം. അക്രിലിക് നിറങ്ങളിലാണ് വര.

കേശവൻ നിലമ്പൂർ കാട്ടിൽ മേഞ്ഞു നടക്കുന്നത്, വാരികുഴിയിൽ വീഴുന്നത്, നിലമ്പൂർ കോവിലകത്ത് കേശവന് സ്വീകരണം, ഗുരുവായൂർ ഷേത്രത്തിൽ നടയിരുത്തുന്നത്, ആനയോട്ടത്തിൽ കേശവൻ വിജയിക്കുന്നത്, കുട്ടികൾക്ക് മുമ്പിൽ കേശവൻ വഴി മാറുന്നത്, കേശവൻ ചെരിഞ്ഞു ഭഗവാനിൽ ലയിക്കുന്നത് തുടങ്ങിയ ജീവിത രംഗങ്ങൾ ചിത്രീകരിച്ചിട്ടുണ്ട്.

ചുമർച്ചിത്ര പഠനകേന്ദ്രത്തിന്റെ പ്രിൻസിപ്പൽ കെ. യു. കൃഷ്ണ കുമാറിന്റെയും ചീഫ് ഇൻസ്‌ട്രക്ടർ എം. നളിൻ ബാബുവിന്റെയും നേതൃത്വത്തിൽ പഠനകേന്ദ്രത്തിലെ നാലാം വർഷ വിദ്യാർഥികളായ അഭിനവ്, ഗോവിന്ദദാസ്, രോഹൻ, ആരോമൽ, കാർത്തിക്, അശ്വതി, ശ്രീജ,അമൃത എന്നിവരും രണ്ടാം വർഷ വിദ്യാർഥികളായ കരുൺ, അഭിജിത്,വിഷ്ണു അഖില,ഐശ്വര്യ, കവിത, സ്നേഹ, അപർണ എന്നിവരും ചേർന്നാണ് ചിത്ര രചന നടത്തിയത്

Leave a Reply

Your email address will not be published. Required fields are marked *