പൂര നഗരിയിൽ കൗതുക കാഴ്ച്ചയായി ഗുരുവായൂർ ദേവസ്വം സ്റ്റാൾ
പുരാതന താളിയോല ഗ്രന്ഥങ്ങൾ, അപൂർവ്വ ദാരുശിൽപങ്ങൾ, കൃഷ്ണനാട്ടം കോപ്പുകൾ, ചുമർചിത്രങ്ങൾ…സന്ദർശകരെ വിസ്മയിപ്പിക്കുന്ന കൗതുക കാഴ്ച്ചകളാണ് തൃശ്ശൂർ പൂരം പ്രദർശന നഗരിയിലെ ഗുരുവായൂർ ദേവസ്വം സ്റ്റാൾ. ഗുരുവായൂർ ക്ഷേത്ര ഉൽസവത്തിന് കൊടിയേറുന്നതിൻ്റെ മാതൃകയിലാണ് സ്റ്റാളിൻ്റെ നിർമ്മിതി. കൃഷ്ണനാട്ടത്തിലെ കൃഷ്ണ രൂപമാണ് സ്റ്റാളിലേക്ക് സന്ദർശകരെ വരവേൽക്കുന്നത്.
നാല്പതിലേറെ ദാരു ശിൽപങ്ങൾ. ചുമർചിത്രങ്ങൾ, വെങ്കല ശിൽപങ്ങൾ എന്നിവയെല്ലാം സന്ദർശകർക്കായി ഒരുക്കിയിരിക്കുന്നു. ദാരുശിൽപ്പങ്ങൾ ക്ഷേത്രം അഗ്നിബാധയ്ക്കിരയായ കാലത്തുള്ളതാണ്. അപൂർവ്വ താളിയോല ഗ്രന്ഥങ്ങളുടെ പ്രദർശനവും ഒരുക്കിയിട്ടുണ്ട്. ദേവസ്വം മ്യൂസിയത്തിലെ കൗതുക വസ്തുക്കളും ഉണ്ട്.
പ്രദർശനത്തിൽ ദേവസ്വം ചുമർചിത്ര പoന കേന്ദ്രം തയ്യാറാക്കിയ കമനീയമായ ചുമർ ചിത്രങ്ങൾ സന്ദർശകർക്ക് സ്വന്തമാക്കാനും അവസരം ഒരുക്കിയിട്ടുണ്ട്.12 പ്രിന്റുകൾ പ്രത്യേക വിലക്കിഴിവിൽ 900 രൂപയ്ക്ക് ലഭിക്കും. ദേവസ്വം പ്രസിദ്ധീകരിച്ച 17 പുസ്തകങ്ങൾ അടങ്ങിയ
പുസ്തകസഞ്ചി 2125 രൂപയ്ക്ക് ലഭിക്കും
പ്രദർശന സ്റ്റാളിൻ്റെ പ്രവർത്തനം ദേവസ്വം ചെയർമാൻ ഡോ. വി.കെ.വിജയൻ ഉദ്ഘാടനം ചെയ്തു. ക്ഷേത്രം കീഴ്ശാന്തി കീഴേടം രാമൻ നമ്പൂതിരിയുടെ പ്രാർത്ഥനയോടെയാണ് ചടങ്ങ് തുടങ്ങിയത്. ദേവസ്വം ഭരണസമിതി അംഗം സി മനോജ്, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, തൃശൂർപൂരം സംഘാടക സമിതി പ്രസിഡൻ്റ് ചന്ദ്രശേഖരൻ എന്നിവർ സന്നിഹിതരായി.