കാര്‍ഷിക വിത്തുകള്‍ കൊണ്ട് ഗാന്ധിജിയുടെ വർണ്ണ ചിത്രം
ഗാന്ധിജയന്തിയോടനുബന്ധിച്ച് പച്ചക്കറിവിത്തുകൾ കൊണ്ട് വർണ്ണ ഭംഗിയുള്ള മഹാത്മജിയുടെ ചിത്രം തീർത്ത് ഡാവിഞ്ചി സുരേഷ്. പത്തൊമ്പത് തരം കാര്‍ഷിക വിത്തുകള്‍ ഉപയോഗിച്ചാണ് ചിത്രകാരനും ശില്പിയുമായ ഡാവിഞ്ചി സുരേഷ് സ്വന്തം വീട്ടിൽ മഹാത്മാ ഗാന്ധിയുടെ ചിത്രം ഉണ്ടാക്കിയത്. ആറടി വലുപ്പമുള്ള വട്ട മേശയ്ക്ക് മുകളിലാണ്
ചിത്രം ഒരുക്കിയത്. ‘കൂട്ട് ‘ എന്ന പേരിലുള്ള കൊടുങ്ങല്ലൂര്‍ എറിയാട് ഗവ. കേരളവർമ്മ ഹയർ സെക്കൻ്ററി സ്ക്കൂളിലെ പൂര്‍വ്വ വിദ്യാര്‍ഥികളുടെ വാട്സാപ്പ് കൂട്ടായ്മയാണ് വിത്ത് ശേഖരിച്ചത്.
ഇവരുടെ കര്‍ഷക സുഹൃത്തുക്കള്‍ക്ക് കൂട്ടിന്‍റെ പേരില്‍ ഗാന്ധി ജയന്തി ദിവസം വിതരണം ചെയ്യാനായിട്ടാണ് ഇത് വാങ്ങിയത്. മണ്ണുത്തിയിലെ കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നിന്നും കാര്‍ഷിക സാങ്കേതിക വിജ്ഞാന കേന്ദ്രത്തില്‍ നിന്നുമായി വാങ്ങിയ വിത്തുകള്‍ കൊണ്ടാണ് ഈ ചിത്രം
കൂട്ടുകാര്‍ക്കായി ഒരുക്കിയത്. ചെറുപയര്‍, മല്ലി, കടുക്, മുളക്, പയര്‍, ചോളം, മത്തങ്ങ, പടവലങ്ങ, ഉഴുന്ന്, വെള്ളരി, വാളരി പയര്‍ , ഉലുവ , വഴുതനങ്ങ, ചീര, ജാക്ബീന്‍, കുമ്പളം, വെണ്ട, പാവക്ക, ചുരക്ക എന്നീ വിത്തുകള്‍ ആണ് ചിത്രം ചെയ്യാനായി ഉപയോഗിച്ചത്. പൂർത്തിയാക്കാൻ മൂന്നു മണിക്കൂറെടുത്തു.
കറുപ്പ് , പച്ച, വെള്ള, മഞ്ഞ എന്നിങ്ങനെ പല നിറത്തിലുള്ള വിത്തുകൾ കിട്ടിയതിനാൽ ചിത്രം മനോഹരമാക്കാൻ കഴിഞ്ഞുവെന്ന് ഡാവിഞ്ചി സുരേഷ് പറഞ്ഞു. മക്കളായ ഇന്ദുലേഖയും ഇന്ദ്രജിത്തും ചിത്രമൊരുക്കാൻ സഹായിച്ചു. നൂറ് മാധ്യമങ്ങള്‍ ഉപയോഗിച്ച് ചിത്രങ്ങളുണ്ടാക്കാനായി സുരേഷ് നടത്തുന്ന യാത്രയുടെ അറുപത്തിയാറാമത്തെ മാധ്യമമാണ് വിത്തുകള്‍.