പ്രൊഫ.ജി.ഗോപാലകൃഷ്ണൻ: നാടക ആചാര്യൻ, പാദസരത്തിൻ്റെ തിരക്കഥാകാരൻ
മോഹ വീണതൻ തന്തിയിൽ… എന്ന ഒറ്റ സിനിമാ ഗാനത്തിലൂടെ പ്രശസ്തനായ നാടക ആചാര്യൻ പ്രൊഫ. ജി. ഗോപാലകൃഷ്ണനെക്കുറിച്ച്
ശശിധരന് മങ്കത്തില്
കാസർകോട് ഗവ.കോളേജിൽ എം.എസ്.സി
എഞ്ചിനിയറിംഗ് ജിയോളജി ക്ലാസിൽ ഗോപാലകൃഷ്ണൻ മാഷിൻ്റെ ശബ്ദം മുഴങ്ങും. ഒരു പ്രൊഫഷണൽ നാടക നടൻ്റെ ഗംഭീര ശബ്ദമായിട്ടാണ് എനിക്കത് അനുഭവപ്പെടാറ്. നടൻ്റെ ആകാരഭംഗിയുമുണ്ട് മാഷിന്. ഞങ്ങളുടെ ജിയോളജി പ്രൊഫസർ എന്നതിലുപരി പ്രമുഖ നാടകകൃത്ത്, സിനിമാ സംവിധായകൻ, സിനിമാ ഗാന രചയിതാവ്… എല്ലാമാണ് പ്രൊഫ.ജി.ഗോപാലകൃഷണൻ. നാടകം എഴുതി സംവിധാനം ചെയ്ത് അഭിനയിക്കുകയും ചെയ്യും.
നാടക രചനയും അഭിനയവും രക്തത്തിലലിഞ്ഞ മാഷ് എഴുപത്തേഴാം വയസ്സിലും കർമ്മനിരതൻ. തിരുവനന്തപുരം കുമാരപുരത്തെ വീട്ടിലാണ് അദ്ദേഹം താമസിക്കുന്നത്. മലയാളത്തിലെ ഒറ്റ സിനിമാ ഗാനം മതി അദ്ദേഹത്തിലെ പ്രതിഭയെ അറിയാൻ. സ്വന്തം തിരക്കഥയിൽ 1978ൽ ഇറങ്ങിയ ‘പാദസരം’ എന്ന സിനിമയിലെ

‘മോഹ വീണതൻ തന്തിയിൽ ഒരു രാഗം കൂടി ഉണർന്നെങ്കിൽ…’ എന്ന ഗാനം അറിയാത്ത മലയാളികൾ ഉണ്ടാവില്ല. ദേവരാജൻ്റെ സംഗീതത്തിൽ പി.സുശീലയാണ് ഈ ഗാനം പാടിയത്. ടി.ജി.രവി ആദ്യമായി പ്രധാന വേഷത്തില് അഭിനയിച്ച സിനിമ കൂടിയാണിത്.
പിന്നീടങ്ങോട്ട് നാടക ഗാനങ്ങൾ എഴുതിയിട്ടുണ്ടെങ്കിലും സിനിമാ ഗാനങ്ങൾ എഴുതിയിട്ടില്ല. പാട്ടെഴുത്തിൽ അറം പറ്റിയതു പോലെ ഉണ്ടായ ഒരു സംഭവം ഗോപാലകൃഷ്ണണൻ മാഷ് പല അവസരത്തിലും പറഞ്ഞിട്ടുണ്ട്. ചെന്നൈ എ.വി.എം. സ്റ്റുഡിയോയിൽ പാട്ടിൻ്റെ റിക്കാർഡിംഗ് പ്രവർത്തനം നടന്നു കൊണ്ടിരിക്കുന്നു. ഹാർമോണിയത്തിനു മുന്നിലിരുന്ന് പി.സുശീലയ്ക്ക് പാട്ട് പറഞ്ഞു കൊടുക്കുകയാണ് ദേവരാജൻ മാഷ്. പാട്ടിൻ്റെ ചരണം പാടി നോക്കിയപ്പോൾ ദേവരാജൻ മാഷ് ഒന്ന് ശങ്കിച്ചു.
“സംഗമസ്ഥാനമെത്തുകില്ലെൻ്റെ സർഗ്ഗസംഗീത ഗംഗകൾ…. ആദ്യ പാട്ടല്ലെ, ഇങ്ങനെയൊക്കെ എഴുതാമോ, അറം പറ്റിപോകില്ലെ. ഗൗരവക്കാരനായ ദേവരാജൻ മാഷ് ചിരിച്ചുകൊണ്ടാണ് ഇങ്ങനെ ചോദിച്ചത്. സിനിമയിലെ

കഥാപാത്രത്തിൻ്റെ സാഹചര്യത്തിന് ഒപ്പിച്ച് എഴുതിയതാണെണ് ഗോപാല കൃഷ്ണൻ മാഷ് പറഞ്ഞപ്പോൾ ദേവരാജൻ മാഷ് ഒന്നും മിണ്ടിയില്ല. പറഞ്ഞതുപോലെ സംഭവിച്ചു. പിന്നെ പാട്ടെഴുതാൻ അവസരങ്ങൾ ഒത്തു വന്നില്ല – ഗോപാലകൃഷ്ണൻ മാഷ് പറഞ്ഞു.
സർക്കാർ -പ്രൈവറ്റ് കോളേജുകളിലായി 54 വർഷത്തെ അധ്യാപക ജീവിതത്തിനിടയിൽ 20 പ്രൊഫഷണൽ നാടകങ്ങൾ അടക്കം അമ്പതോളം നാടകങ്ങൾ എഴുതിയിട്ടുണ്ട്. മാത്രമല്ല ആകാശവാണിക്കു വേണ്ടിയും നാടകങ്ങൾ എഴുതി. നെടുമുടി വേണുവിനും മറ്റുമൊപ്പം അതിൽ പങ്കെടുത്തിട്ടുമുണ്ട്. ടി.എൻ. ഗോപിനാഥൻ നായർ സിനിമാ

നടന്മാരായ കൊട്ടാരക്കര ശ്രീധരൻ നായർ, മധു, അസീസ്, ജഗന്നാഥൻ, കൊച്ചുപ്രേമൻ, പി.സി.സോമൻ, രവി വള്ളത്തോൾ, കവിയൂർ പൊന്നമ്മ, അടൂർ ഭവാനി, അടൂർപങ്കജം, കെ.പി.എ. സി.ലളിത, ആനന്ദവല്ലി, വിന്ദു
ജാമേനോൻ, ചിപ്പി… ഇങ്ങനെ ജി.ഗോപാലകൃഷ്ണൻ്റെ നാടകത്തിൽ അഭിനയിച്ചവർ ഒട്ടേറെയുണ്ട്.
1968ൽ കൊല്ലം നാഷണൽ തീയേറ്റേഴ്സിനു വേണ്ടി എഴുതിയ ശിലായുഗം നൂറ് കണക്കിന് സ്റ്റേജുകൾ കയറിയിട്ടുണ്ട്. ഇതിൽ കൊട്ടാരക്കര ശ്രീധരൻ നായരായിരുന്നു പ്രധാന നടൻ. കൊല്ലം ചൈതന്യ, അടൂർ ജയ തീയേറ്റേഴ്സ്,

ആറ്റിങ്ങൽ ദേശാഭിമാനി തീയേറ്റേഴ്സ്, വൈക്കം മാളവിക, തൃശ്ശൂർ കാഞ്ചന തീയേറ്റേഴ്സ്, കാഞ്ഞങ്ങാട് കാകളി തീയേറ്റേഴ്സ് തുടങ്ങി ഒരു കാലത്ത് തിളങ്ങിയ നാടക സമിതികളെല്ലാം അദ്ദേഹത്തിൻ്റെ നാടകവുമായി നാടുചുറ്റിയിട്ടുണ്ട്.
ശിലായുഗം, രാജസൂയം, സ്വാമി വിവേകാനന്ദൻ, ശ്രീഭൂവിലസ്ഥിര ചന്ദനം, രാജസൂയം, വാസവദത്ത, മാമാവെങ്കിടൻ, ധവളപത്രം ചില്ലാട്ടം, വെറുതെ മോഹിക്കുവാൻ മോഹം. ഡ്രാക്കുള തുടങ്ങി പല നാടകങ്ങളും ജനങ്ങൾ കൈ നീട്ടി സ്വീകരിച്ചവയായിരുന്നു. ആറ്റിങ്ങൽ ദേശാഭിമാനി തീയേറ്റേഴ്സിന് വേണ്ടി എഴുതിയ സ്വാമി വിവേകാനന്ദൻ ആയിരത്തോളം

സ്റ്റേജുകളിൽ കളിച്ചിട്ടുണ്ട്. 1988ൽ ഡ്രാക്കുള എന്ന നാടകം കാസർകോട് അവതരിപ്പിച്ചപ്പോൾ അതിൽ ടി.ജി.രവിയും അസീസും ചിന്ന കാസർകോടും അഭിനയിച്ചിരുന്നു. ‘1921’ എന്ന സിനിമയിൽ അഭിനയിക്കുന്നതിനിടെ നിലമ്പൂരിൽ നിന്നാണ് ടി.ജി.രവി നാടകത്തിനെത്തിയത്.
ചേർത്തല തുറവൂര് കോളശ്ശേരി വീടാണ് ജി.ഗോപാലകൃഷ്ണൻ്റെ തറവാട്. അമ്മ മാധവി അമ്മ. അച്ഛൻ ചേർത്തല ഗോപാലകൃഷണൻ സ്വാതന്ത്ര്യ സമര സേനാനിയും മന്നത്ത് പദ്മനാഭൻ്റെ വലം കൈയുമായിരുന്നു. എൻ.എസ്.എസ്സിൻ്റെ ആദ്യ രജിസ്ട്രാറായും പ്രവർത്തിച്ചു. വൈക്കം സത്യാഗ്രത്തിൽ പ്രവർത്തിച്ചു. ഈ സമയത്ത് ഗാന്ധിജി വന്നപ്പോൾ

പ്രസംഗം പരിഭാഷപ്പെടുത്തിയിട്ടുണ്ട്. സഹകരണ പ്രസ്ഥാനത്തിൻ്റെ ആദ്യകാല നേതാവു കൂടിയായ അദ്ദേഹം 1947ൽ തിരുവനന്തപുരത്ത് ട്രാവൻകൂർ കോ-ഓപ്പറേറ്റീവ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ സെക്രട്ടറിയായി.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് ജിയോളജി വകുപ്പിലാണ് എം.എസ്.സി ജിയോളജി പഠിച്ചത്. കേരളത്തിൻ്റെ ചീഫ് സെക്രട്ടറിയായി വിരമിച്ച എം.വിജയനുണ്ണി നമ്പ്യാരും യൂണിവേഴ്സിറ്റി കോളേജ് പ്രിൻസിപ്പലായി വിരമിച്ച എസ്.മോഹൻകുമാറും സഹപാഠികളാണ്. 1969ൽ ജിയോളജി ലക്ച്ചററായി കാസർകോട് ഗവ.കോളേജിൽ നിയമിതനായി. സ്കൂൾ കോളേജ് കാലത്തു തുടങ്ങിയ നാടകരചന പിന്നീട് സുവർണ്ണ കാലത്തിലേക്ക് കടന്നു.

ഈ കാലത്ത് കോളേജിൽ ബി.എസ്.സി. മാത്തമാറ്റിക്ക്സ് പഠിക്കുകയായിരുന്ന നർത്തകി കൂടിയായ കാഞ്ഞങ്ങാട്ടുകാരി ഒ.സി.സുശീല ജീവിത സഖിയായി. കാഞ്ഞങ്ങാട്ടെ കെ.പി.കുമാരൻ നായർ വക്കീലിൻ്റെ മകളാണ് സുശീല. പിന്നീട് തൃശ്ശൂർ, തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജുകളിൽ പ്രവർത്തിച്ചു.തൃശ്ശൂർ എഞ്ചിനീയറിംഗ് കോളേജിലെ മെക്കാനിക്കൽ പൂർവ്വ വിദ്യാർത്ഥിയായിരുന്ന ടി.ജി.രവി ഈ കാലത്ത് ഗോപാലകൃഷ്ണൻ്റെ പല നാടകങ്ങളിലും അഭിനയിച്ചിരുന്നു.
അങ്ങനെ 1978 ൽ രവിയുടെ അനുജന് ടി.ജി.ചന്ദ്രകുമാർ നിർമ്മിച്ച് എ.എൻ.തമ്പി സംവിധാനം ചെയ്ത ‘പാദസരം’ എന്ന സിനിമയ്ക്ക് തിരക്കഥയെഴുതി. മോഹ വീണതൻ തന്തിയിൽ… എന്ന ഗാനവും

രചിച്ചു. ടി.ജി.രവി, കൊട്ടാരക്കര ശ്രീധരൻ നായർ, പി.ജെ.ആൻ്റണി, ജോസ്, ശോഭ തുടങ്ങിയവരും ഇതിൽ അഭിനയിച്ചു. 1979ൽ ‘ചോര ചുവന്ന ചോര’ എന്ന സിനിമ തിരക്കഥയെഴുതി സംവിധാനം ചെയ്തു. കുതിരവട്ടം പപ്പുവും മാള അരവിന്ദനും രണ്ട് സിനിമകളിലും അഭിനയിച്ചിരുന്നു. 2009 ലെ ദേശീയ റേഡിയോ നാടകോത്സവത്തിൽ കഥകളിയെ ആസ്പദമാക്കി എഴുതിയ ‘നളചരിതം’ അവതരിപ്പിച്ചിരുന്നു. കുട്ടികളുടെ നാടകങ്ങളും എഴുതിയിട്ടുണ്ട്.
കോട്ടയം നാട്ടകം ഗവ.കോളേജിലും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലും പ്രവർത്തിച്ചിട്ടുള്ള ഗോപാലകൃഷ്ണൻ പിന്നീട് പേരാമ്പ്ര സി.കെ.ജി. മെമ്മോറിയൽ ഗവ.കോളേജ്, തലശ്ശേരി ബ്രണ്ണൻ കോളേജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിൽ പ്രിൻസിപ്പലായി. എറണാകുളത്ത് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയരക്ടറായാണ് വിരമിച്ചത്. ഭാര്യ സുശീല കേരള സർവ്വകലാശാല സെക് ഷൻ ഓഫീസറായായിരുന്നു. മകൻ റോഷൻ എയർഫോഴ്സിൽ

വിംഗ്കമാൻ്ററായിരുന്നു. ഇപ്പോൾ പുണെ രാംകോ സോലൂഷൻസിൽ ജോലി ചെയ്യുന്നു. റോഷൻ്റെ ഭാര്യ സജിനി. മകൾ ആരതി നർത്തകിയും പാട്ടുകാരിയുമാണ്. ഭർത്താവ് രമേഷ് ചന്ദ്രനൊപ്പം (ഡെൽ ) അമേരിക്കയിലാണ്.




















