ക്യാമറക്കണ്ണിലൂടെ പ്രകൃതിയുടെ വർണ്ണങ്ങൾ ഒപ്പിയെടുത്ത് ദേവദാസ്
നാല് പതിറ്റാണ്ടുകാലത്തെ ക്യാമറയുമായുള്ള ജീവിതത്തിലൂടെ ദേവദാസ് ഒപ്പിയെടുത്തത് ആയിരക്കണക്കിന് പ്രകൃതി ദൃശ്യങ്ങൾ. സർക്കാർ സ്ഥാപനങ്ങളിലാണ് ഫോട്ടോഗ്രാഫറായി പ്രവർത്തിച്ചതെങ്കിലും പ്രകൃതിയെത്തേടിയുള്ള യാത്രയിലായിരുന്നു ദേവദാസ്.തിരുവനന്തപുരം നാഷണൽ സെൻ്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിൽ നിന്ന് ഫോട്ടോഗ്രാഫറായി വിരമിച്ച് ഇപ്പോൾ
പുലയനാർകോട്ടയിലെ വീട്ടിൽ വിശ്രമ ജീവിതത്തിലാണ്.1500 ലേറെ ഫോട്ടോ പ്രദർശനങ്ങളിൽ ദേവദാസിൻ്റെ ചിത്രങ്ങൾ പ്രദർശിപ്പിക്കുകയും നൂറിലേറെ അവാർഡുകൾ ലഭിക്കുകയും ചെയ്തിട്ടുണ്ട്. കൊൽക്കത്ത ആസ്ഥാനമായുള്ള ഫെഡറേഷൻ ഓഫ് ഇന്ത്യൻ ഫോട്ടോഗ്രാഫി യുടെ ഫെല്ലോ കൂടിയാണ്. കൊല്ലം
തിരുമുല്ലവാരത്താണ് കുടുംബവീട്. കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിൽ ബികോം പഠിക്കുന്ന കാലത്താണ് ഫോട്ടോഗ്രാഫിയിൽ താല്പര്യം തോന്നിയത്. സുഹൃത്തുക്കളുടെ ക്യാമറ വാങ്ങിയാണ് അന്ന് ഫോട്ടോ എടുത്തത്. പിന്നീട് സ്വന്തമായി ക്യാമറ വാങ്ങി. ഡിഗ്രി പഠനം കഴിഞ്ഞ് 1973 മുതൽ ഫ്രീലാൻസ് ഫോട്ടോഗ്രാഫറായി പ്രവർത്തിച്ചു.1974ൽ കൊല്ലത്ത് ഫോട്ടോഗ്രാഫർമാരെ സംഘടിപ്പിച്ച്
സൊസൈറ്റി ഓഫ് കേരള സ്ഥാ പിച്ചു. അന്ന് ദിനപ്പത്രങ്ങൾക്കും ഫോട്ടോ എടുത്തു കൊടുക്കുമായിരുന്നു. കൊട്ടാരക്കര ഏനാത്ത് എന്ന സ്ഥലത്ത് നടന്ന കാളപൂട്ട് മത്സരത്തിൻ്റെ ഫോട്ടോ 1977 ൽ കേരളകൗമുദി, ജനയുഗം എന്നീ പത്രങ്ങളിൽ വന്നിരുന്നു. ഇതിന് ന്യൂഡൽഹി പ്രസ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ നാഷണൽ പ്രസ്സ് ഫോട്ടോ അവാർഡ് കിട്ടി. തുടക്കത്തിൽതന്നെ ഒരു ദേശീയ അവാർഡ് കിട്ടിയത് വലിയ പ്രോത്സാഹനമായി.1979 ൽ കോഴിക്കോട് ജലവിഭവ വിനിയോഗ
കേന്ദ്രത്തിൽ ഫോട്ടോഗ്രാഫറായി നിയമനം കിട്ടി. അക്കാലത്ത് കൃഷിയും വെള്ളവുമായി ബന്ധപ്പെട്ട ഒട്ടേറെ ചിത്രങ്ങൾ എടുക്കാൻ കഴിഞ്ഞു.1983ൽ തിരുവനന്തപുരം നാഷണൽ സെൻ്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിൽ ജോലി കിട്ടി. ഭൗമ ശാസ്ത്രവുമായി ബന്ധപ്പെട്ട് കേരളത്തിലെ കാടുകളിൽ അടക്കം പല സ്ഥലങ്ങളും സന്ദർശിച്ച് ഫോട്ടോ എടുക്കാനുള്ള അവസരം അന്നുണ്ടായി. പാറകളുടെയും ധാതുക്കളുടെയും അപൂർവ്വ ചിത്രങ്ങൾ പകർത്തി. ശാസ്ത്രജ്ഞനായ ഡോ.എം.സന്തോഷിൻ്റെ ഗവേഷണത്തിനായി അദ്ദേഹത്തോടൊപ്പം പല സ്ഥലങ്ങളും സന്ദർശിച്ച് ചിത്രങ്ങൾ പകർത്തി. പരിസ്ഥിതി ശാസ്ത്ര
വിഭാഗത്തിലെെ ശാസ്ത്രജ്ഞരായ ഡോ.കെ. കെ. രാമചന്ദ്രൻ , ഡോ. സി. എൻ.മോഹൻ എന്നിവർക്കൊപ്പവും കേരളത്തിൽ മൂന്നാർ അടക്കം പല സ്ഥലങ്ങളിലും ക്യാമ്പ് ചെയ്ത് ചിത്രങ്ങൾ ക്യാമറയിലാക്കി. കേരളത്തിലെ പല കാവുകളിലും പോയി അപൂർവ്വ സസ്യങ്ങളുടെ ചിത്രങ്ങൾ എടുത്തിട്ടുണ്ട്. പാലോട് ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡന് വേണ്ടിയും ഈ കാലത്ത് ഫോട്ടോ എടുത്തിരുന്നു. 2007ലാണ് ടെക്നിക്കൽ ഓഫീസറായി നാഷണൽ സെൻ്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിൽ നിന്ന് വിരമിച്ചത്.
1979 ൽ ഇന്ത്യൻ ഫോട്ടോഗ്രാഫിക്ക് കൗൺസിലിൻ്റെമികച്ച പ്രകൃതി ഫോട്ടോഗ്രാഫറായി തിരഞ്ഞെടുക്കപ്പെട്ടു.2009 ൽ കേരള പ്രൊഫഷണൽ ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ്റെ അവാർഡ് ലഭിച്ചു. ഇൻ്റർനാഷണൽ ഫോട്ടോഗ്രാഫിക്ക് കൗൺസിലിൻ്റെ പ്ലാറ്റിനം ഗ്രേഡ് എക്സിബിറ്ററാണ്.ഫെഡറേഷൻ ഓഫ് ഇന്ത്യൻ ഫോട്ടോഗ്രാഫി തുടർച്ചയായി പത്ത് തവണ മികച്ച നാച്ച്വർ ഫോട്ടോഗ്രാഫറായി തിരഞ്ഞെടുത്തിരുന്നു. ഇന്ത്യയിലെ പല നഗരങ്ങളിലെയും ഫോട്ടോ പ്രദർശനങ്ങൾക്ക് നേതൃത്വം നൽകിയിട്ടുമുണ്ട്. ചാർട്ടേഡ് അക്കൗണ്ടൻ്റായ മകൾ കാർത്തികദാസ് അച്ഛൻ്റെ പാത പിന്തുടർന്ന് ഈ രംഗത്തുണ്ട്. ഉഷാദാസാണ് ഭാര്യ.