ചുവരിലെ വേര് വർണ്ണ ചിത്രമാക്കി ഡാവിഞ്ചി സുരേഷ്
ചുവരിൽ പടർന്നു കയറിയ ചെടിയുടെ വേരു കൊണ്ട് ഡാവിഞ്ചി സുരേഷ് മനോഹര ചിത്രമൊരുക്കി. മൂന്നു മണിക്കൂർ കൊണ്ട് ചുവരിലെ വേരുകൾ വർണ്ണ ചിത്രമായി. തൃശ്ശൂർ വലപ്പാട് ഹൈസ്കൂള്‍ ഗ്രൗണ്ടിന് തെക്കുവശമുള്ള ഗുരുദേവ മണിചേട്ടന്റെ വീടിന് മുമ്പിലുള്ള ചായക്കടയുടെ ഭിത്തിയിലാണ് ഉണങ്ങിയ വേരുകള്‍ നിറഞ്ഞിരുന്നത്. സുഹൃത്തുക്കളായ ജയന്‍ ബോസും ജിഹാസ് വലപ്പാടും ഇതിന്റെ ഫോട്ടോ അയച്ചു തന്നപ്പോൾ മനസ്സിൽ വിരിഞ്ഞ ആശയമാണ്
ഇങ്ങനെയൊരു ചിത്രം ചെയ്യാനുള്ള സാഹചര്യമുണ്ടാക്കിയതെന്ന് സുരേഷ് പറയുന്നു. നൂറു മീഡിയങ്ങള്‍ കൊണ്ട് ചിത്രങ്ങളുണ്ടാക്കാനുള്ള ലക്ഷ്യവുമായുള്ള യാത്രയില്‍ അറുപത്തിനാലാമത്തെ ഇനമായി റൂട്ട്ആര്‍ട്ട് സ്ഥാനം പിടിച്ചു. വേരുകളിലെ ചിത്രത്തിനാവശ്യമായ ഭാഗങ്ങള്‍
നിലനിര്‍ത്തുകയും ബാക്കിയുള്ള ഭാഗങ്ങളില്‍ പെയിന്‍റ് ചെയ്യുകയും ചെയ്തു. വെള്ളം കുടിക്കുന്ന പുലിയുടെയും കുതിരയുടെയും തലയാണ് വേരുകളില്‍ തെളിഞ്ഞത്. പതിനഞ്ചടി വീതിയും പത്തടി ഉയരവുമുള്ള ഭിത്തിയിലാണ് ചിത്രം രൂപപ്പെടുത്തിയത്. സഹായത്തിനായി
സുഹൃത്ത് രാകേഷ് പള്ളത്തും ഉണ്ടായിരുന്നു. ചിത്രം ഉണ്ടാക്കിയതിന്റെ വീഡിയോ സുരേഷ് സ്വന്തം യു ട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.