63 അടച്ചിട്ട ദിനങ്ങളിലെ 63 ചിത്രങ്ങളുമായി സുരേഷ്
ആകര്‍ഷ് കൃഷ്ണന്‍
ലോകം കോവിഡിന്റെ പിടിയിലമർന്ന് ലോക് ഡൗണായപ്പോൾ 63 ദിവസം കൊണ്ട് ഡാവിഞ്ചി സുരേഷ് വരച്ചത് 63 ചിത്രങ്ങൾ. ഈ കടും നിറങ്ങളിലെങ്ങും നിറഞ്ഞത് രാജ്യത്തെ കൊറോണ കാഴ്ചകളും ബോധവൽക്കരണവുമാണ്.
ലോക് ഡൗണായി വീട്ടിൽ ഒതുങ്ങിക്കൂടേണ്ടി വന്നപ്പോൾ ചിത്രകാരനും ശില്പിയുമായ സുരേഷിന് പിന്നെ ഒന്നും ചിന്തിക്കാനുണ്ടായില്ല. കൊടുങ്ങല്ലൂർ തിരുവള്ളൂരിലെ വീട് ചിത്രങ്ങളുടെ പണിപ്പുരയായി. എല്ലാ ദിവസവും വരച്ച ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയും ചെയ്തു. ഓരോ ചിത്രങ്ങളും ഒന്നും രണ്ടും മണിക്കൂറെടുത്താണ് വരച്ചത്.
വാട്ടര്‍ കളറും കളര്‍ പെന്‍സിലുമാണ് ഇതിനായി ഉപയോഗിച്ചത് . ദിവസവും അന്നന്നത്തെ പ്രധാനപ്പെട്ട വിഷയങ്ങള്‍ തിരഞ്ഞെടുത്ത് ആ വിഷയത്തിന് ചിത്രകാരന്റേതായ വിവരണങ്ങൾ ഉള്‍പ്പെടുത്തിയാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്തത്.
ഭാവനയില്‍ വിരിയുന്ന ചിത്രങ്ങളും കാര്‍ട്ടൂണുകളും കാരിക്കേച്ചറും ചില വൈറല്‍ ഫോട്ടോകളും സുഹൃത്തുക്കള്‍ അയച്ചു തരുന്ന ഫോട്ടോകളും ഉള്‍പ്പെടുത്തിയാണ് അറുപത്തിമൂന്നു ചിത്രങ്ങള്‍ മേനെഞ്ഞെടുത്തതെന്ന് സുരേഷ് പറയുന്നു.
ലോക് ഡൗൺ തുടങ്ങിയ ദിവസം മുതല്‍ അറുപത്തിമൂന്നാമത്തെ ചിത്രം വരെ ഒരു ദിവസം പോലും വര മുടങ്ങിയിട്ടില്ല. കേരളം പിറവിയെടുത്തിട്ട് 63 വർഷങ്ങൾ കഴിഞ്ഞ് വന്ന കൊറോണക്കാലത്തിന്റെ ജീവിത രേഖകളുടെ ഓർമക്കായി മലയാളികൾക്കുള്ള സമർപ്പണമാണ് ഈ വരകൾ – സുരേഷ് പറയുന്നു. പോലീസുകാരും ആരോഗ്യ പ്രവര്‍ത്തകരും സന്നദ്ധ പ്രവര്‍ത്തരും അടക്കം കോവിഡ് പ്രതിരോധത്തിനായി പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കുമുള്ള ആദരവ് കൂടിയാണ് ചിത്രങ്ങള്‍.
ജനങ്ങള്‍ ഓരോസമയത്തും പാലിക്കേണ്ട നിര്‍ദേശങ്ങളും നിയമങ്ങളും ചിത്രങ്ങളായി ബോധവല്‍ക്കരിക്കാനാണ് വരച്ചത്. വൈറസിൽ നിന്ന് രക്ഷപ്പെടാനായി എല്ലാവരും വീട് അടച്ചിട്ട് അകത്തിരുന്നപ്പോൾ തെരുവിൽ ബോധവൽക്കരണത്തിനായി പാടുപെടുന്ന പോലീസുകാർക്കു വേണ്ടിയായിരുന്നു ആദ്യ ചിത്രം. വീട്ടിലുള്ള മക്കളോട് ഗെയിറ്റിനടുത്തു നിന്ന് യാത്ര പറഞ്ഞ് പോകുന്ന ഡോക്ടറുടെ ചിത്രമാണ് രണ്ടാം ദിവസം വരച്ചത്. ‘അകലം പാലിക്കുക ‘ എന്ന സന്ദേശം നൽകുന്നതായിരിന്നു ഈ ചിത്രം. ഭാര്യയോടൊപ്പം ബൈക്കിൽ പോകുന്ന ആളെ തടഞ്ഞു നിർത്തി പോലീസുകാരൻ വീട്ടിലിരിക്കാൻ പറയുന്നതായിരുന്നു മൂന്നാമത്തെ ചിത്രം.
കൊറോണ ചൈനയിൽ ആദ്യമായി റിപ്പോർട്ട് ചെയ്ത ഡോ.ലി വെൻലിയാങ് , ഫ്ലോറ്റൻസ് നൈറ്റിങ്കേൽ പകർച്ച വ്യാധിക്കിടയിൽ ആരോഗ്യ പ്രവർത്തകരും പോലീസും വൈദ്യുതി വകുപ്പ് ജീവനക്കാരും കഷ്ടപ്പെടുന്ന കാഴ്ചകൾ. അന്യസംസ്ഥാന തൊഴിലാളികളുടെ ദുരിതം, ലോറിയിൽ കയറി ജന്മനാട്ടിലെത്താൻ ശ്രമിക്കുന്ന തൊഴിലാളികളുടെ ദുരിതം എന്നിവയെല്ലാം ചിത്രങ്ങളായി.
നടൻ ഇന്ദ്രൻസ് മാസ്ക്ക്തുന്നുന്ന ചിത്രം, വ്യോമസേന ആരോഗ്യ പ്രവർത്തകർക്ക് ഐക്യദാർഡ്യം പ്രകടിപ്പിച്ച് പുഷ്പവൃഷ്ടി നടത്തിയത്,ഫ്ലാവില കൊണ്ട് മാസ്ക്ക് ഉണ്ടാക്കി കെട്ടിയ ആദിവാസി, മാസ്ക്കിട്ട് അകലം പാലിച്ച് സ്ക്കൂളിൽ പോകുന്ന കുട്ടികൾ, കോവിഡിന് പിന്നാലെ വരുന്ന പ്രളയത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ തുടങ്ങിയ ഡാവിഞ്ചി സുരേഷിന്റെ ചിത്രങ്ങൾ ബോധവൽക്കരണത്തിന്റെ പാഠങ്ങൾ ഉൾക്കൊള്ളുന്നതാണ്.
” കോവിഡ് കാലം അത്ര പെട്ടന്നൊന്നും അവസാനിക്കാൻ വഴിയില്ല എന്നാണ് ലോക രാജ്യങ്ങളുടെ അവസ്ഥകളിനിന്നു മനസിലാകുന്നത്. മനുഷ്യകുലം വാഴണമെങ്കിൽ ഈ ഭൂമിയിൽ നിന്ന് തന്നെ കോവിഡ് ഇല്ലാതാകണം. സേവന സന്നദ്ധരായ ആരോഗ്യപ്രവർത്തകർക്കു മികച്ച പിന്തുണ തന്നെ വേണം” – എന്ന കുറിപ്പോടെ ഡോക്ടർ പ്രാർത്ഥിക്കുന്ന ചിത്രം നമ്മെ ചിന്തിപ്പിക്കുന്നതാണ്. ഈ ചിത്രങ്ങളുടെ പ്രദര്‍ശനം നടത്താനും സുരേഷ് ആലോചിക്കുന്നുണ്ട്.
കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ ജോയിന്റ് സെക്രട്ടറിയായതിനാൽ കേരള സാമൂഹ്യ സുരക്ഷാ മിഷനും കാര്‍ട്ടൂണ്‍ അക്കാദമിയും ചേര്‍ന്ന് എല്ലാ ജീല്ലകളിലും സംഘടിപ്പിക്കുന്ന കാര്‍ട്ടൂണ്‍ മതിലില്‍ കൊറോണ ബോധവല്‍ക്കരണ കാര്‍ട്ടൂണുകള്‍ വരക്കുകയാണ് ഇപ്പോൾ സുരേഷ് . ലോക്ക് ഡൗണ്‍ തുടങ്ങും മുമ്പേ കൊറോണ പ്രതിരോധങ്ങളില്‍ ഏര്‍പ്പെട്ടു തുടങ്ങിയതാണ് .
പത്തടി വലുപ്പമുള്ള ജാഗ്രതാ ശില്പം ഉണ്ടാക്കിയാണ് തുടക്കം. രണ്ടു ഷോര്‍ട്ട് ഫിലിമുകളില്‍ അഭിനയിച്ചു. റെഡ് എഫ് എം പുറത്തിറക്കിയ ‘ അപ്പോഴും പറഞ്ഞില്ലേ ‘ എന്ന ആല്‍ബത്തില്‍ ‘ കൊറോണകാല ‘നായി വേഷം കെട്ടി. അങ്ങിനെ ഈ കൊറോണക്കാലം മുഴുവന്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ തിരക്കുകളിലാണ് സുരേഷ്.
”ലോകത്തിന്റെ മുക്കിലും മൂലയിലും വരെ കോവിഡ് തന്റെ സാന്നിധ്യം ഉറപ്പിച്ചു കഴിഞ്ഞു. യുദ്ധം അത് കോവിഡ് എന്ന വൈറസ്സിനോടാണ്. മരുന്ന് കണ്ടു പിടിക്കും വരെ പൊരുതി നിന്നേ മതിയാകൂ ” – എന്ന അടിക്കുറിപ്പോടെയാണ് കോവിഡിനോട് പൊരുതുന്ന ചിത്രം അറുപത്തിമൂന്നാം ദിവസം വരച്ചത്.
” പ്രളയവും കൊറോണയും തകര്‍ത്ത സീസണുകളിലെ ജീവിതമാര്‍ഗ്ഗമായ ചലനാത്മക ശില്പങ്ങളുടെ അവസരങ്ങള്‍ നഷ്ടപ്പെട്ടു. സീസണുകളിലെ ആഘോഷങ്ങളില്‍ മാത്രം കൊണ്ടു പോകുന്ന ശില്പങ്ങള്‍ രണ്ടു വര്‍ഷമായി അനങ്ങാതിരിക്കുകയാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമ്പോള്‍ ജീവിക്കാനുള്ള മാര്‍ഗ്ഗം ചോദ്യ ചിഹ്നമായി നില്‍ക്കുകയാണ് ” – എന്ന കുറിപ്പോടെയാണ് സുരേഷ് തന്റെ അറുപത്തിമൂന്നാമത്തെ ചിത്രം ആസ്വാദകർക്കായി സമർപ്പിച്ചത്.