കളർ മാസ്ക്കുകള്‍ കൊണ്ടൊരു അമിതാഭ് ബച്ചന്‍ ചിത്രം
കളർ മാസ്ക്കുകള്‍ നിരത്തിവെച്ച് നടൻ അമിതാബ് ബച്ചന്റെ ചിത്രം ഒരുക്കിയിരിക്കുകയാണ് ചിത്രകാരനും ശില്പിയുമായ കൊടുങ്ങല്ലൂരിലെ ഡാവിഞ്ചി സുരേഷ്. കോവിഡ് കാലത്തെ ഓണത്തിന് മുന്നോടിയായിട്ടാണ് ചിത്രം വരച്ചിരിക്കുന്നത്.
25 അടി നീളത്തിലും പതിനഞ്ചടി വീതിയിലും ഓണക്കളം തീര്‍ക്കും പോലെ പൂക്കൾക്ക് പകരം മാസ്ക്കുകള്‍ ഉപയോഗിച്ച് മൂന്നു പീടിക യമുനാ ഓഡിറ്റോറിയത്തിലാണ് ഈ കൗതുകം തീർത്തിരിക്കുന്നത്. 2500 മാസ്ക്കുകൾ ഉപയോഗിച്ച് എട്ട് മണിക്കൂര്‍ കൊണ്ടാണ് ചിത്രമൊരുക്കിയത്.
തൃശൂര്‍ ജില്ലാ പഞ്ചായത്ത് തൃപ്രയാര്‍ ഡിവിഷന്‍ മെമ്പര്‍ ശോഭാ സുബിന്‍റെ നേതൃത്വത്തില്‍ തീരദേശത്തെ ജനങ്ങള്‍ക്ക് ഓണസമ്മാനമായി മാസ്ക് വിതരണം നടത്തുന്നതുമായി ബന്ധപ്പെട്ടാണ് സുരക്ഷാ ചിട്ടവട്ടങ്ങളോടെ മാസ്ക് ചിത്രം തീര്‍ത്തത്. തറയിൽ വെള്ളത്തുണി വിരിച്ച് അതിൽ പെൻസിൽ കൊണ്ട് സ്കെച്ചിട്ട് വിവിധ നിറങ്ങളിലുള്ള മാസ്ക്കുകള്‍ പ്രത്യേക രീതിയിൽ നിരത്തി വെച്ചാണ് ചിത്രം ഉണ്ടാക്കിയത്.
ഉയരത്തിൽ നിന്ന് നോക്കിയാൽ ഒരു പെയിന്റിങ് പോലെ മനോഹരമാണ് ചിത്രം. മാസ്ക്കും ഗ്ലൗസുമൊക്കെ ഇട്ടാണ് ചിത്രം നിര്‍മിച്ചതെന്ന് സുരേഷ് പറഞ്ഞു. ഓഡിറ്റോറിയത്തില്‍ നാലുപേരാണ് ശോഭാസുഭിനെക്കൂടാതെ സഹായികളായി ഉണ്ടായിരുന്നത്. കോവിഡിനെ ചെറുക്കാനായി മാസ്ക് നിര്‍ബന്ധമായും ധരിക്കാനുള്ള സന്ദേശമാണ് ഈ ചിത്രമെന്ന് ഡാവിഞ്ചി സുരേഷ് പറയുന്നു. ചിത്രം ഉണ്ടാക്കുന്നതിന്റെ വീഡിയോ സുരേഷ് തന്റെ യുട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.