പിറന്നാള്‍ സമ്മാനമായി ഫഹദിന് നൃത്തം ചെയ്ത് കാലുകൊണ്ട് വരച്ച ചിത്രം

നൃത്തം ചെയ്ത് കാലുകൊണ്ട് അശ്വതി കൃഷ്ണ വരച്ചു. ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ നിലത്ത് തുണിയിൽ തെളിഞ്ഞത് നടൻ ഫഹദിൻ്റെ ചിത്രം. ഫഹദ് ഫാസിലിന്‍റെ പിറന്നാള്‍ ദിവസമായ ആഗസ്റ്റ് എട്ടിന് സമ്മാനമായിട്ടാണ്‌ എട്ടടി വലുപ്പമുള്ള തുണിയില്‍ നിയമ വിദ്യാര്‍ഥിനിയായ അശ്വതി കൃഷ്ണ ചിത്രം ഒരുക്കിയത്.

നര്‍ത്തകിയും ചിത്രകാരിയുമായ അശ്വതി നൃത്തവും ചിത്രകലയും കൂട്ടിച്ചേര്‍ത്ത് കാല്‍പാദം ഉപയോഗിച്ച് സ്റ്റെന്‍സില്‍ രൂപത്തിലാണ് ഫഹദിന്‍റെ ചിത്രം വരച്ചത്. ആദ്യം പെൻസിൽ കൊണ്ട് തുണിയിൽ 

ചിത്രം വരച്ചുണ്ടാക്കി. ഒരുമണിക്കൂര്‍ സമയമെടുത്ത്‌ വീടിന്‍റെ മുകളിലെ സിറ്റൌട്ടില്‍ വെച്ചാണ് നൃത്തം ചെയ്ത്  ഈ ചിത്രം രൂപ കല്പന ചെയ്തിരിക്കുന്നത്. അക്രലിക് കളറിലാണ് ചിത്രം വരച്ചത്‌

നൃത്തം ചെയ്ത് ഒപ്പം കാലുകൊണ്ട്‌ ചിത്രം വരക്കാൻ വലിയ ബുദ്ധിമുട്ടാണ്. പെയിന്റിന് മുകളില്‍ നിന്നുകൊണ്ട് നൃത്തം ചെയ്യുമ്പോൾ തെന്നി വീഴാനുള്ള സാധ്യതയും കൂടുതലാണ്. ഈ പരിമിതികളില്‍ നിന്നുകൊണ്ട് പല തവണ റിഹേഴ്സലെടുത്താണ് ഈ ചിത്രം

രൂപപ്പെടുത്തിയത്. കൊടുങ്ങല്ലൂര്‍ തിരുവള്ളൂര്‍ മടവനയില്‍ താമസിക്കുന്ന അശ്വതി മാള പൊയ്യയിലുള്ള എ.ഐ. എം. ലോ കോളേജിലെ നാലാം വര്‍ഷ വിദ്യാര്‍ഥിനിയാണ്. കൊടുങ്ങല്ലൂരിലെ ചിത്രകാരനും ശില്പിയുമായ ഡാവിഞ്ചി സുരേഷിന്‍റെ ജേഷ്ഠന്‍ ഡാവിഞ്ചി ഉണ്ണികൃഷ്ണന്‍റെയും ശോഭയുടെയും രണ്ടു മക്കളില്‍ മൂത്ത മകളാണ് അശ്വതികൃഷ്ണ.

മൂന്നു വയസ്സു മുതൽ നൃത്തം പഠിക്കുന്നുണ്ട്. കൊടുങ്ങല്ലൂർ അമൃത വിദ്യാലയത്തിൽ പഠിക്കുമ്പോൾ നൃത്തത്തിൽ സംസ്ഥാന കലോത്സവത്തിൽ പങ്കെടുത്തിട്ടുണ്ട്. കണ്ണൂർ 

ലാസ്യ കോളേജിൽ കലാമണ്ഡലം ലതയുടെ കീഴിൽ ഭരതനാട്യം പഠിച്ചിട്ടുണ്ട്. ഇപ്പോൾ എറണാകുളത്ത് കാവ്യാ മാധവ് ടീച്ചറുടെ കീഴിൽ തേജോമയ് ഡാൻസ് സ്‌ക്കൂളിലാണ് നൃത്തം പഠിക്കുന്നത്. അച്ഛൻ്റെ സഹോദരന്‍ ഡാവിഞ്ചി സുരേഷാണ് നൃത്തം ചെയ്ത് കാലുകൊണ്ട് ചിത്രം വരയ്ക്കാനുള്ള ഐഡിയ പറഞ്ഞുതന്നതെന്ന്‌ അശ്വതി പറഞ്ഞു.
പെൻസിൽ ഡ്രോയിങ്ങും പെയിൻ്റിങ്ങും ചെയ്യാറുണ്ട്. തുണിയിൽ മ്യൂറൽ പെയിൻ്റിങ്ങും ചെയ്യാറുണ്ട്. ഈ നൃത്തരൂപം ക്യാമറയില്‍ പകര്‍ത്തിയത് പ്രജീഷ് ട്രാന്‍സ് മാജിക് ആണ്.

One thought on “പിറന്നാള്‍ സമ്മാനമായി ഫഹദിന് നൃത്തം ചെയ്ത് കാലുകൊണ്ട് വരച്ച ചിത്രം

  1. പക്ഷെ ആ ഡാൻസ് വീഡിയോ കാണിക്കണം ആയിരുന്നു

Leave a Reply

Your email address will not be published. Required fields are marked *