പാഴ് വസ്തുക്കൾ കെട്ടിതൂക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ ചിത്രം
കൈയിൽ കിട്ടിയ സാധനങ്ങളെല്ലാം പല ഉയരത്തിൽ നൂലിൽ കെട്ടിത്തൂക്കി ഇന്ദ്രജിത്ത് ഡാവിഞ്ചി ചിത്രമൊരുക്കി. മുകളിൽ സ്ഥാപിച്ച ഗ്രിൽ കമ്പിയിൽ പാഴ് വസ്തുക്കൾ വിവിധ അകലത്തിൽ നൂലിൽ കെട്ടി തൂക്കിയാണ് ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ചിത്രമൊരുക്കിയത്.
ഒരു പ്രത്യേക കോണിൽ വരുമ്പോൾ മാത്രമാണ് ചിത്രം തെളിയുക. പത്തു ദിവസത്തെ ഒഴിവു സമയങ്ങളിൽ തയ്യാറാക്കിയതാണിത്.
കൊടുങ്ങല്ലൂരിലെ ചിത്രകാരനും ശില്പിയുമായ ഡാവിഞ്ചി സുരേഷിൻ്റെ മകനാണ് പ്ലസ് വൺ വിദ്യാർത്ഥിയായ ഇന്ദ്രജിത്ത്.
തറയിൽ തൊടാതെ നൂലുകളിൽ തൂങ്ങിക്കിടക്കുന്ന രീതിയിൽ സെറ്റ് ചെയ്യാൻ കുപ്പിയും പാട്ടയും കല്ലും കമ്പിയും അടങ്ങുന്ന നിരവധി സാധനങ്ങളാണ് ഉപയോഗിച്ചത്. ആദ്യം ഇതിൻ്റെ മിനിയേച്ചർ ഉണ്ടാക്കി വിജയിച്ച ശേഷമാണ് വലിയ രീതിയിൽ ചെയ്തത്. വ്യത്യസ്തമായ
രീതിയിയിലുള്ള ചിത്രങ്ങൾ ഇന്ദ്രജിത്ത് ഇതിന് മുമ്പും ഉണ്ടാക്കിയിരുന്നു. കൈവിരൽ, കാൽവിരൽ, ചുണ്ട്, മൂക്ക് എന്നിവ കൊണ്ട് വരച്ച് പരീക്ഷണങ്ങളിൽ ഏർപ്പെടാറുണ്ട്. മൂക്ക് കൊണ്ട് സൂര്യയെ വരച്ചതും ചുണ്ടുകൾ കോണ്ട് മോഹൻലാലിനെ വരച്ചതും വാർത്തയായിരുന്നു. ഇത് സൂര്യ ട്വിറ്ററിൽ ഷെയർ ചെയ്യുകയും മോഹൻലാൽ ഫോണിൽ വിളിച്ച് അഭിനന്ദിക്കുകയും ചെയ്തിരുന്നു.