ക്രിസ്മസ് നക്ഷത്രങ്ങൾ ഒരുക്കി കുടുംബശ്രീ യൂണിറ്റുകൾ
ക്രിസ്മസ് എത്താറായതോടെ ക്രിസ്മസ് നക്ഷത്ര വിപണിയും ഉണർന്നു. വിപണിയിലേക്ക് എൽ.ഇ.ഡി നക്ഷത്രങ്ങൾ ഒരുക്കി നൽകുന്ന തിരക്കിലാണ് എറണാകുളം മുടക്കുഴ ഗ്രാമപഞ്ചായത്ത് പത്താം വാർഡിലെ കുടുംബശ്രീ യൂണിറ്റ് അംഗങ്ങൾ. കണ്ണൻചേരി മുകളിലെ സാംസ്കാരിക നിലയത്തിൽ സ്വയം തൊഴിൽ സംരഭങ്ങളുടെ ഭാഗമായാണ് കുടുംബശ്രീ വനിതകൾ എൽ.ഇ.ഡി നക്ഷത്രങ്ങൾ നിർമ്മിക്കുന്നത്.
കരാർ അടിസ്ഥാനത്തിൽ അസംസ്‌കൃത വസ്തുക്കൾ സ്വീകരിക്കുകയും നക്ഷത്രങ്ങളാക്കി തിരികെ നൽകുകയുമാണ് ഇവർ ചെയ്യുന്നത്. ഒരു നക്ഷത്രത്തിന് നിശ്ചിത തുക പ്രതിഫലമായി ലഭിക്കും.
ഒക്ടോബർ പകുതിയോടെയാണ് നക്ഷത്ര നിർമ്മാണം ആരംഭിച്ചത്. ഇതുവരെ അമ്പതിനായിരം നക്ഷത്രങ്ങളുടെ നിർമ്മാണം പൂർത്തിയായി. കുടുംബശ്രീ വനിതകൾക്കൊപ്പം അവരുടെ കുടുംബാംഗങ്ങളും സംരംഭത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്നു. അംഗങ്ങളുടെ സൗകര്യാർത്ഥം വീടുകളിൽ കൊണ്ടുപോയി നിർമ്മാണം നടത്താനും അവസരം നൽകുന്നുണ്ട്.
ഇതുവഴി മോശമല്ലാത്ത വരുമാനമാണ് ഓരോരുത്തർക്കും ലഭിക്കുന്നത്. ക്രിസ്മസ് സീസൺ അവസാനിച്ചാലും എൽ.ഇ.ഡി ബൾബുകളുടെ ബോർഡ് നിർമ്മാണത്തിനുള്ള ഓർഡർ സ്വീകരിച്ച് സംരംഭം തുടരാനാണ് തീരുമാനമെന്ന് കുടുംബശ്രീ എ.ഡി.എസ് പ്രസിഡന്റ് റെജി ഷിജുകുമാർ പറഞ്ഞു.