പ്രകൃതി സൗഹൃദം, കമനീയം…ചെന്നപട്ടണ കളിപ്പാട്ടങ്ങൾ

JORDAYS DESK

മരത്തിലുണ്ടാക്കുന്ന ചെന്നപട്ടണ കളിപ്പാട്ടങ്ങൾ കാണാത്തവരുണ്ടാകില്ല. മിക്ക നഗരങ്ങളിലെയും ടൂറിസ്റ്റ്‌ കേന്ദ്രങ്ങളിലെയും കളിപ്പാട്ട കടകളിൽ ഈ കളിപ്പാട്ടങ്ങൾ നിരന്ന കാലമുണ്ടായിരുന്നു.

ചെന്നപട്ടണത്തെ കടകളിലൊന്ന്‌

പക്ഷെ ചൈനാ നിർമ്മിത കളിപ്പാട്ടങ്ങൾ ലോകം കീഴടക്കിയതോടെ ചെന്നപട്ടണ കളിപ്പാട്ട വിപണിക്കും ക്ഷീണം ബാധിച്ചു. ബാംഗ്ലൂർ – മൈസൂർ റോഡിലൂടെ യാത്ര ചെയ്താൽ ചെന്നപട്ടണമെന്ന സ്ഥലത്തെത്തുമ്പോൾ ആ കൗതുക കാഴ്ച കാണാം. റോഡരികിൽ നിരനിരയായി വർണ്ണ കളിപ്പാട്ടങ്ങൾ അടുക്കി വെച്ചിരിക്കുന്ന കടകൾ. കർണ്ണാടകയിലെ രാമനഗരം ജില്ലയിലാണ് ചെന്നപട്ടണ പ്രദേശം.

ബാംഗ്ലൂരിൽ നിന്ന് 57 കിലോമീറ്റർ ദൂരെയാണിത്. കൈക്കുഞ്ഞുങ്ങൾക്ക് കളിക്കാനുള്ള ചെറിയ കളിപ്പാട്ടങ്ങൾ മുതൽ വലിയ കുട്ടികൾക്കുള്ള മരക്കുതിരകൾ വരെ ഈ കടകളിലുണ്ട്. സ്വീകരണമുറികളിലെ അലമാരകളിൽ കാഴ്ചവസ്തുവായി വെക്കാവുന്ന കരകൗശല വസ്തുക്കളും ബസ്സ് , കാറ്, ജീപ്പ് തുടങ്ങിയ വാഹനങ്ങളുടെ മോഡലുകളും കളിപ്പാട്ടങ്ങളിലുണ്ട്.

സിന്ദൂരചെപ്പും പമ്പരവും പേനകളും പെൻസ്റ്റാന്റും മെഴുകുതിരി സ്റ്റാൻന്റും പാവകളും ചെറിയ കളിവണ്ടികളും കൗതുകം പകരുന്നു.  ഈ പ്രദേശങ്ങളിൽ കിട്ടുന്ന റബ്ബർ, പൈൻ, പാല തുടങ്ങിയ ഭാരം കുറഞ്ഞ മരം കൊണ്ടാണ് കളിപ്പാട്ടങ്ങൾ ഉണ്ടാക്കുന്നത്. ലെയ്ത്തിൽ കടഞ്ഞെടുത്ത് പ്രകൃതിദത്ത നിറങ്ങൾ ഉപയോഗിച്ചാണ് ഇവ അണിയിച്ചൊരുക്കുന്നത്. മരം മുറിച്ചെടുത്ത് രണ്ടു മാസത്തോളം സൂക്ഷിച്ച ശേഷമാണ് ഇതിൽ കൊത്തുപണി ചെയ്യുന്നത്.

ലാക്കർ എന്ന മെഴുക് ചൂടാക്കി ഇതിൽ പച്ചക്കറിയിലെയും പഴങ്ങളിലേയും നിറങ്ങൾ ചേർത്ത് മെഴുകുകട്ടകള്‍ ഉണ്ടാക്കും. മരത്തിൽ കടഞ്ഞെടുക്കുമ്പോൾ തന്നെ ഈ കടും നിറങ്ങളും അതിൽ വ്യാപിപ്പിക്കും. പ്രകൃതിദത്ത നിറങ്ങളായതിനാൽ കളിപ്പാട്ടങ്ങൾ കുട്ടികൾക്ക് യഥേഷ്ടം ഉപയോഗിക്കാം. പ്ലാസ്റ്റിക്കിനെ പോലെ പേടിക്കാനില്ല. ഇവിടെ കളിപ്പാട്ടങ്ങൾ നിർമ്മിക്കുന്ന 50 ചെറിയ ഫാക്ടറികളിലും 260 വീടുകളുമുണ്ടെന്നാണ് സർക്കാർ കണക്ക്. ഏകദേശം ആറായിരത്തോളം ആളുകൾ ഇതുമായി ബന്ധപ്പെട്ട് ഉപജീവനം കണ്ടെത്തുന്നു.

കർണ്ണാടകയിലും ഡൽഹിയിലുമെത്തുന്ന പല പ്രശസ്തർക്കും ഉപഹാരം നൽകാനായി ചെന്നപട്ടണ പാവകൾ കൊണ്ടുപോകാറുണ്ട്. പാവകളുടെ നാടായതിനാൽ ഈ സ്ഥലത്തെ ഗൊമ്പെഗള നഗര  എന്നും കന്നടയിൽ വിശേഷിപ്പിക്കാറുണ്ട്. മൈസൂർ ഭരിച്ചിരുന്ന ടിപ്പു സുൽത്താനാണ് പേർഷ്യയിൽ നിന്ന് ശില്പികളെ വരുത്തി ചെന്നപട്ടണത്ത് ഗ്രാമങ്ങളിൽ ഇതിന്റെ നിർമ്മാണം തുടങ്ങിയത്.

ബവാസ് മിയാൻ എന്നശില്പിയാണ് ജപ്പാൻ സാങ്കേതിക  വിദ്യ പ്രയോഗിച്ച് ഇവിടെ ശില്പ നിർമ്മാണം ജനകീയമാക്കിയത്. ചെന്നപട്ടണ ശില്പങ്ങളുടെ പിതാവ് എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്. പഴയ മോഡലുകള്‍ക്കുപുറമെ ഇപ്പോൾ ചെറിയ കുട്ടികൾക്ക് ഗണിതം പഠിപ്പിക്കാനുള്ള പല കളിപ്പാട്ടങ്ങളും നിർമ്മിക്കുന്നുണ്ട്. അതിനാൽ ലോകത്തിലെ  വൻകിട ഐ.ടി.കമ്പനികൾ പോലും ഇവ വാങ്ങി ഗ്രാമപ്രദേശങ്ങളിലെ സ്ക്കൂൾ പദ്ധതികൾക്കായി നൽകാറുണ്ട്.

ഒരു നാടിന്റെ പ്രശസ്തി ഉയര്‍ത്തിയ ഈ കളിപ്പാട്ടങ്ങൾക്ക് ഭൗമ സൂചികാ പദവിയും ലഭിച്ചിട്ടുണ്ട്. കളിപ്പാട്ട വ്യവസായത്തെ ആധുനികവൽക്കരിക്കാനും വിപണി സാധ്യത കണ്ടെത്താനും കർണ്ണാടക ഹാന്റി ക്രാഫ്റ്റ്സ് ഡവലപ്പ്മെന്റ് കോർപ്പപറേഷൻ പല പ്രവർത്തനങ്ങളും നടത്തുന്നുണ്ട്. ചെന്നപട്ടണ കളിപ്പാട്ടങ്ങൾ ഓണ്‍ലൈനിലും വാങ്ങാന്‍ കിട്ടും.

ReplyForward

Leave a Reply

Your email address will not be published. Required fields are marked *