കുട്ടികളുടെ രചനകളുമായി ധനമന്ത്രിയുടെ ബജറ്റ് പ്രസംഗം
കേരളത്തിൻ്റെ ബജറ്റ് പ്രസംഗ കവറിൽ ഇത്തവണ കുട്ടികൾ വരച്ച വർണ്ണചിത്രങ്ങൾ. കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ള കൊച്ചു കലാകാരന്മാർ മത്സരിച്ചു വരച്ച ചിത്രങ്ങൾ ആശയം കൊണ്ടും വൈവിദ്ധ്യമാണ്. ബജറ്റ് പ്രസംഗത്തിന്റെ ചിത്രം ഒരു കൊച്ചുമിടുക്കന്റെ സൃഷ്ടിയാണെന്ന് ധനമന്ത്രി തോമസ് ഐസക് ഫെയിസ് ബുക്കിൽ കുറിച്ചു. കാസർകോട് ഇരിയണ്ണി പിഎ എൽ.പി.എസിലെ ഒന്നാം
ക്ലാസുകാരൻ വി. ജീവൻ വരച്ചതാണിത്. ജെൻഡർ ബജറ്റിന്റെ ചിത്രവും ഈ മിടുക്കന്റേതു തന്നെ. ഇംഗ്ലീഷ് പ്രസംഗത്തിന്റെ കവർ ഇടുക്കി കുടയത്തൂർ ഗവ. എച്ച്എസ്എസിലെ പ്ലസ് ടു വിദ്യാർത്ഥിനി ശ്രീനന്ദന വരച്ച ചിത്രമാണ്. ബാക്ക് കവർ കോഴിക്കോട് വേദവ്യാസ വിദ്യാലയത്തിലെ രണ്ടാം ക്ലാസുകാരൻ ജഹാൻ ജോബിയുടേയും.ബജറ്റ് ഇൻ ബ്രീഫിലെ കവർചിത്രങ്ങൾ തൃശൂർ വടക്കാഞ്ചേരി ഗവ. ഗേൾസ് എൽപിഎസിലെ
അമൻ ഷസിയ അജയ് വരച്ചതാണ്. എക്സ്പെൻഡിച്ചർ റിവ്യൂ കമ്മിറ്റി റിപ്പോർട്ടിന്റെ കവർ ചിത്രവും ഈ കുട്ടിയുടേതു തന്നെ. ഒന്നാം ക്ലാസുകാരനായ ജീവൻ അധ്യാപകരായ സരീഷിന്റെയും രോഷ്നിയുടെയും മകനാണ്. വി.സുരേഷ് കുമാറിന്റെ “കൂ എന്ന വണ്ടിയിൽ ” എന്ന കുട്ടികളുടെ നോവലിലെ ചിത്രങ്ങൾ വരച്ചതും ജീവനാണ്. തൃശൂർ എടക്കഴിയൂർ എസ്എംവി എച്ച്എസിലെ എട്ടാം ക്ലാസുകാരി കെ എം മർവയും യുഎഇ അജ്മാൻ ഹാബിറ്റാറ്റ് സ്കൂളിലെ രണ്ടാം ക്ലാസിലെ നിയ മുനീറും വരച്ച ചിത്രങ്ങളാണ് എക്സ്പെൻഡിച്ചർ റിവ്യൂ കമ്മിറ്റി റിപ്പോർട്ടിന്റെ ബാക്ക് കവറിൽ.വരച്ച എല്ലാ
കുട്ടികളെയും മന്ത്രി അഭിനന്ദിക്കുകയും ചെയ്തു.ലോക് ഡൗൺ കാലത്ത് കുട്ടികളുടെ സർഗശേഷി പരിപോഷിപ്പിക്കുന്നതിനായി അക്ഷരവൃക്ഷം എന്ന പേരിൽ വിദ്യാഭ്യാസ വകുപ്പ് പരിപാടി സംഘടിപ്പിച്ചിരുന്നു. വൻ പങ്കാളിത്തമാണ് അതിനു ലഭിച്ചത്. കഥയും കവിതയും ലേഖനങ്ങളും ചിത്രങ്ങളുമൊക്കെയായി 4947 വിദ്യാലയങ്ങളിൽ നിന്ന് 56399 സൃഷ്ടികൾ ലഭിച്ച് .ഇത് സ്കൂൾ വിക്കിയുടെ പേജിൽ വായിക്കാം. ഈ സൃഷ്ടികളിൽനിന്നാണ് ചിത്രങ്ങളും കവിതകളും തിരഞ്ഞെടുത്തത്.