പുസ്തകങ്ങള്‍ കൊണ്ട് മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന്റെ ശില്പം
ഒമ്പതടി ഉയരത്തിൽ പുസ്തകങ്ങൾ അട്ടിവെച്ച് മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന്റെ ശില്പം. കൊടുങ്ങല്ലൂർ സ്വദേശിയും ചിത്രകാരനും ശില്പിയുമായ ഡാവിഞ്ചി സുരേഷാണ് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പുസ്തക ശില്പമൊരുക്കിയിരിക്കുന്നത്.
എഴുപതു കൊല്ലമായി കൊടുങ്ങല്ലൂരിലെ എറിയാട് ചേരമാന്‍ പറമ്പിനടുത്ത് പ്രവര്‍ത്തിക്കുന്ന മുഹമ്മദ് അബ്ദു റഹ്മാന്‍ സ്മാരക ലൈബ്രറിയിലാണ് ഈ കൗതുക ശില്പം ഒരുക്കിയിരിക്കുന്നത്. സ്വാതന്ത്ര്യ സമരകാലത്ത് ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിനു കൊടുങ്ങല്ലൂരിന്‍റെ സംഭാവനയായിരുന്ന അബ്ദുറഹ്മാന്‍ സാഹിബിന്‍റെ ശില്പം അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായുള്ള ഗ്രന്ഥാലയത്തിൽ തന്നെ ഒരുക്കാൻ സാധിച്ചത് ഭാഗ്യമായി കരുതുന്നുവെന്ന് സുരേഷ് പറഞ്ഞു.
ഒരു വര്‍ഷം മൂന്‍പേ ഈ ആശയം മനസ്സില്‍ ഉണ്ടായിരുന്നതാണ്. ഇപ്പോഴാണ് അതിനു സാഹചര്യമൊരുങ്ങിയത്. 25000 പുസ്തകങ്ങളുണ്ട് ഈ വായനശാലയിൽ. രണ്ടായിരം പുസ്തകം മാത്രമാണ് ഇതിനായി ഉപയോഗിച്ചത്. തറയില്‍ നിന്നും ഒന്‍പതടി ഉയരത്തിലും ഏഴടി വീതിയിലുമാണ് പുസ്തകങ്ങൾ രണ്ട് നിരയായി അടുക്കി വെച്ചിരിക്കുന്നത്.
വായനശാലയിലെ സുഹൃത്തുക്കളായ അഞ്ചു പേര്‍ പുസ്തകങ്ങള്‍ എടുത്തു തരാൻ സഹായിച്ചു. രാവിലെ എഴുമണിക്കാണ് പല തരം കളറുള്ള പുസ്തകങ്ങൾ തിരഞ്ഞെടുത്ത് അട്ടിവെച്ചു തുടങ്ങിയത്. കറുപ്പ് ,നീല, പച്ച, എന്നിങ്ങനെ പലതരം കളറിൽ ബൈന്റ് ചെയ്ത പുസ്തകങ്ങൾ കിട്ടിയത് സൗകര്യമായി.
വൈകീട്ട് എഴുമണിയോടെ ശില്പം പൂർത്തിയായി. കണ്ണും മൂക്കും വായും വരച്ചു തുടങ്ങുന്ന ചിത്ര രചനാ രീതി പുസ്തക ശില്പത്തിന്റെ കാര്യത്തില്‍ വിലപ്പോവില്ല. അടിയില്‍ നിന്നു മുകളിലേക്ക് പുസ്തകങ്ങൾ അടുക്കുമ്പോൾ ചിത്രം മനസ്സിൽ വേണം – സുരേഷ് പറഞ്ഞു.
ഇതിന്‍റെ നിര്‍മ്മാണ വീഡിയോ സുരേഷ് യൂട്ടൂബിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. കരനെൽ കൃഷിസ്ഥലത്ത് സുരേഷ് ഈയിടെ നടൻ ടൊവിനോ തോമസിന്റെ ചിത്രം ഒരുക്കിയിരുന്നു. വിറക് വീട്ടിലെ കാർപോർച്ചിൽ നിരത്തിവെച്ച് നടൻ പൃഥ്വിരാജിന്റെ ചിത്രവും ഉണ്ടാക്കിയിരുന്നു. ഈ കൗതുക കാഴ്ചകളെല്ലാം സുരേഷിന്റെ യുട്യൂബ് ചാനലിൽ കാണാം.