അഞ്ചു മിനുട്ടിൽ ഇതാ നിങ്ങളുടെ കാരിക്കേച്ചർ

മുന്നിലിരുന്നു കൊടുത്താൽ ബിനീഷിന് അഞ്ചു മിനുട്ട് മതി നിങ്ങളെ പകർത്താൻ. ജീവൻ തുളുമ്പുന്ന വലിയ തലയും ചെറിയ ശരീരവുമുള്ള കാരിക്കേച്ചർ കൈയിൽ കിട്ടുമ്പോൾ നമുക്ക് സന്തോഷം തോന്നും. കാരിക്കേച്ചർ രചനയിൽ അറിയപ്പെടുന്ന കലാകാരനായ ബിനീഷ് പള്ളിപ്പുറത്തിന്റെ വരകളിലൂടെ നൂറുകണക്കിന് ആസ്വാദകർ കാൻവാസിൽ പുനർജനിച്ചിട്ടുണ്ട്.


സ്കൂൾ – കോളേജ് കാമ്പസ്സുകളിലും പുസ്തക പ്രദർശനങ്ങളിലും വിവാഹ സൽക്കാരങ്ങളിലുമെല്ലാം ആളുകളെ നോക്കി വരയ്ക്കുന്ന ബിനീഷിനെ കാണാം. ഡ്രോയിങ്ങ് ഷീറ്റിൽ മാർക്കർ പേനയിലാണ് അഞ്ചു മിനുട്ടുകൊണ്ടുള്ള ചിത്രം വരയ്ക്കുന്നത്.

സിനിമാ നടന്മാരും സാഹിത്യകാരന്മാരുമടക്കം ഒട്ടേറെ പേരേ ബിനീഷ് തന്റെ കാൻവാസിലാക്കിയിട്ടുണ്ട്. കോഴിക്കോട് പയിമ്പ്ര ചൂണ്ടാങ്ങൽ സ്വദേശിയാണ്.

മൂന്ന് പതിറ്റാണ്ടായി ചിത്രകലാരംഗത്തുള്ള ഈ കലാകാരൻ ചിത്രകലയുടെ എല്ലാ മേഖലകളിലും പ്രവർത്തിക്കുന്നു. പെയിന്റിങ്ങ് , മ്യൂറൽ, റിലീഫ് ,ശില്പം തുടങ്ങി എന്തും ബിനീഷിന് വഴങ്ങും.  സെൻ്റ് ആൻ്റണീസ്‌ ഗവ. മോഡൽ ഹൈസ്കൂൾ എന്നിവിടങ്ങളിലാണ് വിദ്യാഭ്യാസം.

ഗവ. ആർട്സ് ആൻ്റ് സയൻസ് കോളേജിൽ നിന്ന് പ്രീ ഡിഗ്രിയും കേരള ഹിന്ദി പ്രചാര സഭയിൽ നിന്ന് ടി.ടി.സി യും തുടർന്ന് കാലിക്കറ്റ് ഫൈൻ ആർട്സ് കോളേജിൽ നിന്ന് ചിത്രകലാ പഠനവും പൂർത്തിയാക്കി.

ചിത്ര കലാപഠനത്തിനു ശേഷം മ്യൂറൽ ചിത്രകലാരംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചു. നിരവധി ചിത്രകലാ പ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്. ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും  ചിത്രങ്ങൾ വിൽക്കപ്പെട്ടിട്ടുണ്ട്. നൻപൻ, പുലി ,സിംഗ്‌ ഈസ് ബ്ലിംഗ്, ഡേവിഡ് ആൻ്റ്‌ ഗോലിയാത്ത്, ശൃംഗാരവേലൻ, മൈ സാൻ്റോ തുടങ്ങിയ സിനിമകളിൽ കലാസംവിധാന സഹായിയായി പ്രവർത്തിച്ചു.

ആറാം മൈൽ എന്ന ഷോർട്ട് ഫിലീമിലൂടെ സ്വതന്ത്ര കലാസംവിധാനം , ചമയം  എന്നിവയ്ക്ക് തുടക്കം കുറിച്ചു. പിതാവിൻ്റെ സംവിധാനത്തിൽ സി.എൽ.ജോസിൻ്റെ “കുടുക്ക ” എന്ന നാടകത്തിലൂടെയാണ്  അഭിനയ രംഗത്തേക്ക് ചുവടവെച്ചത് . പറമ്പിൽ കടവ് പ്രാദേശിക കലാ സംഘടനകളുടെ കീഴിൽ  അമച്ച്വർ നാടകങ്ങളിൽ അഭിനയം ചമയം കലാസംവിധാനം എന്നിവ നടത്തി വരുന്നു.

 സംഗീതത്തിലും  നാടകരചനയിലും താല്പര്യമുണ്ട്. സംഗീത ആൽബങ്ങൾ ഉണ്ടാക്കുകയും 12 അമച്ച്വർ നാടകങ്ങളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. കുട്ടികളുടെ ഒട്ടേറെ നാടകങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. നടക്കാവ് ഗേൾസ് സ്കൂൾ , കാരപ്പറമ്പ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ ചിത്രകലാ അധ്യാപകനായി ജോലി ചെയ്തു. 

ചിത്രം വരയുമായി നാടുചുറ്റിയിട്ടുള്ള ബിനീഷ് കേരളത്തിനു പുറമെ ബാംഗ്ലൂർ, ചെന്നൈ, കോയമ്പത്തൂർ എന്നീ സ്ഥലങ്ങളിലെ പല സ്ഥാപനങ്ങളിലും മ്യൂറൽ ചിത്രങ്ങൾ വരച്ചിട്ടുണ്ട്. കുമരകം ലെയിക്ക് റിസോർട്ടിലും കൊച്ചി ലേ മെറിഡിയൻ ഹോട്ടലിലുമെല്ലാം ഈ കലാകാരന്റെ ചിത്രങ്ങൾ കാണാം.

പഴയ കാല നാടക നടനായ പരേതനായ പി.ബാലന്റെ മകനാണ്. റെയിൽവേയിൽ ഗാർഡായിരുന്ന ബാലൻ ഹാർമോണിസ്റ്റും മെയ്ക്ക്പ്പ്  ആർട്ടിസ്റ്റുമായിരുന്നു. നാടകങ്ങൾ രചിക്കുകയും ചെയ്തിട്ടുണ്ട്. അമ്മ അഗ്മിണി. അധ്യാപികയായ സ്മിതയാണ് ഭാര്യ. വിദ്യാർത്ഥിനികളായ നീലാംബരി ചിത്രാംഗന എന്നിവർ മക്കളാണ്.

2 thoughts on “അഞ്ചു മിനുട്ടിൽ ഇതാ നിങ്ങളുടെ കാരിക്കേച്ചർ

Leave a Reply

Your email address will not be published. Required fields are marked *