മുളയിൽ തിളങ്ങുന്ന ജംഷാദിൻ്റെ അലങ്കാര വെളിച്ചങ്ങൾ
മുള കൊണ്ടുള്ള അലങ്കാര ലൈറ്റുകളുടെ ലോകമാണ് ജംഷാദ് നമുക്കു മുന്നിൽ തുറന്നിടുന്നത്. വീടും റിസോർട്ടുകളും റെസ്‌റ്റോറൻ്റുകളും ഈ പ്രകാശത്തിൽ മിന്നിത്തിളങ്ങും. അകത്തളങ്ങളെ മനോഹരമാക്കുന്ന ആംബിയന്റ് ലൈറ്റിങ്ങിനുള്ള കരകൗശല ഉല്പന്നങ്ങളിൽ സ്‌പെഷലൈസ് ചെയ്തിരിക്കുകയാണ് പാലക്കാട് സ്വദേശിയായ സി. ജംഷാദ്. പഠിച്ചത് ഇലക്‌ട്രോണിക്‌സ് എൻജിനീയറിങ്ങാണെങ്കിലും മുളയിലും ഈറ്റയിലും തീർക്കുന്ന ഉല്പന്നങ്ങളോട് ചെറുപ്പം മുതലേയുള്ള അഭിനിവേശത്തെ മുഴുവൻ സമയ തൊഴിലാക്കി മാറ്റിയിരിക്കുകയാണ് ജംഷാദ്.
മുളയിലും ഈറ്റയിലും തീർത്ത ആകർഷണീയമായ ലൈറ്റുകളും കരകൗശല വസ്തുക്കളുമുള്ള ജംഷാദിന്റെ സ്റ്റാൾ കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ ആരംഭിച്ച അഖിലേന്ത്യ കരകൗശലമേളയിലെ ആകർഷണമാണ്. മുളയിൽ തീർത്ത തൂക്കിയിടാവുന്ന കോണിക്കൽ ലാംപ്‌ഷേഡ്, വീട്, ഓഫീസ് അലങ്കാരത്തിനുള്ള മുള കൊണ്ടുള്ള സ്‌പൈറൽ ലാംപ്‌ഷേഡ്, മുളയിൽ തീർത്ത ചതുരാകൃതിയിലുള്ള റാന്തൽ മോഡൽ ലൈറ്റ്, ഈറ്റ കൊണ്ടുള്ള പെൻ സ്റ്റാൻഡ്, മൊബൈൽ ഫോൺ സ്റ്റാൻഡ് എന്നിങ്ങനെ ഒട്ടേറെ ഉല്പന്നങ്ങളുണ്ടിവിടെ.
കലയും കൗതുകവും കൗശലവും ഒന്നിക്കുന്ന മുള, ഈറ്റ ഉല്പന്നങ്ങളുടെ കമനീയമായ പ്രദർശനമാണ് മേളയിലേക്ക് എത്തുന്നവരെ വരവേൽക്കുന്നത്. മാധ്യമസ്ഥാപനത്തിൽ സിസ്റ്റം എൻജിനീയറായി ജോലി നോക്കിയിരുന്ന ജംഷാദ് ആ ജോലി ഉപേക്ഷിച്ചാണ് മുളയുല്പന്നങ്ങളുടെ ഉൽപാദന-വിപണന മേഖല തെരഞ്ഞെടുത്തത്. പാലക്കാട്-മലപ്പുറം ജില്ലകളുടെ അതിർത്തിയിലുള്ള എടത്താനാട്ടുകരയിലാണ് സ്‌റ്റോറൂട്ട് എന്ന ജംഷാദിന്റെ സ്ഥാപനം.
മുള കൊണ്ടുള്ള കരകൗശല ഉല്പന്നങ്ങൾ, ലാംപ്‌ഷേഡ്, ഹാങ്ങിങ് ലൈറ്റ്, തടികൊണ്ടുള്ള ഇന്റീരിയേഴ്‌സ്, ഇൻഡോർ ഗാർഡനിങ് പോട്ട്സ്, ചെടികൾ, എയർപോട് പ്ലാന്റ്‌സ്, ഇന്റീരിയർ ലൈറ്റ്‌സ്, വോൾ ഷെൽഫുകൾ എന്നിവയാണ് ഉല്പന്നങ്ങൾ. ഓൺലൈൻ വഴിയും ഇവ
ലഭ്യമാണ്.
ലഭ്യമാണ്.