കൈകൊണ്ട് ബ്രഷിൽ മനോഹര മലയാളം എഴുതിയ കാലം
ലോഗോ തുടങ്ങി രാജുവിന്റെ വിരൽതുമ്പിലൂടെ വിരിഞ്ഞ ചിത്രങ്ങൾക്ക് കണക്കില്ല. ജലച്ചായം, ഓയിൽ, അക്രലിക് തുടങ്ങിയ മീഡിയങ്ങളിലായി നൂറുകണക്കിന് പെയിന്റിങ്ങുകൾ, വലിയ ഹോർഡിങ്ങ്, എക്സിബിഷൻ പവലിയൻ തുടങ്ങി എല്ലാ മേഖലയിലും കൈ വെച്ചു.
ഇളയച്ഛന്റെ കീഴിൽ ചിത്രകല പഠിച്ച ശേഷം രാജു കെ.ജി.ടി.ഇ. പെയിന്റിങ്ങ് പാസായി. കൊച്ചിൻ സ്ക്കൂൾ ഓഫ് ആർട്സിലും പഠിച്ചു. 1978ൽ എറണാകുളത്ത് കാക്കനാട് ടെക്സ്റ്റ് ബുക്ക്പ്രസ്സിൽ (കെ.ബി.പി.എസ്സ്.) ആർട്ടിസ്റ്റായി ജോലി കിട്ടി.വിദ്യാഭ്യാസ വകുപ്പിന്റെ ടെക്സ്റ്റ് ബുക്കുകളിലെല്ലാം ചിത്രങ്ങൾ വരച്ചു.
മാത്രമല്ല ഇവിടെ നിന്ന് പ്രിന്റ് ചെയ്ത മറ്റ് പുസ്തകങ്ങളുടെ കവറുകൾ ഡിസൈൻ ചെയ്തു. സത്യദീപം, കുടുംബദീപം, താലന്ത്, വചനോത്സം തുടങ്ങിയ മാസികകൾ വരച്ച് ലേഔട്ട് ചെയ്തു. കഥാകൃത്ത് സതീഷ് ബാബു പയ്യന്നൂർ പത്രാധിപരായി കാസർകോട് നിന്ന് പ്രസിദ്ധീകരിച്ച ‘ഈയാഴ്ച’ ആഴ്ചപ്പതിപ്പിലും വരച്ചു.
കേരള ലളിതകല അക്കാദമിയുടെ ക്യാമ്പുകളിലും ചിത്ര പ്രദർശനങ്ങളിലും പലപ്പോഴായി പങ്കെടുത്തിട്ടുണ്ട്. ചിത്രകലാ പരിഷത്തിന്റെ നെയ്യാർ ഡാം ക്യാമ്പിലും, തൃശൂർ ടൗൺ ഹാളിലെ ക്യാമ്പിലും, കൊച്ചിൻ ആർട്ട് ഫെയർ ചിത്ര പ്രദർശനത്തിലും പങ്കെടുത്തിട്ടുണ്ട്.
ജോലിയിൽ നിന്ന് വിരമിച്ച ശേഷം സ്വന്തമായി ഒരു ഡിസൈൻ സ്ഥാപനം നടത്തി വരികയാണ്. പരേതരായ ചെറുപിള്ളി നാരായണന്റെയും കമലാക്ഷിയുടേയും മകനാണ്. ഭാര്യ രാധാമണി. മകൾ ഗീതു സി.രാജു ചെന്നൈയിൽ വിപ്രോയിൽ എഞ്ചിനിയറാണ്. മകൻ സി.ആർ.ഗോപു എറണാകുളത്ത് ഇൻഫോ പാർക്കിൽ വിപ്രോയിൽ ജോലി ചെയ്യുന്നു.