കേരളപ്പഴമ വിളിച്ചോതി പുരാവസ്തു പ്രദർശനം

കേരളപ്പഴമയും പൈതൃകവും വിളിച്ചോതുന്ന പുരാവസ്തുക്കളും ചരിത്രവഴികളും ഒരുക്കി വിദ്യാർത്ഥികളുടെ പ്രദർശനം നാട്ടുകാരിൽ കൗതുകമുണർത്തി. എറണാകുളം ജില്ലയിലെ പുളിയനം ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ വിദ്യാർത്ഥികളാണ് പ്രദർശനമൊരുക്കിയത്.18, 19 നൂറ്റാണ്ടുകളിൽ കേരളത്തിൽ ഉപയോഗിച്ചിരുന്ന കാർഷിക-ഗൃഹ ഉപകരണങ്ങളും, സംഗീത ഉപകരണങ്ങളുമായിരുന്നു പ്രദർശനത്തിലുണ്ടായിരുന്നത്.

പത്തൊൻപതാം നൂറ്റാണ്ടിൽ കേരളത്തിലെ ദേവാലയങ്ങളിൽ ഉപയോഗിച്ചിരുന്ന ധൂപക്കുറ്റി, കുന്തിരിക്കച്ചെപ്പ്, ഓസ്തി അച്ച്, അളവ് തൂക്ക ഉപകരണമായ വെള്ളിക്കോൽ, മന്നുക്കട്ടി, അരക്കാൻ ഉപയോഗിച്ചിരുന്ന കോരുപലക, ഇടങ്ങഴി, നെല്ല് കോരുന്ന തേച്ചക്കാൽ, ആഭരണപ്പെട്ടികൾ, തൂക്കു വിളക്ക്, മണ്ണെണ്ണ വിളക്ക്, പാത്രങ്ങളായ താമ്പാളം, പിഞ്ഞാണം, ലോട്ട തുടങ്ങിയ ഉപകരണങ്ങൾക്കു പുറമേ കേരളത്തിലെ ആദ്യകാല ജനതയുടെ വസ്ത്രധാരണ രീതികളുടെ ചിത്രങ്ങളും പ്രദർശനത്തിൽ ഉൾപ്പെട്ടിരുന്നു.

പൊതുജനങ്ങൾക്കും സമീപ പ്രദേശത്തെ മറ്റ് സ്കൂൾ വിദ്യാർത്ഥികൾക്കും പ്രദർശനം കാണാൻ അവസരമൊരുക്കിയിട്ടുണ്ട്. പ്രദർശനം സൗജന്യമാണ്. ഷാജി നീലീശ്വരം, പ്രിൻസിപ്പൽ റിയാമോൾ.എം.എം, ഹെഡ്മിസ്ട്രസ് കൊച്ചുറാണി .പി.ഒ, പി.ടി.എ.പ്രസിഡൻ്റ് സന്ധ്യാ സുകുമാരൻ, പി.എൻ.നന്ദകുമാർ, ജോസ്ഫിൻ ബ്രിട്ടോ, വിനീത ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *