ഐസുകട്ടയിൽ പെയിന്റ് ചെയ്ത് 70 അടി വലുപ്പത്തിൽ ശിവൻ്റെ ചിത്രം
ലഡാക്കിലെ ലേയിൽ പർവ്വത താഴ്‌വരയിൽ ഐസുകട്ടയിൽ പെയിൻ്റടിച്ച് 70 അടി വലുപ്പത്തിലുള്ള ശിവൻ്റെ ചിത്രം നിർമ്മിച്ചു. ചിത്രകാരനും ശില്പിയുമായ കൊടുങ്ങല്ലൂരിലെ ഡാവിഞ്ചി സുരേഷാണ് മഞ്ഞുമലയിൽ ചിത്രം ഒരുക്കിയത്. ശിവരാത്രി ആഘോഷവുമായി ബന്ധപ്പെട്ടാണിത്.
ലഡാക് ലേയിലെ പോലീസിന്റെ പ്രത്യേക അനുമതിയോടും ആർമി ഉദ്യോഗസ്ഥരുടെ സഹായത്തോടെയുമാണ് ഈ ദൗത്യം പൂർത്തിയാക്കിയതെന്ന് ഡാവിഞ്ചി സുരേഷ് പറഞ്ഞു. ഫെബ്രുവരി ഒമ്പതിനാണ് ഡാവിഞ്ചി സുരേഷും സംഘവും ലഡാക്കിലെത്തിയത്.
കേരളത്തിൽ വരാനിരിക്കുന്ന കൈലാസം മെഡിറ്റേഷൻ ആശ്രമം ആന്റ് ഗ്ലോബൽ ട്രസ്റ്റ് ആണ് ഇവിടെ സുരേഷിനെ സഹായിക്കാനായി മുന്നോട്ടു വന്നത് കൈലാസം ഗ്ലോബൽ ട്രസ്റ്റ് പ്രതിനിധി ആചാര്യ ആർ. വിശ്വനാഥൻ, ക്യാമറമേൻ സിംബാദ്, സുരേഷിന്റെ മകൻ ഇന്ദ്രജിത് ഡാവിഞ്ചി എന്നിവരാണ് ലേ യാത്രാ സംഘത്തിൽ ഉണ്ടായിരുന്നത്.
നിരവധി പരീക്ഷണങ്ങൾകൊടുവിൽ എമൽഷൻ സ്റ്റെയിനറുകൾ കൊണ്ടാണ് മൈനസ് 12 ഡിഗ്രി തണുത്ത കാലാവസ്ഥയിൽ ഐസുകട്ടയായി ഉറച്ചു കിടക്കുന്ന പ്രതലത്തിൽ ആറ് മണിക്കൂർ കൊണ്ട് 70 അടി വലുപ്പത്തിൽ ചിത്രം വരച്ചെടുത്തത്. സുരേഷിന്റെ വർഷങ്ങളായുള്ള ആഗ്രഹം നടത്താനായി കൊടുങ്ങല്ലൂരിലെ റിട്ട.മേജർ ജനറൽ ഡോ. വിവേകാനന്ദൻ ആണ് അനുമതി പത്രവും ആർമിയുടെ സഹായങ്ങളും ചെയ്തു കൊടുത്തത്.




















