ചുവര് തുളച്ചു വരുന്ന പ്രകൃതി; ഇത് അഭിലാഷിന്റെ ത്രിമാനചിത്രം
പുതിയ വീട്ടിനകത്തെ ചുവര് പൊട്ടിപൊളിഞ്ഞ് പുറത്തു നിന്ന് ഒരു മരത്തിന്റെ കൊമ്പ് അകത്തേക്ക് വളർന്നിരിക്കുന്നു…. ചുവര്
തകർത്ത് കല്ലിളക്കി ഒരു ദിനോസോർ അകത്തേക്ക് വരുന്നു… ചുവരിനടുത്ത് ഒരു മോട്ടോർ സൈക്കിൾ നിർത്തിയിട്ടിരിക്കുന്നു… ഒറ്റ നോട്ടത്തിൽ ഇതെല്ലാം
കാണുമ്പോൾ നമ്മൾ അത്ഭുതപ്പെട്ടു പോകും. ഇത് അഭിലാഷ് നടുവത്ത് എന്ന കലാകാരൻ തീർക്കുന്ന ത്രിമാന പെയിന്റിങ്ങുകളിൽ ചിലതു മാത്രം. ചുവരിൽ 3D ചിത്രങ്ങൾ തീർക്കുന്ന കേരളത്തിലെ അപൂർവ്വം കലാകാരന്മാരിൽ ഒരാളാണ് നിലമ്പൂരിനടുത്ത വണ്ടൂർ സ്വദേശിയായ അഭിലാഷ്. കേരളത്തിലെ മിക്ക ജില്ലകളിലെയും വീടുകളിൽ
അഭിലാഷ് ത്രിമാനചിത്രങ്ങൾ വരച്ചിട്ടുണ്ട്. നമുക്ക് ആവശ്യമുള്ള ചിത്രം അഭിലാഷ് ത്രിമാന രീതിയിൽ ചുവരിൽ തീർത്തു തരും. നാലു ദിവസം അല്ലെങ്കിൽ ഒരാഴ്ചകൊണ്ട് ചിത്രം പൂർത്തിയാകും. ചുവരിൽ കളർ എമൽഷൻ കൊണ്ടാണ് ചിത്രം വര. ഫാൾസ് സീലിങ്ങിലും ത്രിമാനചിത്രങ്ങൾ വരക്കാറുണ്ട്.
നാട്ടിൽ ചടങ്ങാംകുളം ഗവ.എൽ.പി സ്ക്കൂളിന്റെ പുതിയ കെട്ടിടത്തിൽ അഭിലാഷ് കുട്ടികൾക്കു വേണ്ടി സൗജന്യമായി ചിത്രങ്ങൾ വരച്ചു നൽകിയിരുന്നു. വാട്ടർ കളർ, അക്രലിക് തുടങ്ങി എല്ലാ മീഡിയത്തിലും ചിത്രങ്ങൾ വരക്കാറുണ്ട്. മൂന്നു വർഷം മുമ്പ് ഒരു വീട്ടിൽ വരച്ച ത്രിമാനചിത്രം ചർച്ചയായി. ഒട്ടേറെ ആളുകൾ ഇത് കാണാനെത്തി. അങ്ങിനെയാണ് ഈ രംഗത്ത് വന്നത്. തിരൂരിൽ സ്ക്കൂൾ പഠനം കഴിഞ്ഞ് വിളമ്പരം രാജു എന്ന ചിത്രകാരന്റെ കീഴിൽ പഠിച്ചു. പിന്നീട് കുറേ കാലം കമേഴ് സ്യൽ ആർട്ടും ഗ്ലാസ് പെയിന്റിംഗും ചെയ്തു.
തുടർന്ന് ചുവർചിത്രത്തിലേക്ക് തിരിഞ്ഞു. ത്രിമാനചിത്രങ്ങളിൽ സ്വന്തമായ ശൈലി ആവിഷ്ക്കരിച്ചാണ് രണ്ടു പതിറ്റാണ്ടായി കലാരംഗത്തുള്ള അഭിലാഷിന്റെ ചിത്രരചന. വണ്ടൂരിലെ പി.പി ദാമോദരന്റെയും ശാന്തയുടേയും മകനാണ്.