‘സുരഭി’ ആകെ മാറി; ഇപ്പോൾ പഴമയുടെ പ്രൗഡി
രശ്മി ചന്ദ്രന്‍
മുൻവശത്തു നിന്നു നോക്കിയാൽ പഴയ കാലത്തെ കോൺക്രീറ്റ് വീടായിരുന്ന ‘സുരഭി.’ കെട്ടിലും മട്ടിലും ആകെ മാറി. ഇപ്പോൾ പഴമയുടെ പ്രൗഡിയിലാണ് ഈ വീട്. മുന്നിൽ വലിയ തൂണുകളോടു കൂടിയ വരാന്തയും ഒരു കാർപോർച്ചും പുതുതായി പണിതതോടെ വീടിന് സൗന്ദര്യം കൂടി. മുൻവശത്തെ വലിയ സ്ഥലം പൂന്തോട്ടമായി മാറി. ചേർത്തല പൂച്ചാക്കലിലെ ഡോ.ബി.രാധാകൃഷ്ണൻ്റെ
വീടാണ് പഴയ കെട്ടിടം പൊളിച്ചുമാറ്റാതെ പുതുക്കിപ്പണിതത്. റോഡരികിൽ അറുപത് സെൻ്റ് സ്ഥലത്തിൻ്റെ നടുക്കാണ് വീട്. മുപ്പത്
വർഷം മുമ്പാണ് സ്ഥലവും പഴകിയ ഓടിട്ട കെട്ടിടവും വാങ്ങിയത്. അന്ന് അകത്തേക്ക് കയറുമ്പോൾ ഒരു ഹാളും ഇടതു വശത്ത് ഒരു കിടപ്പുമുറിയും വലത് വശത്ത് ഒരു ഡൈനിങ്ങ് ഹാളുമാണ് ഉണ്ടായിരുന്നത്. ഇതിൻ്റെ മേൽക്കൂര ആസ്ബസ്റ്റോസ് ഷീറ്റായിരുന്നു. പിന്നിൽ ഒരു ഇടനാഴിയും ഇതിനോട് ചേർന്ന് രണ്ട് ചെറിയ കിടപ്പുമുറികളുമായിരുന്നു. മുന്നിലെ
ആസ്ബസ്റ്റോസ് ഷീറ്റ് മറയ്ക്കുന്ന രീതിയിൽ മുൻവശത്തെ ചുമര് ഉയർത്തിക്കെട്ടിയിരുന്നു. കണ്ടാൽ പഴയ രീതിയിലുള്ള ഒരു കോൺക്രീറ്റ് വീടിൻ്റെ ലുക്കായിരുന്നു. വീടു വാങ്ങിയപ്പോൾ ഇടതു വശത്ത് ഡോക്ടർക്കായി ഒരു പരിശോധനാ മുറി കൂട്ടിയെടുത്ത് മുൻവശം ഒന്ന് മിനുക്കിയതേയുള്ളു. അകത്തെല്ലാം അന്ന് ടൈലും മാർബിളുമിട്ട് വെടിപ്പാക്കിയിരുന്നു. രണ്ടായിരത്തോളം ചതുരശ്ര അടിയായിരുന്നു വിട്. ഇപ്പോൾ പുതുതായി മൂന്നടി വരുന്ന
നീണ്ട വരാന്തയും രണ്ട് കാർ പാർക്ക് ചെയ്യാനുള്ള കാർപോർച്ചും ഉൾപ്പെടെ ഇരുന്നൂറ് ചതുശ്ര അടി സ്ഥലമാണ് കൂട്ടിയെടുത്തത്. മേൽക്കൂര മൊത്തം ട്രസ് വർക്ക് ചെയ്ത് ഓടിട്ടു. ഇതോടൊപ്പം ഓടിട്ട് കാർപോർച്ചും പണിതു. വലിയ അഞ്ച് കോൺക്രീറ്റ് തൂണുകൾ വരാന്തയിൽ സ്ഥാപിച്ചതോടെ വീടിന് പഴമ കൈവന്നു. ഇതിന് മരത്തിൻ്റെ കളർ നൽകി.
വരാന്തയിലെ കാവി നിറത്തിലുള്ള ടൈലുകൾക്കിടയിൽ ഒരു നിര ചെട്ടിനാട് ആത്തംകുടി ടൈലുകൾ വിരിച്ചതോടെ വരാന്തയുടെ പഴമ കൂടി. പൂഴി പ്രദേശമായതിനാൽ ഗെയിറ്റു മുതൽ വീടു വരെ ഇൻ്റർലോക്ക് ചെയ്തു. ഇരുവശത്തും ബഫല്ലോ ഗ്രാസ് നട്ട് പൂന്തോട്ടം ഉണ്ടാക്കിയെടുത്തു. പൂന്തോട്ടത്തിൽ വലിയൊരു മാവും ചെറിയ മാവുകളും
ഉള്ളതിനാൽ നല്ല തണലുമുണ്ട്. പൂക്കൾ ഉള്ളതിനാൽ ഇഷ്ടം പോലെ പൂമ്പാറ്റകളും വിരുന്നുകാരായി എത്തുന്നുണ്ട്. വീടിൻ്റെ മേൽക്കൂരയിൽ വീഴുന്ന വെള്ളം പാത്തി വഴി വീടിനു മുന്നിലെ കിണറിലേക്ക് ഒഴുക്കിവിടുന്നുണ്ട്. അതിനാൽ കിണറിലും ഇപ്പോൾ ശുദ്ധജലമാണ്. ആലപ്പുഴ ചന്തിരൂർ മിത്രാ ബിൽഡേഴ്സ് ഡയരക്ടർ രഞ്ജിത്ത്
നായരാണ് വീടിൻ്റെ ആർക്കിടെക്റ്റ്.
Hai Renjith Nair….