പൈനൂർ തറവാടിൻ്റെ പഴമയിൽ സൗകര്യങ്ങളോടെ പുതിയ വീട്
പഴയ വീട് ചെറുതാണ്. പഴമ നിലനിർത്തി പുതുക്കി പണിയണം. കുടുതൽ സൗകര്യങ്ങൾ വേണം. അകത്ത് കാലങ്ങളായി കാത്തു സൂക്ഷിക്കുന്ന പൂജാമുറിയും നിലവറയുമുണ്ട്. ഇതിന് പോറലേൽക്കാൻ
പാടില്ല. ചേർത്തല പാണാവള്ളിയിലെ പൈനൂർ തറവാട് പുതുക്കി പണിയാൻ തീരുമാനിച്ചപ്പോൾ നിബന്ധനങ്ങൾ പലതായിരുന്നു. പക്ഷെ ആർക്കിടെക്റ്റ് രഞ്ജിത്ത് നായര്‍ ധൈര്യപൂർവ്വം ആ ദൗത്യം ഏറ്റെടുത്തു.
1400 ചതുരശ്ര അടി വരുന്ന പൗരാണികമായ തറവാട്ടിൽ നിലവറയും ഇടനാഴിയും രണ്ട് ചെറിയ കിടപ്പുമുറികളുമാണ് ഉണ്ടായിരുന്നത്.
ഓടിട്ട ഒറ്റ നില വീട്. പുതുക്കി പണിതപ്പോൾ നിലവറ അതേപടി നിലനിർത്തി വീടിൻ്റെ അടിത്തറയുടെ രൂപത്തിൽ മാറ്റം വരുത്താതെ മുറികളെല്ലാം വലുതാക്കി. ഇപ്പോൾ രണ്ടായിരം ചതുരശ്ര അടിയാണ് വീട്. ചെറിയ സിറ്റൗട്ടിൽ നിന്ന് കയറി ചെല്ലുന്നത് വലിയ ഹാളിലേക്ക്. ഇതിനു പിന്നിലായി നിലവറ, നാല് അറ്റാച്ച്ഡ് കിടപ്പുമുറി, ആധുനിക അടുക്കള, ഡൈനിങ്ങ് ഹാൾ…വിപുലമായ സൗകര്യങ്ങൾ. നിലം പഴമ നിലനിർത്തി
ചെട്ടിനാട് ആത്തംകുടി ടൈൽ വിരിച്ചു. വീട് ട്രസ്സ് വർക്ക് ചെയ്ത് ഓടിട്ടു. ഇതിൽ പഴയ ഓടുകളും ഉപയോഗിച്ചു. വീട്ടിലെ പഴയ മരങ്ങൾ കൊണ്ട് സീലിങ് നിർമ്മിച്ചപ്പോൾ പഴമ തിരിച്ചു വന്നു.
മണിച്ചിത്ര താഴോടുകൂടിയ നിലവറ വാർണീഷിൽ തിളങ്ങി നിൽക്കുന്നതു കാണാൻ ഇപ്പോൾ നല്ല ഭംഗിയാണ്. ഇതിനു മുന്നിലായി സോഫാ സെറ്റിട്ട് ഇരിപ്പിടം ഒരുക്കിയിട്ടുണ്ട്. ഹാളിൻ്റെ മറ്റൊരു ഭാഗത്ത്
ടി.വി.കാണാനുള്ള സൗകര്യം സജ്ജീകരിച്ചിട്ടുണ്ട്. പൂജാമുറിക്ക് അടിയിലുള്ള നിലവറയിലാണ് പണ്ട് നെല്ലും മറ്റ് ധാന്യങ്ങളും ഓട്ടു പാത്രങ്ങളും സൂക്ഷിച്ചിരുന്നത്. കുറേ വിട്ടുവീഴ്ചകൾ ചെയ്താൽ പൗരാണിക വാസ്തു ശില്പമാതൃകയിലുള്ള വീടുകൾ ഭംഗിയായി പുതുക്കി പണിയാമെന്ന് ആലപ്പുഴ ചന്തിരൂർ മിത്രാ ബിൽഡേഴ്സ് ഡയരക്ടറും വീടിൻ്റെ ആർക്കിടെക്റ്റുമായ രഞ്ജിത്ത് നായര്‍
പറയുന്നു.