മാംസ്യ കലവറയായ ചതുരപ്പയര്‍ കൃഷി ചെയ്യാം

വീണാറാണി.ആര്‍

എല്ലാ ഭാഗവും ഭക്ഷ്യയോഗ്യമായ ചതുരപ്പയർ പച്ചക്കറികളിലെ ഏറ്റവും വലിയ മാംസ്യ കലവറയാണ്. ഇതിന്റെ കായ  മാത്രമല്ല വേരും ഇലയും പൂവും എല്ലാം ഭക്ഷണമാക്കാം. കായയ്ക്ക് ചതുരാകൃതിയായതിനാലാണ് ഇതിനെ ചതുരപ്പയർ എന്നു വിളിക്കുന്നത്. ഇറച്ചിപ്പയറെന്നും ഇതിന് വിളിപ്പേരുണ്ട്. സോയാബീനിനേക്കാൾ പ്രോട്ടീനുള്ള പച്ചക്കറിയാണിത്.

വള്ളിപ്പയറിലും ബീന്‍സിലും അടങ്ങിയിരിക്കുന്ന പ്രോട്ടീനിന്റെ എട്ടുമടങ്ങും ചീരയിലും കാരറ്റിലും ഉള്ളതിന്റെ മുപ്പത് ഇരട്ടിയും മാംസ്യം ചതുരപ്പയറിലുണ്ട്. മാംസ്യം മാത്രമല്ല ഇരുമ്പ്, കാത്സ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, ജീവകങ്ങള്‍ എല്ലാം ധാരാളം. കേരളത്തിൽ അധികം കാണാത്ത പച്ചക്കറിയാണിത്. ജുലായ്-ആഗസ്ത് മാസത്തില്‍ നട്ട ചതുരപ്പയര്‍ ഒക്‌ടോബര്‍-നവംബര്‍ ആകുമ്പോഴേക്കും പൂവിടും അതേസമയം ജനവരിയില്‍ നട്ട ചതുരപ്പയര്‍ ഒക്‌ടോബര്‍ എത്തിയാലേ പൂക്കൂ. രണ്ടരമീറ്റര്‍ അകലത്തില്‍ തടങ്ങള്‍ എടുത്ത് ചതുരപ്പയര്‍ നടാം വിത്ത് ആറുമണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത് നട്ടാല്‍ വേഗം മുളയ്ക്കും. കാലിവളമോ കമ്പോസ്റ്റോ നന്നായി ചേര്‍ത്തു കൊടുക്കണം.

ഒരു സെന്റിന് 150 ഗ്രാം വിത്ത് മതിയാകും. വിത്തുകള്‍ തമ്മില്‍ രണ്ടടി അകലം നല്‍കണം. പന്തലിലായാലും വേലിയിലായാലും ചതുരപ്പയര്‍ പടര്‍ന്നുകയറും. കീടരോഗ ശല്യമൊന്നുമില്ലാത്തതിനാല്‍ ഒരിക്കല്‍ വളര്‍ത്തിയവര്‍ ചതുരപ്പയറിനെ ഉപേക്ഷിക്കാറില്ല. മണ്ണിനും ചതുരപ്പയര്‍ നല്ലതാണ്.‌ ഇതിന്റെ വേരിലടങ്ങിയിരിക്കുന്ന റൈസോബിയം മണ്ണിലെ നൈട്രജന്‍ ലഭ്യത വര്‍ദ്ധിപ്പിക്കും. നട്ട് മൂന്നാം മാസം നീല കലര്‍ന്ന വയലറ്റ് നിറമുള്ള പൂക്കള്‍ ഉണ്ടായി തുടങ്ങും. കായകളുടെ നാലു വശങ്ങളില്‍ നിന്നും പുറത്തേക്ക് ചിറകുപോലെ നീണ്ടു നില്‍ക്കുന്ന ഭാഗങ്ങള്‍ കാണാം. ഇളം കായകള്‍ക്ക് രുചി കൂടും.

Leave a Reply

Your email address will not be published. Required fields are marked *