മഴവെള്ളം ഉപയോഗപ്പെടുത്തി പദ്ധതികൾ ആസൂത്രണം ചെയ്യണം
കോഴിക്കോട്ടെ ജലസംരക്ഷണ പ്രവർത്തനങ്ങൾ കേന്ദ്ര സംഘം വിലയിരുത്തി.
ജൽശക്തി അഭിയാൻ കോഴിക്കോട് ജില്ലാതല ജലസംരക്ഷണ പ്രവർത്തനങ്ങൾ കേന്ദ്ര സംഘം വിലയിരുത്തി. ഹരിതകേരളം മിഷൻ പ്രവർത്തനങ്ങളെ കേന്ദ്ര സംഘം അഭിനന്ദിച്ചു കേന്ദ്ര മന്ത്രാലയത്തെ പ്രതിനിധീകരിച്ച് മുതിർന്ന ഐ.എ.എസ്.ഉദ്യോഗസ്ഥൻ രാഹുൽ ജെയിൻ, ചെന്നൈയിൽ നിന്നുള്ള കേന്ദ്ര ഭൂജലവകുപ്പ് ശാസ്ത്രജ്ഞൻ രാജ്കുമാർ എന്നിവരാണ് ജില്ലയിൽ ജലസംരക്ഷണ പ്രവർത്തനങ്ങൾ വിലയിരുത്താനായി എത്തിയത്.
ജില്ലാ കളക്ടർ ഡോ. എൻ.തേജ് ലോഹിത് റെഡ്ഡിയുടെ അദ്ധ്യക്ഷതയിൽ കേന്ദ്ര മന്ത്രാലയത്തിൻ്റെ പ്രതിനിധികളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും
കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേർന്ന് ജില്ലയിലെ ജലസംരക്ഷണ പ്രവർത്തനങ്ങൾ അവലോകനം ചെയ്തു.
ഭൂജലത്തിൻ്റെ അമിത ചൂഷണം ഒഴിവാക്കി ലഭ്യമാകുന്ന മഴവെള്ളം പരമാവധി ഉപയോഗപ്പെടുത്താനുള്ള പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കണമെന്ന് രാഹുൽ ജെയിൻ പറഞ്ഞു. ഹരിത കേരളം മിഷൻ്റെ നേതൃത്വത്തിൽ നടക്കുന്ന ജലസംരക്ഷണ ക്യാമ്പയിനുകളും, വനവൽക്കരണ പ്രവർത്തനങ്ങളും വളരെയധികം അഭിനന്ദനാർഹമാ ണെന്നും അദ്ദേഹം പറഞ്ഞു.
വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ നടത്തിയ പ്രവർത്തനങ്ങൾ ബന്ധപ്പെട്ട ജില്ലാ ഓഫീസർമാർ വിശദീകരിച്ചു. ഹരിത കേരളം മിഷൻ്റെ നേതൃത്വത്തിൽ നടത്തിയ പ്രവർത്തനങ്ങൾ ഹരിത കേരളം മിഷൻ ജില്ലാ
കോർഡിനേറ്റർ പി. പ്രകാശ് വിശദീകരിച്ചു. ജില്ലാ ഡവലപ്പ്മെന്റ് കമ്മീഷ്ണർ അനുപം മിശ്ര, ജലശക്തി അഭിയാൻ ജില്ലാ ചുമതല വഹിക്കുന്ന ഭൂജല വകുപ്പ് ജില്ലാ ഓഫീസർ ജിജോ വി.ജോസഫ് എന്നിവരും പങ്കെടുത്തു.
കോഴിക്കോട് കോർപ്പറേഷന്റെയും ഹരിത കേരളം മിഷൻ്റെയും നേതൃത്വത്തിൽ നടത്തിയ മുണ്ടകൻ കനാൽ പുനരുജ്ജീവനം, അരീക്കുളം പുനരുജ്ജീവനം, ഫറോക്ക് നഗരസഭയുടെ നേതൃത്വത്തിൽ ഹരിതകേരളം മിഷൻ ക്യാമ്പയനിൽ ഏറ്റെടുത്ത പെരുവൻമാട് തോട് പുനരുജ്ജീവനം എന്നീ പ്രവർത്തനങ്ങൾ സംഘം സന്ദർശിച്ചു.