നെല്ലിലെ വെൺകതിർ: കീട ആക്രമണം ചെറുക്കാം
പാടശേഖരങ്ങളിൽ കതിര് വരുന്നതിന് ശേഷം കാണുന്ന വെൺകതിർ ഇല്ലാതാക്കാം. തണ്ടുതുരപ്പൻ എന്ന കീടത്തിന്റെ ആക്രമണം മൂലമാണിത് ഉണ്ടാവുന്നത്. അനുയോജ്യമായ കീടനാശിനി പ്രയോഗത്തിലൂടെ ഇതിനെ നേരിടാമെന്ന് ആലപ്പുഴ മങ്കൊമ്പിലെ സംസ്ഥാന കീട നിരീക്ഷണ കേന്ദ്രം അറിയിച്ചു. കതിര് വരുന്ന സമയത്ത് ഈ കീടത്തിന്റെ ആക്രമണം ഉണ്ടാവുമ്പോൾ നെല്ലിനുള്ളിൽ പാല് ഉറക്കാതെ വരികയും കതിര് പതിരായി പോവുകയും ചെയ്യുന്നു.
നെൽ ചെടിയുടെ ഇളം പ്രായത്തിൽ ഉണ്ടാകുന്ന കീടത്തിന്റെ ആക്രമണം നടുനാമ്പ് ഉണങ്ങി പോവുന്നതിന് കാരണമാവുന്നു. ഇതിനെ നടുനാമ്പ് വാട്ടം എന്നാണ് പറയുന്നത്. ഫ്ലൂബെൻഡയമൈഡ് 39.35%SC 2 മില്ലി / 10 ലിറ്റർ വെള്ളം അല്ലെങ്കിൽ ക്ലോറൻട്രാനിലിപ്രോൾ 18.5%SC 3 മില്ലി /10 ലിറ്റർ വെള്ളം അല്ലെങ്കിൽ ക്ലോറൻട്രാനിലിപ്രോൾ 0.4 G – 4 kg / ഏക്കർ എന്ന തോതിൽ ഉപയോഗിക്കാം. കാർട്ടാപ് ഹൈഡ്രോക്ലോറൈഡ് 4% G – 10 കിലോ / ഏക്കർ എന്ന കീടനാശിനിയും ഉപയോഗിക്കാം. കീടനാശിനി ഉപയോഗത്തിന് മുമ്പ് അടുത്തുള്ള കൃഷിഭവനുമായോ കീടനിരീക്ഷണ കേന്ദ്രവുമായോ ബന്ധപ്പെടണം.