പച്ചക്കറി കൃഷിക്ക് ഗ്രോബാഗ് മാത്രമല്ല, ചാക്കും വാഴത്തടയും
മൂന്ന് സെന്റിലും നാലു സെന്റിലും വീടുവെക്കുന്നവർക്ക് കൃഷി ചെയ്യാൻ സ്ഥലമുണ്ടാകില്ല. മുന്നിൽ ചെറിയൊരു പൂന്തോട്ടം കാണും. ബാക്കി സ്ഥലമെല്ലാം വീടായിരിക്കും. ചുറ്റിലും മണ്ണു കാണില്ല. അവിടെ ഇന്റർലോക് ടൈലുകൾ സ്ഥാനം പിടിച്ചു കാണും.
ഇനി ഗ്രോബാഗിലോ മറ്റോ പച്ചക്കറി കൃഷി തുടങ്ങണമെങ്കിൽ മണ്ണ് വാങ്ങേണ്ടി വരും. ഇങ്ങിനെയാകുമ്പോൾ മണ്ണും വെള്ളവും വളവും മിതമായി ഉപയോഗിക്കേണ്ടി വരും. ഇതിനായി ഗ്രോബാഗ് മാത്രമല്ല വീട്ടിൽ കിട്ടുന്ന പ്ലാസ്റ്റിക് കവറുകളെല്ലാം ഉപയോഗിക്കാം. ചീരവിത്ത് മുളപ്പിച്ച് ചെറിയ തൈ ആകുമ്പോൾ തന്നെ ഇത് ചെറിയ പ്ലാസ്റ്റിക്ക് കവറുകളിലാക്കാം.പാലിന്റെയും എണ്ണയുടെയും ഒഴിഞ്ഞ പായ്ക്കറ്റുകൾ മണ്ണു നിറച്ച് നട്ടാൽ കുറേ കാലം നിലനിൽക്കും.
ഭക്ഷ്യസാധനങ്ങൾ വരുന്ന ഒരു ഭാഗത്ത് അലുമിനിയം ഫോയിലുള്ള കവറുകളും ഭക്ഷണം പാർസലായി വാങ്ങുന്ന അലുമിനിയം ഫോയിൽ പാത്രങ്ങളും പച്ചക്കറി നടാൻ ഉപയോഗിക്കാം. ഒഴിഞ്ഞ പ്ലാസ്റ്റിക്ക് ഭരണികൾ, പെയിന്റിന്റെ പാത്രം എന്നിവയെല്ലാം പച്ചക്കറി പാത്രമാക്കാം. കടലാസ് ചായ കപ്പുകളിൽ മണ്ണ് നിറച്ച് വിത്ത് മുളപ്പിക്കുകയും ചെയ്യാം. ചുവന്ന മണ്ണും കുറച്ച് മണലും ചകിരിച്ചോറും ചാണകപ്പൊടിയും കൂട്ടി കലർത്തി ഈ കവറുകളിൽ നിറയ്ക്കാം.
സിമന്റ് ചാക്കുകൾ രണ്ടായി മുറിച്ച് രണ്ട് ഗ്രോബാഗായി മണ്ണ് നിറച്ച് പച്ചക്കറി നടാമെന്ന് കണ്ണൂർ ജില്ലയിലെ തില്ലങ്കേരിയിൽ ‘ജൈവകം’ എന്ന ഫാം നടത്തുന്ന ജൈവകർഷകനായ ഷിംജിത്ത് തില്ലങ്കേരി പറയുന്നു. സിമന്റ് ചാക്കിൽ മണ്ണ് നിറച്ച് കെട്ടി അമർത്തിവെച്ച് മുകൾ ഭാഗത്ത് ചതുരാകൃതിയിൽ വലിയ ദ്വാരമിട്ടും പച്ചക്കറി നടാം.ഇത്തരത്തിൽ കപ്പ വരെ കൃഷി ചെയ്യാം. ഈ ചാക്കിൽ കുറേ കാലം കൃഷി നടത്താം. ഒരിക്കൽ വിളവെടുത്താൽ ഇതിൽ പച്ചക്കറി മാറ്റി നടാം.
ഷിംജിത്തിന്റെ ഫാമിൽ പാഴ് വസ്തുക്കൾ ഉപയോഗിച്ച് ചല പരീക്ഷണങ്ങളും നടത്തിയിട്ടുണ്ട്. കുല വെട്ടിയ വാഴയുടെ അടിത്തണ്ട് (വാഴത്തട) കിടത്തിവെച്ച് ഇതിൽ ചതുരാകൃതിയിൽ ദ്വാരമിട്ട് മണ്ണ് നിറച്ച് പച്ചക്കറി വളർത്തിയിട്ടുണ്ട്. ഇങ്ങിനെ നട്ടാൽ അധികം നനയ്ക്കേണ്ട ആവശ്യമില്ല. വെള്ളം എപ്പോഴെങ്കിലും മതി. ചെറുതായി നനച്ചാൽ വാഴത്തട കുറേ കാലം ഉണങ്ങാതെ നിൽക്കുകയും ചെയ്യും. പഴയ ജീൻസിൽ മണ്ണ് നിറച്ചും ഫാമിൽ കൃഷി ചെയ്തിട്ടുണ്ട്.