ശാസ്ത്രീയ മാര്‍ഗ്ഗങ്ങളിലൂടെ മഴക്കാലത്ത് പച്ചക്കറി വിളവു കൂട്ടാം

വീണാറാണി. ആർ

 മഴക്കാലം പച്ചക്കറി കൃഷി പിന്നോട്ടടിക്കുന്ന കാലമാണെന്നാണ് പറയാറ്. ശാസ്ത്രീയ മാർഗ്ഗങ്ങൾ അവലംബിച്ചാൽ ഈ സമയത്ത് നല്ല വിളവ് ലഭിക്കും. കമ്പോസ്റ്റും പച്ചിലവളവുമിട്ട് ഉല്പാദനം കൂട്ടാം. മെയ് മാസത്തിൽ തുടങ്ങിയ പച്ചക്കറി കൃഷിക്ക് വേണ്ടത്ര ശുശ്രൂഷ നൽകിയാൽ കീടബാധയും അകറ്റാം. മഴക്കാലത്ത് രോഗ പ്രതിരോധശേഷിയുള്ള പച്ചക്കറി ഇനങ്ങൾ തന്നെ കൃഷി ചെയ്യണം. മഴക്കാല പച്ചക്കറി കൃഷിയിൽ ശ്രദ്ധിക്കേണ്ട പ്രധാന കാര്യമാണ് നടീൽ അകലം. സൂര്യപ്രകാശം പൂർണ്ണമായും ഉപയോഗപ്പെടുത്താൻ ഇടയകലം നിർബന്ധം.

വഴുതിന വർഗ്ഗചെടികൾക്ക്‌ വരികൾ തമ്മിൽ രണ്ടടിയും ചെടികൾ തമ്മിൽ ഒന്നരടിയും അകലം വേണം. വെളളരി വർഗ്ഗവിളകൾക്ക് രണ്ടു മീറ്റർ ഇടയകലം കൊടുക്കണം. മണ്ണിലെ പുളിരസം മഴക്കാല പച്ചക്കറികൾക്ക് രോഗതീവ്രതയ്ക്ക് കാരണമാകും. ഇതിനു പരിഹാരമായി മണ്ണൊരുക്കുമ്പോൾ തന്നെ സെന്റൊന്നിന് രണ്ടരകിലോഗ്രാം കുമ്മായം മണ്ണുമായി ഇളക്കി ചേർക്കണം. ഉണങ്ങിപൊടിഞ്ഞ കോഴികാഷ്ടമോ കമ്പോസ്റ്റോ ജൈവവളമാക്കാം. മഴക്കാലത്ത് ധാരാളമായി ലഭിക്കുന്ന ശീമക്കൊന്നയില രണ്ടാഴ്ചയിലൊരിക്കൽ ചേർത്തു കൊടുക്കാം. ജൈവപച്ചക്കറികൃഷിക്ക് ശീമക്കൊന്നയില അഭിവാജ്യഘടകം കൂടിയാണ്. ട്രൈക്കോഡർമ സമ്പുഷ്ടീകരിച്ച ജൈവവളം ആഴ്ചയിലൊരിക്കൽ രണ്ട് പിടിയെങ്കിലും ചെടിയൊന്നിന് നൽകണം. ഒരു കിലോ പച്ചചാണകം 10 ലിറ്റർ വെളളത്തിൽ കലക്കി ആഴ്ചയിലൊരിക്കൽ ഒഴിച്ചുകൊടുക്കണം. ബയോഗ്യാസ് സ്ലറിയും ഇതേ രീതിയിൽ പ്രയാഗിക്കാം.

കമ്മ്യൂണിസ്റ്റ് പച്ചയോ വേപ്പിലയോ ഉപയോഗിച്ച് പുതയിടുന്നതും ഗോമൂത്രം എട്ട്‌ ഇരട്ടി വെള്ളം ചേർത്ത് നേർപ്പിച്ച് തളിക്കുന്നതും കീടങ്ങളെ അകറ്റും. മഴയില്‍ നേരിയ തോതിൽ രാസവളപ്രയോഗമാകാം. മണ്ണ് പരിശോധനയുടെ അടിസ്ഥാനത്തിൽ വളം നൽകുന്നതാണ് നല്ലത്. നൈട്രജൻ,ഫോസ്ഫറസ്, പൊട്ടാഷ് തുടങ്ങിയ പ്രാഥമിക മൂലകങ്ങൾ മാത്രമല്ല മെഗ്‌നീഷ്യവും സിങ്കും,ബോറോണും നൽകേണ്ടതുണ്ട്. രാസവളം ചേർക്കുന്നെങ്കിൽ സെന്റൊന്നിന് 200 ഗ്രാം വീതം യൂറിയയും പൊട്ടാഷും 400 ഗ്രാം ഫാക്ടംഫോസും അടിവളമായി നൽകണം.

നട്ട് ഒരുമാസം കഴിഞ്ഞ് 200 ഗ്രാം വീതം പ്രാഥമിക വളങ്ങളും, മഗ്നീഷ്യം സൾഫേറ്റും നൽകണം. രണ്ടാം മാസത്തിൽ 200 ഗ്രാം വീതം യൂറിയയും പൊട്ടാഷും മഗ്നീഷ്യം സൾഫേറ്റും കൊടുക്കുന്നത് ഉത്പാദനം കൂട്ടും.  നട്ട് ഒന്നാം മാസത്തിലും രണ്ടാം മാസത്തിലുംഅഞ്ചു ഗ്രാം സിങ്ക് സൾഫേറ്റ് ഒരു ലിറ്റർ വെളളത്തിൽ കലക്കി ഇലകളിൽ തളിക്കണം. രണ്ടു ഗ്രാം ബോറിക്ക് പൗഡർ ഒരു ലിറ്റർ വെളളത്തിൽ കലക്കി രണ്ടാഴ്ചയിലൊരിക്കൽ തളിച്ചു കൊടുക്കുന്നതും ചെടികള്‍ക്ക് ശക്തി പകരും.

Leave a Reply

Your email address will not be published. Required fields are marked *