കേരളത്തിൽ എക്കാലത്തും അയൽ സംസ്ഥാന പച്ചക്കറി മതിയോ

ഡോ. ടി. പി. സേതുമാധവൻ

മലയാളിക്ക്‌ കൃഷി അപ്രാപ്യമാവുകയാണോ? പച്ചക്കറി തെങ്കാശിയിൽ നിന്നു വരുന്നു. ബീഫും, പോർക്കും, ചിക്കനും, മുട്ടയും തമിഴ്‌നാട്, ആന്ധ്ര, തെലുങ്കാന സംസ്ഥാനങ്ങളിൽ നിന്നും. മാത്രമല്ല ആവശ്യമായ പാലിന്റെ 25 ശതമാനം അയൽ സംസ്ഥാനങ്ങളിൽ നിന്നു തന്നെയാണ് വരുന്നത്. കാലിത്തീറ്റ, കോഴിത്തീറ്റ എന്നിവയ്ക്കാവശ്യമായ അസംസ്‌കൃത വസ്തുക്കൾ, കോഴിക്കുഞ്ഞുങ്ങൾ, വൈക്കോൽ എന്നിവയും പുറമെ നിന്ന് തന്നെയെത്തുന്നു. കൂടാതെ ആവശ്യമായ അരി, ധാന്യങ്ങൾ, കോഴിത്തീറ്റ, കാലിത്തീറ്റ എന്നിവയുടെ സംസ്ഥാനത്തെ വർദ്ധിച്ച ആവശ്യകത പരിഗണിച് കമ്മിനികത്തുന്നതും അയൽ സംസ്ഥാനങ്ങളിലൂടെയാണ്. മത്സ്യം തമിഴ്‌നാട്ടിൽ നിന്നും ആന്ധ്ര, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ നിന്നും കൂടുതലായെത്തുന്നു. പാലിന്റെയും കോഴിയിറച്ചിയുടേയും കാര്യത്തിൽ മാത്രമാണ് അല്പം ആശ്വാസത്തിന് വകയുള്ളത്.

സുസ്ഥിര കൃഷി, സുഭിക്ഷ കേരളം, സംസ്ഥാന, കേന്ദ്ര പദ്ധതികൾ, വികേന്ദ്രീകൃതാസൂത്രണം എന്നിവ നടപ്പിലാക്കുമ്പോഴും കേരളത്തിൽ കാർഷികോല്പന്നങ്ങളുടെ ഉല്പാദനവും ആവശ്യകതയും തമ്മിൽ വൻ അന്തരം നിലനിൽക്കുന്നു. ഈ മേഖലയിൽ ഉല്പാദനം, ഗവേഷണം , ടെക്നോളജി കൈമാറ്റം എന്നിവ ലക്ഷ്യമിട്ട് യഥേഷ്ടം സംസ്ഥാന, കേന്ദ്ര വകുപ്പുകൾ, സർവ്വകലാശാലകൾ, ഗവേഷണ കേന്ദ്രങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, കാർഷികോല്പാദക സംഘങ്ങൾ, സഹകരണ സംഘങ്ങൾ, കുടുംബശ്രീ സംരംഭങ്ങൾ മുതലായവ പ്രവർത്തിക്കുന്നു. ആയിരക്കണക്കിനു പ്രൊഫഷണലുകളും ശാസ്ത്രജ്ഞരും ഈ മേഖലയിലുണ്ട്. കർഷകരുടെ ഉല്പന്നങ്ങൾക്ക് ന്യായമായ വില ലഭിക്കുന്നുമില്ല. ഉല്പാദനചിലവിനേക്കാൾ കുറഞ്ഞ വിലയ്ക്ക് ഉല്പന്നം വിറ്റഴിക്കാൻ കർഷകർ നിർബന്ധിതരാകുന്നു.

കോവിടാനന്തരം ഭക്ഷ്യക്ഷാമം വരാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് മനസ്സിലാക്കി മരച്ചീനി കൃഷി ചെയ്ത അട്ടപ്പാടിയിലെ കർഷകന് ലഭിച്ചത് കിലോയ്ക് 2 രൂപ 50 പൈസ ! മൂല്യവർദ്ധവിനുള്ള പരിമിതി മൂലം കുറഞ്ഞ വിലയ്ക്ക് വിൽക്കേണ്ടി വരുന്നു. എല്ലാ ഉത്പന്നങ്ങളുടെയും സ്ഥിതി ഇതു തന്നെ. എല്ലായ്‌പ്പോഴും കാലാവസ്ഥയെ കുറ്റം പറയുന്നതിൽ വസ്തുതയില്ല. കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കുന്ന വിത്തിനങ്ങളും നടീൽ വസ്തുക്കളും പരിചരണ, രോഗനിയന്ത്രണ രീതികളും നമുക്കാവശ്യമാണ്. ആസ്‌ട്രേലിയ, നെതർലൻഡ്‌സ്‌ പോലുള്ള രാജ്യങ്ങൾ ഏറെ മുന്നിലാണ്. വരൾച്ചയെയും, വെള്ളപ്പൊക്കത്തെയും അമിതമായ അളവിലുള്ള ഉപ്പുവെള്ളം എന്നിവയെ അതിജീവിച്ചുള്ള കൃഷിരീതികളും വിത്തിനങ്ങളും അവിടെയുണ്ട്. നെതെർലാൻഡ്‌സിനു കേരളത്തെ അപേക്ഷിച്ചു 3500 ചതുരശ്ര കിലോമീറ്റർ വിസ്തീർണം മാത്രമെ കൂടുതലുള്ളൂ. യൂറോപ്പിലേക്കാവശ്യമായ മുഴുവൻ പച്ചക്കറി, ഫലവർഗ്ഗങ്ങൾ എന്നിവ നെതെർലാൻഡ്‌സിലാണ് ഉല്പാദിപ്പിക്കുന്നത്.

കേരളം ഇനിയെങ്കിലും വസ്തുത മനസ്സിലാക്കി കാർഷിക മേഖലയിൽ ഉല്പാദനം, ഉല്പാദനക്ഷമത, ആവശ്യകത, വില, വിപണി എന്നിവയ്ക്ക് ഊന്നൽ നൽകിയുള്ള മിഷൻ മോഡിലുളള പദ്ധതി ആവിഷ്‌കരിച്ചു നടപ്പിലാക്കണം. ഉല്പാദനം, ഉല്പാദനച്ചെലവ് എന്നിവയെക്കുറിച്ചുള്ള വസ്തുനിഷ്ഠമായ കണക്ക് ആവശ്യമാണ്. ഉല്പന്ന സംസ്കരണരംഗത്ത് ഏറെ മുന്നേറണം. കാർഷികമേഖലയിൽ സംരംഭകത്വം വിപുലപ്പെടുമ്പോൾ കാർഷിക മേഖലയിൽ വിപണി, കാലാവസ്ഥാമാറ്റം, സംസ്കരണം, സുസ്ഥിര വില എന്നിവയ്ക്കാണ് പ്രാധാന്യം നൽകേണ്ടത്.

അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള ഉല്പന്നങ്ങളുടെ വരവ് ഉപഭോക്താക്കളുടെ ആരോഗ്യത്തെ ഹാനികരമായി ബാധിക്കുന്നു. കഴിഞ്ഞ പത്ത് വർഷ കാലയളവിൽ കേരളത്തിൽ കാൻസർ രോഗികളുടെ എണ്ണത്തിലുള്ള വർദ്ധനവ് മൂന്നിരട്ടിയോളമാണ്. രാജ്യത്തെ മൊത്തം മരുന്ന് ഉപഭോഗത്തിൽ 20 ശതമാനം കേരളത്തിൽനിന്നാണ്. എന്നാൽ കേരളം ഇന്ത്യയുടെ 1.1 ശതമാനം മാത്രം ഭൂവിസ്തൃതിയുള്ള സംസ്ഥാനമാണ് ജനസംഖ്യ മൂന്നരക്കോടി മാത്രം. കാർഷികമേഖലയിൽ നമുക്കാവശ്യം പബ്ലിസിറ്റി കൃഷിയല്ല, കർഷരെയും സംരംഭകരെയും  ഉല്പാദകരെയും ലക്ഷ്യമിട്ട സുസ്ഥിര പദ്ധതികളാണ്. കർഷകർക്കും  സംരംഭകർക്കും ലളിതമായ നടപടിക്രമങ്ങളും ഉറപ്പുവരുത്തേണ്ടതുണ്ട് .

(ബംഗളൂരു ട്രാൻസ്‌ ഡിസ്‌സിപ്ലിനറി യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് ആൻ്റ് ടെക്നോളജിയിലെ പ്രൊഫസറാണ് ലേഖകന്‍ .ഫോൺ : 9846108992 )

ഫോട്ടോ : എസ്. ജയകുമാർ

Leave a Reply

Your email address will not be published. Required fields are marked *