ഏഴ് ഏക്കറിൽ പച്ചക്കറി കൃഷിയുമായി പട്ടേരിച്ചാൽ
കണ്ണെത്താ ദൂരത്തോളം ചീര കൃഷി. പയറും കക്കിരിയും മറ്റ് പച്ചക്കറികളും വേറെ. ജൈവ പച്ചക്കറിയുടെ ലോകം കാണണമെങ്കിൽ വരൂ, കണ്ണൂർ ചെറുതാഴത്തെ പട്ടേരിച്ചാലിലേക്ക് . പത്തു വർഷമായി ജൈവപച്ചക്കറി കൃഷിയിൽ മികച്ച വിളവ് നേടി മുന്നേറുകയാണ് പട്ടേരിച്ചാലിലെ കർഷക കൂട്ടായ്മ. പ്രതിവർഷം ശരാശരി 15 ടൺ പച്ചക്കറിയാണ് ഇവിടെ ഉൽപ്പാദിപ്പിക്കുന്നത്.
അമ്പത് അംഗ സംഘം അഞ്ചുപേരടങ്ങുന്ന ഗ്രൂപ്പുകളായി തിരിഞ്ഞാണ് ഏഴേക്കറിൽ കൃഷി ചെയ്യുന്നത്. ഒരേക്കറിൽ ചീരയും ബാക്കിയിടങ്ങളിൽ വെണ്ട, കക്കിരി, പയർ, വെള്ളരി, കുമ്പളം തുടങ്ങിയ പച്ചക്കറികളുമാണ് ഉള്ളത്. എല്ലാ സീസണിലും കൃഷിയിറക്കാറുണ്ട്. പിണറായിയിൽ നടന്ന കൃഷിദർശൻ പരിപാടിയിൽ മികച്ച കർഷക കൂട്ടത്തിനുള്ള പുരസ്കാരം ലഭിച്ചിരുന്നു.
വിളവെടുക്കുന്ന പച്ചക്കറികൾ കൃഷിഭവന്റെ ഇക്കോ ഷോപ്പുകളിലും പ്രദേശത്തെ കടകളിലും പുറച്ചേരി കേശവതീരം ആയുർവേദ ആശുപത്രിയിലേക്കുമാണ് നൽകുന്നത്. കൃഷിയിടങ്ങളിൽ നേരിട്ടെത്തി വാങ്ങുന്നവരാണ് കൂടുതലും. കോഴി വളവും ചാണകവളവുമാണ് പ്രധാനമായും ഉപയോഗിക്കുന്നത്. മണ്ണിനാവശ്യമായ മൂലകങ്ങളും ചേർത്ത് കൊടുക്കും. നാടൻ രീതിയിലുള്ള കൂവലുകളിൽ നിന്നാണ് വിളകൾക്ക് നനക്കുന്നത്.
ജലസേചനത്തിന് അൽപ്പം ബുദ്ധിമുട്ട് നേരിടുന്നതിനാൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാനുള്ള ശ്രമത്തിലാണ് പഞ്ചായത്ത്.തരിശ് പ്രദേശത്തെ കൃഷിക്കായി ഹെക്ടറിന് 40000 രൂപ നിരക്കിൽ കൃഷി വകുപ്പ് സബ്സിഡി നൽകിയിരുന്നു. കൃഷി വകുപ്പ് ഉദ്യോഗസ്ഥർ സന്ദർശിച്ച് രോഗ കീടബാധകൾ നിയന്ത്രിക്കാനും വിളപരിചരണത്തിനും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നുണ്ട്.