വട്ടവട ബ്രാൻഡിൽ സ്ട്രോബെറി ഉല്പന്നങ്ങൾ നിർമ്മിക്കും -മന്ത്രി പി.പ്രസാദ്

ഇടുക്കിയിലെ വട്ടവടയിൽ വിളയുന്ന സ്ട്രോബെറി അവിടെത്തന്നെ സംഭരണവും സംസ്കരണവും നടത്തി വട്ടവട ബ്രാൻഡിൽ മൂല്യവർദ്ധിത ഉല്പന്നങ്ങൾ നിർമ്മിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് കൃഷിമന്ത്രി പി. പ്രസാദ് അറിയിച്ചു. ഇവിടത്തെ ഫാം റോഡുകൾ നവീകരിക്കുന്നതിന് ഈ മാസം തന്നെ നടപടികൾ സ്വീകരിക്കുമെന്നും

മന്ത്രി അറിയിച്ചു. കഴിഞ്ഞ ദിവസം വട്ടവട സന്ദർശിച്ച് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയ ശേഷമാണ് മന്ത്രി ഈ കാര്യം അറിയിച്ചത്.

കേരളത്തിൽ ശൈത്യകാല പച്ചക്കറി കൃഷി ഏറ്റവും കൂടുതലുള്ളത് വട്ടവടയിലും കാന്തല്ലൂരിലുമാണ്. എന്നാൽ ഇവിടങ്ങളിലെ കർഷകർ നേരിടുന്ന പ്രതിസന്ധികൾ ഏറെയാണ്. വട്ടവടയിലെ കർഷകർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ കുറിച്ച് വിശദമായ റിപ്പോർട്ട് നൽകുന്നതിന് ജില്ലാ കൃഷി ഓഫീസർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് പ്രത്യേക പരിഗണന നൽകി പദ്ധതികൾ തയ്യാറാക്കുമെന്നും മന്ത്രി അറിയിച്ചു.

വട്ടവടയിൽ വ്യാപകമായുള്ള യൂക്കാലിപ്റ്റസ് മരങ്ങൾ പിഴുതുമാറ്റുന്നതിന് കഴിഞ്ഞ സർക്കാർ തീരുമാനിച്ചിരുന്നു. അതിനായുള്ള തുടർ നടപടികൾ സ്വീകരിക്കും. ഇടനിലക്കാരുടെ ചൂഷണത്തിൽ നിന്നും ഇവിടത്തെ കർഷകരെ സംരക്ഷിക്കുന്നതിന്

സാധ്യമായ എല്ലാ സഹായങ്ങളും നൽകും. ഭൂമിയ്ക്ക് പട്ടയമില്ലാത്തത് കൊണ്ട് കാർഷികവായ്പ ലഭിക്കാത്ത സാഹചര്യം കണക്കിലെടുത്ത് ബാങ്കുകളുമായി ചർച്ച നടത്തും. വട്ടവട ഗ്രാമ പഞ്ചായത്തിൽ നടന്ന അവലോകന യോഗത്തിൽ ദേവികുളം എം.എൽ.എ എ. രാജ, ഹോർട്ടികോർപ്പ് ചെയർമാൻ അഡ്വ. എസ്. വേണുഗോപാൽ, പഞ്ചായത്ത് പ്രസിഡന്റ് ഗണപതിയമ്മാൾ, വൈസ് പ്രസിഡന്റ് വേലായുധൻ, സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമൻ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ കർഷക പ്രതിനിധികൾ, കൃഷി വകുപ്പ് അഡീഷണൽ ഡയറക്ടർമാർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *