വെള്ളമുണ്ടയില്‍ ജൈവ മഞ്ഞൾ കൃഷി വിളവെടുപ്പ് നടത്തി

വയനാടൻ ജൈവ മഞ്ഞൾ കൃഷി പദ്ധതിയായ ‘മഞ്ച’യിൽ വിളവെടുപ്പ് നടത്തി. വെള്ളമുണ്ട നാഷണൽ ആയുഷ് മിഷന്റെ മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്‌ കീഴിലുള്ള ആയുഷ് ഗ്രാമവും വെള്ളമുണ്ട  ഗ്രാമ പഞ്ചായത്തും ഭാരതീയ ചികിത്സാ വകുപ്പും ആദിവാസി ശാക്തീകരണവും ഔഷധ സസ്യ കൃഷി പ്രോത്സഹനവും മുന്നിൽ കണ്ടു കൊണ്ട് ഗോത്രാ ജനതയ്ക്കായി നടപ്പിലാക്കുന്ന  മഞ്ഞൾ കൃഷി പദ്ധതിയാണ് മഞ്ച.

വെള്ളമുണ്ട പഞ്ചായത്തിലെ മുണ്ടക്കൽ കോളനിയിൽ അവരുടെ തന്നെ സ്ഥലത്താണ് കൃഷി നടത്തിയത്. പദ്ധതിയുമായി സഹകരിക്കാൻ തയ്യാറായ പത്ത് ഗുണഭോക്തക്കളുടെ ക്ലസ്റ്റർ രൂപികരിച്ചാണ് പ്രവർത്തനങ്ങൾ നടത്തിയത്. മഞ്ചയുടെ വിത്തു നടീൽ ഉദ്ഘാടനം 2022 മെയ്യ് മാസം ഉദ്ഘാടനം നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായി വിളവെടുപ്പ് ഉത്സവം പ്രശസ്ത കർഷകനും പത്മശ്രീ പുരസ്ക്കാര ജേതാവുമായ ചെറുവയൽ രാമൻ മുണ്ടക്കൽ കോളനിയിൽ നടന്ന ചടങ്ങിൽ നിർവ്വഹിച്ചു.

ആദ്യ വിൽപന ഉദ്ഘാടനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി നിർവ്വഹിച്ചു. ചടങ്ങിൽ വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹി ച്ചു.വാർഡ് മെമ്പർ അബ്ദുള്ള കണിയാങ്കണ്ടി സ്വാഗതം പറഞ്ഞു. ഭാരതീയ ചികിത്സാവകുപ്പ് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.പ്രീത. എ മുഖ്യപ്രഭാഷണം നടത്തി നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അനീന ജിതേന്ദ്ര പദ്ധതി വിശദീകരിച്ചു.

ഇത്തരത്തിൽ ഇവിടെ കൃഷി നടത്തിയ പത്ത് ഗുണഭോക്തക്കൾക്കും വിളവെടുപ്പോടുകൂടി അവരുടെ ഉല്പന്നത്തിനു ന്യായമായ വില ഉറപ്പാക്കാൻ കഴിഞ്ഞു. നിലവിൽ ഔഷധ സസ്യ കൃഷിയിലെ പ്രധാന വെല്ലുവിളിയായ വിപണി സംബന്ധമായ പ്രശ്നങ്ങൾ ഈ പദ്ധതിയിൽ അതിജീവിക്കാൻ കഴിഞ്ഞു എന്നത് പദ്ധതിയുടെ വിജയമാണ്.

Leave a Reply

Your email address will not be published. Required fields are marked *