തോടിനെ കയർ ഭൂവസ്ത്രമണിയിച്ച് പോർക്കുളം പഞ്ചായത്ത്
തോട് സംരക്ഷണത്തിനും സമീപ പ്രദേശങ്ങളിലെ മണ്ണൊലിപ്പ് തടയുന്നതിനും കയർ ഭൂവസ്ത്രമൊരുക്കി തൃശ്ശൂർ പോർക്കുളം ഗ്രാമപഞ്ചായത്ത്. കാഞ്ഞിരപ്പാടം മുതൽ പാറേമ്പാടം വരെയുള്ള നെൽപാടങ്ങളിലെ തോട് പുനരുദ്ധരിച്ച് കയർ ഭൂവസ്ത്രം വിരിച്ച് സംരക്ഷണം നൽകി.
നെൽകൃഷി ചെയ്യുന്ന പോർക്കുളം ഗ്രാമപഞ്ചായത്തിലെ പ്രധാനപ്പെട്ട സ്ഥലങ്ങളാണ് കാഞ്ഞിരപ്പാടം, പാറേമ്പാടം പ്രദേശങ്ങൾ. മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ 2023 – 24 ലെ ആക് ഷൻ പ്ലാനിൽ ഉൾപ്പെടുത്തിയാണ് പദ്ധതി പ്രാവർത്തികമാക്കിയത്. കയർ ഭൂവസ്ത്രവും തൊഴിലുറപ്പ് തൊഴിലാളികൾക്കുള്ള വേതനവുമടക്കം 4.26 ലക്ഷം രൂപയാണ് പദ്ധതിക്ക് വിനിയോഗിച്ചത്.
പദ്ധതി വഴി തൊഴിലുറപ്പ് തൊഴിലാളികൾക്ക് 930 പ്രവൃത്തി ദിനങ്ങൾ നൽകാനും കഴിഞ്ഞു. വാർഡ് നാലിൽ നടപ്പാക്കുന്ന കാഞ്ഞിരപ്പാടം തോട് പുനരുദ്ധാരണവും സംരക്ഷണവും എന്ന പ്രവൃത്തിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കിയത്.